
കോട്ടയം : എൽഎൽഎം ബിരുദധാരി, ഹൈക്കോടതിയിൽ അഭിഭാഷക, പാലാ കോടതിയിലും പ്രാക്‌ടീസ്, മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ് സാമ്പത്തികഭദ്രതയുള്ള കുടുംബം, രണ്ട് പിഞ്ചുകുട്ടികളുമായി മീനച്ചിലാറ്റിൽ ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ കുടുംബ പശ്ചാത്തലമിങ്ങനെ. ഇവരുടെ കുടുംബത്തിൽ മറ്റ് ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് സമീപവാസികളും നാട്ടുകാരും പറയുന്നത്. പിന്നെ എന്തിനാണ് ഒന്നും നാലും വയസ്സ് പ്രായമുള്ള പെൺകുട്ടികളുമായി ഇവർ ജീവനൊടുക്കിയത്? ബന്ധുക്കൾക്കും നാട്ടുകാർക്കും ഒരുപോലെ അവിശ്വസനീയമാണ് ഈ കൂട്ടമരണത്തിന് കാരണം, ഫാനിൽ തൂങ്ങാനും അണുനാശിനി കുടിക്കാനും ശ്രമിച്ചതിന്റെ അടയാളങ്ങളും കൈഞരമ്പ് മുറിച്ചപ്പോഴുണ്ടായ രക്തക്കറയും മാത്രമാണ് വീട്ടിലെത്തിയ പോലീസിനും കാണാനായത്.
ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ താൻ ഇവരുടെ വീട്ടിലെത്തി ബെല്ലടിച്ചെങ്കിലും കതക് തുറന്നില്ലന്ന് വീട്ടുജോലിക്കാരി ബന്ധുക്കളോട് പറഞ്ഞു. വീടിന്റെ പിന്നിലൂടെയെത്തി വിളിച്ചപ്പോൾ താൻ കുളിമുറിയിലാണെന്ന് ജിസ്മോൾ വിളിച്ചുപറഞ്ഞു. അവരെല്ലാം ആശുപത്രിയിൽ പോയി, താനിന്ന് ഓഫീസിൽ പോകുന്നില്ല. ചേച്ചി തിരികെപ്പൊയ്‌ക്കോളാനും വീടിനുള്ളിൽനിന്ന് വിളിച്ചുപറഞ്ഞു. ജനാലയും അടച്ചനിലയിലായിരുന്നു. ഇതോടെ താൻ തിരികെപ്പോയതായും ജോലിക്കാരി പറയുന്നു.
അതേസമയം ജിസ്മോളും ഭർത്തൃമാതാവും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. എന്നാൽ, ഇവരുടെയിടയിൽ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്‌നങ്ങളില്ലന്നാണ് സംഭവമറിഞ്ഞ് വീട്ടിലെത്തിയവർ പറയുന്നത്. 'ഇന്നലെയും പള്ളിയിൽപോയി തിരി കത്തിച്ചതാണ്, മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല. എനിക്കിനി ഇവിടെ ആരുണ്ടെ'ന്നും ചോദിച്ചുള്ള ഭർത്താവ് ജിമ്മിയുടെ കരച്ചിൽ കണ്ടുനിന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു. വീട്ടിനുള്ളിലായിരുന്ന ജിമ്മിയെ പോലീസ് നടപടികളുടെ ഭാഗമായി പുറത്തേക്കിറക്കിയപ്പോഴായിരുന്നു ജിമ്മിയുടെ കരച്ചിൽ. അയർക്കുന്നം പോലീസാണ് വീട്ടിലെത്തി പരിശോധന നടത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group