
ചെന്നൈ: ക്ഷേത്രോത്സവങ്ങളുടെ ഭാഗമായുള്ള ക്ഷണക്കത്തിൽ ജാതിനാമങ്ങൾ പരാമർശിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. പ്രത്യേക ജാതികളുടെ പേരുകൾ പരാമർശിക്കുന്നതും ദളിത് വിഭാഗക്കാരെ പ്രദേശവാസികളെന്ന നിലയിൽ ‘ഊരുകാർ’ എന്നു മാറ്റിനിർത്തുന്നതും അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് എം.എസ്. രമേശ്, ജസ്റ്റിസ് എ.ഡി. മരിയ ക്ലീറ്റ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
നാദിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ക്ഷണക്കത്തിൽ ദളിത് വിഭാഗക്കാരുടെ പേരുകൾകൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രദേശവാസിയായ കെ.പി. സെൽവരാജ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ദളിത് വിഭാഗക്കാർ ഉത്സവാഘോഷത്തിന് സംഭാവന നൽകുന്നില്ലെന്ന് ആരോപിച്ചാണ് അവരുടെ പേരുകൾ ക്ഷണക്കത്തിൽനിന്ന് ഒഴിവാക്കിയത്. ഇത് വിവേചനപരമായ നടപടിയാണ്. ക്ഷേത്രോത്സവങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്ന ആഘോഷമാകണം. എല്ലാവരും എന്ന നിർവചനത്തിൽ ദളിതരും ഉൾപ്പെടുമെന്നും അവരെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടൈ നാദിയമ്മൻ ക്ഷേത്രോത്സവത്തിനുവേണ്ടി ഭാവിയിൽ അച്ചടിക്കുന്ന ക്ഷണക്കത്തുകളിൽ ഒരു ജാതിക്കാരുടെയും പേരുണ്ടാകരുതെന്നും കോടതി ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് നിർദേശം നൽകി. ‘സംഭാവനകൾ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ക്ഷണക്കത്തിൽ പ്രത്യേക ജാതിപ്പേരുകൾ ഉൾപ്പെടുത്തുന്നത് അപലപനീയമാണ്. സംഭാവനകൾ നൽകിയില്ല എന്നതിന്റെ പേരിൽ ഒഴിവാക്കപ്പെടേണ്ടവരല്ല ദളിത് വിഭാഗം.
ക്ഷണക്കത്തിൽ പ്രത്യേക ജാതിപ്പേരുകൾമാത്രം ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ സമർപ്പിച്ച എതിർസത്യവാങ്മൂലത്തെ കോടതി പരിഹസിച്ചു. ക്ഷണക്കത്തുകളിൽ പ്രത്യേക ജാതികളെ അംഗീകരിക്കുകയും ദളിത് വിഭാഗത്തിൽപ്പെട്ടവർ അദൃശ്യരായി തുടരുകയും ചെയ്യുന്നതുമൂലം അവർക്ക് സമൂഹത്തിൽ ലഭിക്കേണ്ട പങ്കാളിത്തം നിഷേധിക്കപ്പെടുന്നു. ഇത് ദളിത് വിഭാഗക്കാരെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുമെന്നും കോടതി നിരീക്ഷിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group