
മലപ്പുറം: കോട്ടയ്ക്കലില്‍ ഒരുവയസുകാരന്‍ മരിച്ചത് ചികിത്സ നല്‍കാത്തതിനാലെന്ന് ആക്ഷേപം. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാഞ്ഞതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. മലപ്പുറം കോട്ടയ്ക്കല്‍ പാങ്ങ് സ്വദേശികളായ ഹിറ ഹറീറയുടെയും നവാസിന്റെയും മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. സംഭവത്തില്‍ വ്യക്തത വരുത്താന്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം കുഞ്ഞിന്റെ ബന്ധുക്കള്‍ ഈ ആരോപണം തള്ളിക്കളഞ്ഞു.
മലപ്പുറം ഡിഎംഒ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹിറയുടെയും നവാസിന്റെയും വീട്ടിലെത്തി മൊഴിയെടുത്തു. നവാസ് കാടാമ്പുഴ പോലീസ് സ്‌റ്റേഷനില്‍ മൊഴികൊടുക്കാന്‍ പോയിരിക്കുകയാണ്. ഹിറ ആരോടും സംസാരിക്കാവുന്ന അവസ്ഥയിലുമല്ല. വീട്ടില്‍ ബാക്കിയുള്ള ബന്ധുക്കളോട് ചോദിക്കുമ്പോള്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കുഞ്ഞിന് മഞ്ഞപ്പിത്തം ഇല്ലായിരുന്നുവെന്നും പാലുകുടിച്ചുകൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പിന്നാലെ, ഒരു ഡോക്ടര്‍ വീട്ടിലെത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചുവെന്നും, കുഞ്ഞിനെ കോട്ടയ്ക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും അടക്കം വ്യത്യസ്തമായ കാര്യങ്ങളാണ് വീട്ടുകാര്‍ പറയുന്നത്.
അതേസമയം, കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് മതിയായ ചികിത്സ ലഭിച്ചിരുന്നുവോ എന്നാണ് അവര്‍ ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ അശാസ്ത്രീയ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മഴനനഞ്ഞാല്‍ മഞ്ഞപ്പിത്തം മാറും എന്ന തരത്തിലുള്ള അബദ്ധധാരണകളടക്കം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു എന്ന വിവരങ്ങളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട് . വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോട്ടയ്ക്കലിലെ വീട്ടില്‍വെച്ചാണ് കുഞ്ഞ് മരിച്ചത്. കുറച്ചുദിവസങ്ങളായി കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, രോഗം മൂര്‍ഛിച്ചിട്ടും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ഏതെങ്കിലും തരത്തിലുള്ള ആധുനിക ചികിത്സ നല്‍കാനോ മാതാപിതാക്കള്‍ തയ്യാറായില്ല.
കുഞ്ഞിനെ മഴനനയിക്കുന്നതടക്കമുള്ള ചികിത്സാരീതികള്‍ ഇവര്‍ നടത്തിയിരുന്നതായാണ് വിവരം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞതോടെ കുഞ്ഞിന്റെ സ്ഥിതി അതീവഗുരുതരമായിട്ടും ആശുപത്രിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് വിവരം. വൈകുന്നേരത്തോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. ശനിയാഴ്ച രാവിലെ വീടിനുസമീപത്തെ പള്ളിയില്‍ കുഞ്ഞിനെ സംസ്‌കരിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുഞ്ഞിന്റെ മാതാവ് ഹിറ ഒരു അക്യുപഞ്ചറിസ്റ്റ് കൂടിയാണ്. വീട്ടിലെ പ്രസവത്തെയടക്കം അനുകൂലിക്കുന്നതും ആശുപത്രിയില്‍ പ്രസവിക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഹിറ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ചിരുന്നത്. 2024 ഏപ്രില്‍ 24-നാണ് എസന്‍ ജനിച്ചത്. വീട്ടിലാണ് ഹിറയുടെ പ്രസവം നടന്നത്. ഒരുവയസായിട്ടും കുഞ്ഞിന് ഇതുവരെയും യാതൊരുതരത്തിലുള്ള പ്രതിരോധ കുത്തിവെപ്പും മാതാപിതാക്കള്‍ നല്‍കിയിരുന്നില്ല എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group