
സൂറത്ത്: ഗാന്ധിയനും പ്രമുഖ ആണവവിരുദ്ധ പ്രവർത്തകയുമായ ഡോ. സംഘമിത്ര ഗാഡേക്കർ (75) അന്തരിച്ചു. തിങ്കളാഴ്‌ച വൈകിട്ട് മൂന്നോടെ ഗുജറാത്തിലെ സൂറത്ത് ഹോസ്‌പിറ്റലിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഗാന്ധിജിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ ചെറുമകളും പ്രമുഖ ഗാന്ധിയൻ നാരായൺ ദേശായിയുടെ മകളുമായ സംഘമിത്ര ആണവനിലയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിരന്തരമായി പഠനം നടത്തുകയും അവ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
അഞ്ചുപതിറ്റാണ്ടായി ഗുജറാത്തിലെ താപി ജില്ലയിലെ സമ്പൂർണക്രാന്തി വിദ്യാലയത്തിൽ ഗാന്ധിയൻ രചനാത്മക പ്രവർത്തനങ്ങളിൽ യുവജനങ്ങൾക്കായി പരിശീലന പരിപാടി നടത്തുന്നുണ്ട്. രാജസ്ഥാനിലെ റാവത് ഭാട്ട ആണവനിലയം, ജതുഗുഢയിലെ യുറേനിയം ഖനന കേന്ദ്രം എന്നിവ സൃഷ്ടിക്കുന്ന ആണവ വികിരണങ്ങൾ സംബന്ധിച്ച് പഠിക്കാനായി ജീവിതപങ്കാളിയും ആണവ ശാസ്ത്രജ്ഞനുമായ ഡോ. സുരേന്ദ്ര ഗാഡേക്കറോടൊപ്പം ചേർന്ന് വിപുലമായ സർവേകൾ നടത്തുകയും പഠനവിവരങ്ങൾ ജേണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ചീമേനിയിൽ നടന്ന ആണവവിരുദ്ധ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ സുരേന്ദ്ര ഗഡോക്കറെ കാത്തിരുന്നത് അവരുടെ വിയോഗവാർത്തയായിരുന്നു.
90-കളുടെ ആദ്യത്തിൽ കേരളത്തിലെ പെരിങ്ങോത്ത് നടന്ന ആണവവിരുദ്ധ സമരത്തിൽ സംഘമിത്ര സജീവമായി ഇടപെട്ടിരുന്നു. ഇന്ത്യയിലെ സമാന്തര പ്രസ്ഥാനങ്ങളുടെ വളർച്ചയിലും ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ മുൻനിരയിലും നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള ഡോ. സംഘമിത്ര, 1989-ൽ കോഴിക്കോട്ട് നടന്ന വനിതാപ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനത്തിലും സജീവമായി പങ്കെടുത്തു.
ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രിയായ നബകൃഷ്‌ണ ചൗധരിയുടെയും ഭരണഘടനാസമിതി അംഗമായിരുന്ന മാലതീദേവി ചൗധരിയുടെയും ചെറുമകളാണ് വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഡോ. സംഘമിത്ര. മകൾ: ചാരുസ്‌മിത ഗഡേക്കർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group