
അരൂർ വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വേമ്പനാട്ടു കായലിൽ തിങ്കളാഴ്ച വള്ളംമറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം അരൂർ കോട്ടപ്പുറത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് വേലംകുന്നത്ത് (കൊറ്റപ്പള്ളി നികർത്തി സുമേഷി (കണ്ണൻ-42) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ ഏഴോടെ വേമ്പനാട് കായലിൻ്റെ അരൂർ കോട്ടപ്പുറം കടവിനു സമീപം താമസിക്കുന്ന കോട്ടപ്പുറം തങ്കപ്പനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് സമീപവാസികളും പഞ്ചായത്തംഗം എം.എൻ. സിമിലും ചേർന്ന് വിവരം അരൂർ പോലീസിൽ അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച്‌ച ഉച്ചയ്ക്ക് 1.50-നായിരുന്നു അപകടം. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്തിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ പാണാവള്ളിയിലേക്ക് മടങ്ങുംവഴിയാണ് 23 പേർ സഞ്ചരിച്ചിരുന്ന വള്ളം തിരയിൽപെട്ട് മറിഞ്ഞത്. ഇതിൽ സുമേഷ് ഒഴികെ മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. കാണാതായ സുമേഷിനുവേണ്ടി അന്നുമുതൽ അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം അംഗങ്ങളും ചൊവ്വാഴ്ച്‌ച ആലപ്പുഴയിൽനിന്ന് 30 അംഗ എൻഡിആർഎഫ് സംഘവും അഞ്ച് കിലോമീറ്റർ പരിധിയിൽ പരിശോധന നടത്തിയിരുന്നു. ബുധനാഴ്‌ച വീണ്ടും തിരച്ചിൽ പുനരാരംഭിക്കാനിരിക്കേയാണ് മൃതദേഹം കോട്ടപ്പുറത്ത് പൊങ്ങിയത്.
അപകടം നടന്നയിടത്തുനിന്ന് ഏകദേശം പത്തുകിലോമീറ്ററിലധികം ദൂരമുണ്ട് കോട്ടപ്പുറത്തേക്ക്. കായലിലെ ശക്തമായ ഒഴുക്കാണ് ഇത്രയും അകലെ മൃതദേഹം പൊങ്ങാൻ കാരണമെന്നാണ് നിഗമനം. അനൂർ പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
വൈകീട്ട് മൂന്നോടെ പാണാവള്ളിയിലെ വീട്ടിൽ മൃതദേഹം സംസ്‌കരിച്ചു. അച്ഛൻ: കരുണാകരൻ. അമ്മ: ശുഭലത, ഭാര്യ: ഷീബ. മക്കൾ: അമൽ കൃഷ്‌ണ, അതുൽ കൃഷ്ണ.
കാത്തിരിപ്പും പ്രാർഥനകളും വിഫലമായി; വേലംകുന്നത്ത് വീട്ടിലേക്കെത്തിയത് സുമേഷിൻ്റെ ചേതനയറ്റ ശരീരം
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് എട്ട്, ഒൻപത് വാർഡുകൾ ഉൾക്കൊള്ളുന്ന ഊടുപുഴ-അഞ്ചുതുരുത്ത് മേഖലയിലെ ജനങ്ങൾ കഴിഞ്ഞ മൂന്നുദിവസങ്ങളായി പ്രാർഥനകളിലും കാത്തിരിപ്പിലുമായിരുന്നു. കണ്ണൻ എന്നുവിളിക്കുന്ന സുമേഷ് (42) തിരിച്ചെത്തുന്നതും കാത്താണ് അവർ കഴിഞ്ഞത്.
വൈക്കം ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്നിലെ മരണവീട്ടിലേക്കു പോയപ്പോൾ കണ്ണൻ 23 പേർക്കൊപ്പം വള്ളത്തിൽ ഉണ്ടായിരുന്നതാണ്. തിരികെ പാണാവള്ളിയിൽ എത്തിയത് 22 പേർ മാത്രം. തിരിച്ചുള്ള യാത്രയ്ക്കിടെ മുറിഞ്ഞപുഴ ഭാഗത്ത് വള്ളം മറിഞ്ഞപ്പോൾ 22 പേരെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും സുമേഷിനെ മാത്രം രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
മുറിഞ്ഞപുഴ ഭാഗത്തുവെച്ച് വള്ളംമുങ്ങിയ സമയത്ത് കണ്ണൻ നീന്തിപ്പോകുന്നത് പലരും കണ്ടതാണ്. എവിടെയെങ്കിലും നീന്തിക്കയറിക്കാണുമെന്ന അവസാന പ്രതീക്ഷ, അരൂർ ഭാഗത്ത് കായലിൽനിന്ന് കണ്ണൻ്റെ മൃതദേഹം കണ്ടെടുത്തുവെന്ന യാഥാർഥ്യം അറിഞ്ഞതോടെ ഇല്ലാതാകുകയായിരുന്നു. അമുക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ പോസ്റ്റ് മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സുമേഷിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ദലീമ എംഎൽഎ, മുൻ എംപി എഎം ആരിഫ്, കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്‌മാൻ, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group