
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ വൈദ്യുത ലൈനിൽ തട്ടി, വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ സ്‌കൂൾ അധികൃതരുടെയും വൈദ്യുതി ബോർഡിന്റെയും അനാസ്ഥ വ്യക്തം. സ്‌കൂളിൽ മതിയായ സ്ഥലമുണ്ടായിട്ടും ത്രീ ഫേസ് വൈദ്യുത ലൈനിന് തൊട്ടുതാഴെ സൈക്കിൾ ഷെഡ് നിർമിക്കാൻ അധികൃതർ കാട്ടിയ വ്യഗ്രതയാണ് കുട്ടിയുടെ ജീവനെടുത്തത്.
അനുമതിയൊന്നും തേടാതെ ലൈനിന് തൊട്ടുതാഴെ ഇരുമ്പുതൂണുകൾ ഉയർത്തി, ഷെഡ് കെട്ടിയതിനുപിന്നിലെ അശാസ്ത്രീയത അന്നുതന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. സ്‌കൂളിൻ്റെ ക്ലാസ് മുറികളോടു ചേർന്നാണ് വൈദ്യുത ലൈൻ കടന്നുപോകുന്നത്. ഇത് മാറ്റിസ്ഥാപിക്കണമെന്ന് വൈദ്യുതി ബോർഡിന് കത്തുനൽകാനോ ശക്തമായി ആവശ്യപ്പെടാനോ മാനേജ്മെൻ്റ് മുന്നോട്ടുവന്നില്ല.
സ്കൂളിനു പിന്നിലുള്ള ഗേൾസ് സ്കൂളിലേക്കും ഒരു വീട്ടിലേക്കും വൈദ്യുതിയെത്തിക്കാൻ മറ്റു വഴികളുണ്ടായിട്ടും വൈദ്യുതി ബോർഡ് അതിന് തയ്യാറായില്ല.
റോഡിൽനിന്ന് അഞ്ചടി താഴ്‌ചയിലാണ് സ്‌കൂൾ മൈതാനം. ഇവിടെ നൂറുമീറ്ററിലധികം നീളത്തിലാണ് വൈദ്യുത ലൈൻ വലിച്ചിട്ടുള്ളത്. ഇടയ്ക്കൊന്നും തൂണുകളില്ലാത്തതിനാൽ ലൈൻ ചാഞ്ഞ് സൈക്കിൾ ഷെഡ്ഡിന്റെ മേൽക്കൂരയോടു ചേർന്നുകിടക്കുകയാണ്. മേയ് മാസത്തിൽ, സ്കൂൾ തുറക്കുന്നതിനുമുൻപ് വിവിധ വകുപ്പ് അധികൃതരുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ ഇതേപ്പറ്റി ചർച്ചകളുണ്ടായെങ്കിലും തുടർനടപടികളെടുക്കാൻ ആരും താത്പര്യം കാട്ടിയതേയില്ല.
രാവിലെ ഒൻപതുമണിയാകുമ്പോൾത്തന്നെ തേവലക്കര ബോയ്‌സ് സ്‌കൂൾ മൈതാനത്ത് ആരവങ്ങൾ നിറയും. പ്ലാസ്റ്റിക് കുപ്പിയും ചെരിപ്പും പന്താക്കിയുള്ള ഫുട്‌ബോൾ കളി, ചെളിവെള്ളം ചവിട്ടിത്തെറിപ്പിച്ച് കളിസ്ഥലത്തുകൂടിയുള്ള ഓട്ടം, കൂട്ടുകാരെ ഉച്ചത്തിൽ വിളിച്ചും കുറുമ്പുകാട്ടിയും വിദ്യാലയമുറ്റത്ത് അവർ ഉത്സവാന്തരീക്ഷമൊരുക്കും. അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ മൈതാനത്തും ക്ലാസ് മുറികൾക്കുസമീപവും ഉണ്ടാകാറുണ്ട്.
വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്കും ഇതുതന്നെയായിരുന്നു സ്കൂളിലെ അന്തരീക്ഷം. മൈതാനത്തോടു ചേർന്നുള്ള എട്ട്-ബിയിലും ബഹളത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. ചെരിപ്പെറിഞ്ഞായിരുന്നു അവിടത്തെ കളി, ആവേശമേറിയപ്പോൾ ചെരിപ്പ് തൊട്ടുപിന്നിലുള്ള സൈക്കിൾ ഷെഡ്ഡിന്റെ മുകളിൽ വീണു. ചിരിമാഞ്ഞ മുഖങ്ങളായി ക്ലാസിലാകെ. ചെരിപ്പ് ഞാനെടുക്കാമെന്നുപറഞ്ഞ് ആവേശത്തോടെ മിഥുൻ മുകളിലേക്കു കയറാൻ തുടങ്ങിയപ്പോൾ ചിലർ വിലക്കി. മേൽക്കൂരയിലെ ഷീറ്റിൽ അവന്റെ കാൽ വഴുതി, വൈദ്യുതലൈനിലേക്ക് ചാഞ്ഞപ്പോഴും പിടഞ്ഞപ്പോഴുമൊന്നും അപകടത്തിലാണ് കാര്യങ്ങളെന്ന് അവർക്ക് ബോധ്യമായതേയില്ല. കാര്യങ്ങൾ കൈവിട്ടെന്ന് തിരിച്ചറിയുമ്പോഴേക്കും അവർ ഉറക്കെ കരഞ്ഞു. അധ്യാപകർ ഓടിയെത്തി, മിഥുനെ താഴെയെത്തിക്കുമ്പോൾ ഭയമായിരുന്നു കൂട്ടുകാർക്ക്. പിന്നീട് മരണവിവരമറിയുമ്പോൾ വിങ്ങലടക്കാനായില്ല മിഥുൻ്റെ ക്ലാസ് ടീച്ചർ റൂബിക്കും മലയാളം അധ്യാപിക സുനിതയ്ക്കും മറ്റ് അധ്യാപകർക്കും. അവന്റെ മുഖം മറക്കാനാകുന്നില്ലെന്ന് കൂട്ടുകാരൻ റിസ്വാൻ നിമിഷങ്ങൾക്കകം ജനപ്രതിനിധികളും രക്ഷാകർത്താക്കളും നാട്ടുകാരും സ്‌കൂളിലേക്കെത്തി. ആശങ്കയായിരുന്നു ആ മുഖങ്ങളിൽ
പ്രാർഥനയും ആരവങ്ങളുമുയരേണ്ട പത്തുമണിക്ക് വിതുമ്പലുകളുയർന്നു വിദ്യാലയമാകെ. എട്ട് ബി ക്ലാസിൽ മിഥുൻറെ ബാഗ് മാത്രം മേശപ്പുറത്തുണ്ടായിരുന്നു. കണ്ടുനിന്നവരെയെല്ലാം അത് കണ്ണീരിലാഴ്ത്തി, മണിക്കൂറുകൾക്കുള്ളിൽ സ്കൂൾ പരിസരം പ്രതിഷേധക്കാരെക്കൊണ്ടു നിറഞ്ഞു. ഗേറ്റ് അടച്ചതോടെ പലരും മതിൽ ചാടിയും മറ്റും അകത്തുകയറി.
പ്രതിഷേധവും ഉപരോധവും മുദ്രാവാക്യംവിളികളുമായി. പിന്നീട് റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്ന് പോലീസ് സേനാംഗങ്ങളും സ്ഥലത്തെത്തി.
ലക്ഷം രൂപ സഹായം നൽകും -കെഎസ്‌ടിഎ
തിരുവനന്തപുരം മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്‌ടി.എ) സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി എന്നിവർ അറിയിച്ചു.
അനാസ്ഥയുണ്ടെന്ന് ശിവൻകുട്ടി
കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ
ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായും ഇതിൽ അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി, വിശദ റിപ്പോർട്ട് അടുത്തദിവസം ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി മന്ത്രി മിഥുന് ആദരാഞ്ജലി അർപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഒപ്പമുണ്ടായിരുന്നു.
കൊല്ലം : ഓരോ സ്‌കൂൾതുറപ്പും കഴിഞ്ഞാൽ ദുരന്തവാർത്തകൾ പതിവാകുന്ന സാഹചര്യത്തിൽ ദുരന്തനിവാരണവിദഗ്‌ധനായ മുരളി തുമ്മാരുകുടി സ്‌കൂൾ സുരക്ഷയെപ്പറ്റി മാർഗരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. 2013 ജൂണിൽ തയ്യാറാക്കിയ ആ മാർഗരേഖയിൽ സുരക്ഷാ ഓഡിറ്റ് നടപ്പാക്കണമെന്നും അതിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.
പഠിപ്പുമുടക്ക്
കൊല്ലം തേവലക്കര സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചത് അനാസ്ഥമൂലമാണെന്നാരോപിച്ച് വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെ.എസ് പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. സംഭവത്തിൽ സ്കൂൾ അധികൃതരും വിദ്യാഭ്യാസവകുപ്പും കെഎസ്‌ഇബിയും ഒരേപോലെ കുറ്റക്കാരാണ്. പരസ്‌പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസരം നൽകരുതെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group