
കോയിപ്രം: നെല്ലിക്കൽ പുഞ്ചപ്പാടത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ ദേവ് ശങ്കറിൻ്റെ (ദേവൻ-33) മൃതദേഹം കണ്ടെടുത്തു. ഞായറാഴ് വൈകീട്ട് 5.45-നാണ് അപകടം ഉണ്ടായത്.
അപകടം നടന്ന ഉടനെ, മാരിപ്പറമ്പിൽ മിഥുൻ (26), കിടങ്ങന്നൂർ ചാങ്ങച്ചേത്ത് മുകളിൽ രാഹുൽ സി. നാരായണൻ (27) എന്നിവരെ നാട്ടുകാർ മാലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറേകാലോടുകൂടി കോയിപ്രം പോലീസും സ്‌കൂബ ഡൈവിങ് സംഘം ഉൾപ്പെടെയുള്ള അഗ്നിരക്ഷാസേനയും രാത്രി ഒമ്പതുമണിവരെ തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്‌ച രാവിലെ ആറരയോടെ സംഘം വീണ്ടും തിരച്ചിൽ തുടങ്ങി.
പുഞ്ചയിലെ വെള്ളം രണ്ടടി കുറഞ്ഞെങ്കിലും തിരച്ചിൽ ദുഷ്‌കരമായിരുന്നു. പത്തുമണികഴിഞ്ഞ് സ്‌കൂബ സംഘത്തിനൊപ്പം നാട്ടുകാരും തിരച്ചിലിനെത്തി.മരിച്ച മിഥുൻ്റെയും, രാഹുലിൻ്റെയും മൃതദേഹങ്ങൾ മാന്ത്രി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്‌ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്‌തു. മിഥുനും രാഹുലും സുഹൃത്തുക്കളാണ്. ഒന്നിച്ചാണ് സിസിടിവി ജോലിചെയ്തിരുന്നത്.
അവധിദിവസങ്ങളിൽ രാഹുൽ മിഥുൻ്റെ വീട്ടിൽ എത്താറുണ്ടായിരുന്നു. മിഥുനും ദേവനും ബന്ധുക്കളാണ്. മാരുപറമ്പിൽ മണിയുടേയും ജയശ്രീയുടേയും മകനാണ് മിഥുൻ മാരുപറമ്പിൽ രാഘവനാചാരിയുടെയും രാധാമണിയുടെയും മകൾ രജനിയുടെ ഭർത്താവാണ് ദേവൻ, തിരുവല്ല വെൺപാല സ്വദേശിയാണ്. ഇപ്പോൾ ഭാര്യയുടെ വീടിന് സമീപം അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുകയും കട നടത്തുകയും ആയിരുന്നു. മക്കൾ: ദേവനന്ദ, രുദ്രനന്ദ
"സുരേഷ് ഉണ്ടായിരുന്നെങ്കിൽ..."
നെല്ലിക്കൽ : "സുരേഷ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു." പുഞ്ചപ്പാടം കടവിന്റെ സമീപം താമസിക്കുന്നവർക്കെല്ലാം ഇക്കാര്യത്തിൽ ഏകാഭിപ്രായമാണ്. തൈക്കൂട്ടത്തിൽ ടി.ടി. സുരേഷിൻ്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളത്തിലാണ് മൂന്നുപേരും മീൻ പിടിക്കാനായി പോയത്. ഇതാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ് വൈകീട്ട് സുരേഷ് സ്ഥലത്തില്ലായിരുന്നു. മീൻ പിടിക്കാനുള്ള വലയും തുഴയാനുള്ള നയമ്പും സാധാരണ വള്ളത്തിൽ തന്നെയാണ് സൂക്ഷിക്കാറുള്ളത്.
വീഡിയോകോൾ, പിന്നാലെ അപകടം
അഞ്ചരയോടുകൂടിയാണ് മൂവരും സുരേഷിൻ്റെ വള്ളവും എടുത്ത് മീൻപിടിക്കാൻ പോയത്. പോയവഴി മിഥുൻ കൂട്ടുകാരെ വീഡിയോകോളും ചെയ്തിരുന്നു. മൂവരും വള്ളത്തിൽ സഞ്ചരിക്കുന്നതും പുഞ്ചപ്പാടവും കൂട്ടുകാർക്ക് വീഡിയോയിൽ കാട്ടിക്കൊടുക്കുകയുംചെയ്തു. മിനിലോറി ഓടിക്കുന്ന സുരേഷ് സാധാരണ ജോലികഴിഞ്ഞ് വന്നിട്ടാണ് വള്ളവും വലയുമായി മീൻപിടിക്കുവാൻ പോകുന്നത്, വള്ളം അപകടത്തിൽപ്പെട്ടെന്ന് വിവരം അറിഞ്ഞ സുരേഷ് ആറന്മുളയിൽനിന്നും പാഞ്ഞെത്തുകയായിരുന്നു. ഞായറാഴ്ചരാത്രിയിലും തിങ്കളാഴ്‌ച ഉച്ചവരെയും സുരേഷ് ബാ സംഘത്തോടൊപ്പം തിരച്ചിലിൽ പങ്കെടുത്തിരുന്നു.
