
നെടുമങ്ങാട്: ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ ബൈക്കിന്റെ മുകളിലേക്കു പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കന്പിയിലേക്കു ചാഞ്ഞുനിന്നിരുന്ന റബ്ബർമരം ഒടിഞ്ഞുവീണതാണ് അപകടത്തിനു കാരണം.
പനയമുട്ടം പാമ്പാടി അജയവിലാസത്തിൽ സുരേഷ് കുമാർ-ശാലിനി ദമ്പതിമാരുടെ മകൻ അക്ഷയ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരുമായ അമൽനാഥ് (20), വിനോദ്(20) എന്നിവരാണ് രക്ഷപ്പെട്ടത്. നെടുമങ്ങാട് പനയമുട്ടത്ത് ശനിയാഴ്‌ച രാത്രി ഒരുമണിക്കായിരുന്നു സംഭവം. പിരപ്പൻകോടുള്ള കാറ്ററിങ് കമ്പനിയിലെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്കു മടങ്ങവേ പനയമുട്ടം പാമ്പാടി മുസ്‌ലിം മദ്രസയുടെ മുന്നിൽവെച്ചാണ് അപകടം. റബ്ബർമരം ഒടിഞ്ഞുവീണ് കാലഹരണപ്പെട്ട തൂൺ താഴേക്കു പതിക്കുകയായിരുന്നു.
ഈ സമയം ബൈക്കിൽ വരുകയായിരുന്ന ഇവരുടെ മുകളിലേക്കാണ് വൈദ്യുതക്കമ്പി പൊട്ടിവീണത്, ബൈക്ക് ഓടിച്ചിരുന്ന അക്ഷയുടെ കൈകളിലും ബൈക്കിലുമായി കമ്പികൾ ചുറ്റി. പിന്നിലിരുന്ന അമൽനാഥും വിനോദും ഷോക്കേറ്റ് ദുരേക്കു തെറിച്ചുവീണു. മൂന്നുപേരും ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അമൽനാഥും വിനോദും വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. എന്നാൽ വൈദ്യുതക്കമ്പി ശരീരത്തിലൂടെ ചുറ്റിപ്പിണഞ്ഞ അക്ഷയെ രക്ഷപ്പെടുത്തുക പ്രയാസമായിരുന്നു.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് ഏറെ കഷ്ട്ടപ്പെട്ട് ബൈക്കിൻ്റെയും വൈദ്യുതക്കമ്പിയുടെയും അടിയിൽനിന്ന് അക്ഷയെ പുറത്തെടുത്തത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 മിനിറ്റോളം അക്ഷയ് വൈദ്യുതക്കമ്പിയിൽ കുരുങ്ങിക്കിടന്നു. ഈ സമയമത്രയും ലൈനിൽ വൈദ്യുതിയുണ്ടായിരുന്നു. ഇതു രക്ഷാപ്രവർത്തനത്തിനു തടസ്സമായി.
തൂൺ മാറ്റാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു മരങ്ങൾ മുറിക്കാനും
കാലഹരണപ്പെട്ട വൈദ്യുതത്തൂൺ മാറ്റണമെന്നും സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിയും ഗ്രാമപ്പഞ്ചായത്തും ചുള്ളിമാനൂർ ഇലക്ട്രിക്കൽ സെക്ഷനിലും വസ്തു ഉടമയ്ക്കും നാലുമാസംമുൻപ് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ അധികൃതർ കാണിച്ച അനാസ്ഥയാണ് ഒരു ജീവൻ പൊലിയാൻ ഇടയാക്കിയത്. വിദൂരവിദ്യാഭ്യാസരീതിയിൽ രണ്ടാംവർഷ ബിരുദത്തിന് പഠിക്കുകയാണ് മരിച്ച അക്ഷയ്. അവധി ദിവസങ്ങളിൽ സുഹൃത്തുക്കൾ മൂന്നുപേരും പിരപ്പൻകോട്ട് സ്വകാര്യ കാറ്ററിങ് യൂണിറ്റിൽ ജോലി നോക്കിയാണ് പഠനത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. പനയമുട്ടം കെഎസ്എൻ വായനശാലയുടെ കബഡി ടീമിലും ക്രിക്കറ്റ് ടീമിലും അംഗമായിരുന്നു.
മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്‌ച വൈകീട്ട് ആറ് മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്‌കരിച്ചു. അക്ഷയുടെ അച്ഛൻ സുരേഷ്കുമാർ കെട്ടിടനിർമാണത്തൊഴിലാളിയും അമ്മ ശാലിനി തൊഴിലുറപ്പുതൊഴിലാളിയുമാണ്. ഏക സഹോദരൻ അർജുൻസുരേഷ് ഫോട്ടോഗ്രാഫറാണ്.
കുറ്റക്കാർക്കെതിരേ നടപടി -മന്ത്രി കെ. കൃഷ്‌ണൻകുട്ടി
നെടുമങ്ങാട്: വൈദ്യുതിവകുപ്പും ഗ്രാമപ്പഞ്ചായത്തും നോട്ടീസ് നൽകിയിട്ടും അപകടകരമായിനിന്ന മരം എന്തുകൊണ്ട് മുറിച്ചു മാറ്റിയില്ല എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി അറിയിച്ചു. ഡിസ്ട്രിബ്യൂഷൻ സൗത്ത് മേഖലാ ചീഫ് എൻജിനിയർ സ്ഥലത്തെത്തി വിവരങ്ങൾ : ശഖരിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് വൈദ്യുതവകുപ്പ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ച്‌ചയുണ്ടെങ്കിൽ ഉത്തരവാദികളായ ജീവനക്കാരുടെ പേരിലും കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്‌ണൻകുട്ടി അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group