തിരച്ചിലിന് പഞ്ചായത്ത് വള്ളവും
തിങ്കളാഴ്ച്‌ച പത്തരയോടെ കോയിപ്രം പഞ്ചായത്ത് വള്ളവും തിരച്ചിലിൽ പങ്കെടുത്തു. ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് വെള്ളപ്പൊക്ക സമയത്ത് ഉപയോഗിക്കാൻ വാങ്ങിയ വള്ളമാണിത്. രാവിലെ മുതൽ തുടങ്ങിയ തിരച്ചിലിന് കോയിപ്രം എസ്എച്ച്ഒ പി.എം. ലിബി, എസ്‌ഐ ആർ. രാജീവ്, തിരുവല്ല അഗ്നിരക്ഷാസേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സേനാംഗങ്ങളായ കെ.കെ. ശ്രീനിവാസ്, കെ.കെ. ഷിജു, ശ്രീദാസ് എന്നിവരും ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഓമനക്കുട്ടൻനായർ, പി. ഉണ്ണികൃഷ്ണൻനായർ, അനിലകുമാരി, എൻ.സി. രാജേന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.കരച്ചിൽകേട്ട് ഓടിയെത്തി; കണ്ടത് ജീവനുവേണ്ടി പൊരുതുന്നവരെ
നെല്ലിക്കൽ : ഞായറാഴ്ച്‌ച അഞ്ചേമുക്കാലോടുകൂടി വലിയൊരു കരച്ചിൽകേട്ടാണ് തൈക്കൂട്ടത്തിൽ കോമളം മോഹനൻ വീടിനു വെളിയിൽ ഇറങ്ങി നോക്കിയത്. പുഞ്ചപ്പാടത്തിനു സമീപം കരയിൽ നിന്നിരുന്ന തൈക്കൂട്ടത്തിൽ അനിലാണ് ഉറക്കെ വിളിച്ചുപറഞ്ഞത് "വള്ളം മറിഞ്ഞു ആൾക്കാരെ രക്ഷിക്കണമെന്ന്'. ഇത് കേട്ടതോടെ കോമളവും മകൾ ആതിര മോഹനനും കരഞ്ഞുകൊണ്ട് കടവിലേക്ക് ഓടി. 100 മീറ്ററോളം ദൂരത്തിൽ വള്ളം മറിഞ്ഞുകിടക്കുന്നതും രണ്ടുപേർ കരയിലേക്ക് നീന്തുന്നതുമാണ് ഇവർ കണ്ടത്. ബഹളംവച്ചതോടെ സമീപവാസികളും ഓടിക്കൂടി. ഓടിവന്നവർക്ക് വള്ളം മറിഞ്ഞു എന്ന് മാത്രമാണ് മനസ്സിലായത്, അതിൽ എത്ര പേരുണ്ടെന്നാ ആരൊക്കെയാണെന്നോ അറിയില്ലായിരുന്നു. നിമിഷനേരം കൊണ്ട് നീന്തിവന്ന രണ്ടുപേരും വെള്ളത്തിൽ താഴുന്നതാണ് കണ്ടതെന്ന് കോമളം പറഞ്ഞു. കരയിൽനിന്ന് അവരെല്ലാം ഇവരോട് നീന്തിവരാൻ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.
രണ്ടുപേരും മുങ്ങിത്താഴുവാണെന്ന് മനസ്സിലാക്കിയ അനിലാണ് വെള്ളത്തിലേക്ക് എടുത്തുചാടി അവർക്ക് അരികിലേക്ക് നീന്തിയെത്തിയത്. രണ്ടുപേരുടെയും മുടിക്ക് പിടിച്ച് കരയിലേക്ക് നീന്തി. പക്ഷേ പുല്ല് വളർന്നുനിൽക്കുന്നിടത്തുകൂടി നീന്തുവാൻ പ്രയാസപ്പെടുന്നതുകണ്ട് കരയിൽ നിന്നവർ കയർ എറിഞ്ഞുകൊടുത്തു. ഇതിൽ പിടിച്ചുവലിച്ചാണ് മൂവരെയും കരയ്ക്ക് എത്തിച്ചത്. അവശനിലയിലായ രണ്ടുപേർക്കും ആതിര മോഹനാണ് സിപിആർ നൽകിയത്. സിപിആർ നൽകിയപ്പോൾ ഒരാൾ കണ്ണുതുറന്നതായി ആതിര പറഞ്ഞു. പെട്ടെന്ന് തന്നെ കിട്ടിയ വാഹനത്തിൽ രണ്ടുപേരെയും മാലക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് തന്നെ രണ്ടുപേരും മരണത്തിന് കീഴടങ്ങി. സമീപത്ത് താമസിക്കുന്ന ഒരാൾകൂടി വള്ളത്തിൽ ഉണ്ടായിരുന്നെന്ന അഭ്യൂഹത്തെ തുടർന്ന് പരിശോധന നടത്തിയെങ്കിലും അടുത്ത ജങ്ഷനിൽനിന്ന് ആളിനെ കണ്ടുകിട്ടി. ദേവൻ വള്ളത്തിൽനിന്ന് വീണപ്പോൾ തന്നെ ചേറിൽ ഉറച്ചുപോയതാകാം നീന്താൻ പറ്റാത്തതിൻ്റെ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
നാടിന് നോവായി മൂന്ന് സുഹൃത്തുക്കളുടെ മരണം
നെല്ലിക്കലിൽ രണ്ടുനാൾ കരച്ചിലുയർന്നു. ഉറ്റസുഹൃത്തുക്കളുടെ അപ്രതീക്ഷിത വേർപാട് നാടിന് തീരാനോവായി, പുഞ്ചപ്പാടത്ത് മീൻ പിടിക്കുന്നതിനിടെയാണ് വള്ളം മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടത്. കൃഷി ഇല്ലാത്ത പാടമാണ് തൃക്കണ്ണാപുരം പുഞ്ച. 20 വർഷം മുമ്പുവരെ ഇവിടെ സ്ഥിരമായി നെൽകൃഷി ചെയ്‌തിരുന്നു. അവസാനമായി രണ്ടുവർഷം മുമ്പാണ് നെൽകൃഷി ചെയ്‌തത്. പാടത്തെ വെള്ളം ഇറങ്ങുന്ന നവംബറിലാണ് സാധാരണ കൃഷി. ബാക്കി സമയങ്ങളിലെല്ലാം പുഞ്ചയിൽ വെള്ളം നിറഞ്ഞുകിടക്കും, വിത്തുപാകി 90 ദിവസത്തിനുള്ളിൽ കൊയ്തെടുക്കാവുന്ന ഇനം നെല്ലുകൾ മാത്രമാണ് ഇവിടെ കൃഷിചെയ്യാറുള്ളത്
കാലവർഷം തുടങ്ങിയതോടെ പമ്പാനദിയിൽനിന്നും പുഞ്ചയിലേക്ക് വെള്ളം എത്തി. നെൽകൃഷി ഇല്ലാത്തപ്പോൾ ഇവിടെ താറാവ് കൃഷിയാണ്, ഏക്കർ കണക്കിന് പരന്നുകിടക്കുന്ന പുഞ്ചയിൽ ഒന്നരയാൾ പൊക്കത്തിൽ വെള്ളം കാണും. നെല്ലിക്കൽ കരയോട് അടുപ്പിച്ച് പുഞ്ചയിൽ ഒന്നര മീറ്ററോളം പൊക്കത്തിൽ നിറയെ പുല്ലു വളർന്നുനിൽക്കുകയാണ്. വള്ളം മറിഞ്ഞപ്പോൾ യുവാക്കൾ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുഞ്ചയിലെ ചേറും ചെളിയും പുല്ലും കാരണം കഴിഞ്ഞില്ല. സമീപത്ത് താമസിക്കുന്ന മിക്ക ആളുകൾക്കും നീന്തൽ അറിയാവുന്നതാണ്. സമീപവാസികൾമാത്രമാണ് ചെറുവള്ളങ്ങളിൽ പുഞ്ചയിൽ മീൻപിടിക്കാൻ പോകാറുള്ളത്. പമ്പയാറ്റിൽനിന്നും വെള്ളപ്പൊക്കത്തിൽ കയറിവരുന്ന മീനുകളെയാണ് ഇവർ പിടിക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group