
ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കേന്ദ്രം. 1951-ന് ശേഷം ഇത് പതിനൊന്നാം തവണയാണ് മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ വരുന്നത്. സംസ്ഥാനത്ത് നിലനിന്നിരുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
ബിരേന്‍ സിങ് കാവല്‍ മുഖ്യമന്ത്രിയായി തുടരുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട് എങ്കിലും കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനകള്‍ വന്നത്. മണിപ്പുരില്‍ നിയമസഭാസമ്മേളനം വിളിച്ചുചേര്‍ത്തിട്ട് ബുധനാഴ്ച ആറുമാസം തികഞ്ഞിരിക്കേ, ഭരണഘടനാ പ്രതിസന്ധി മറികടക്കാനാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
ഭരണഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കഴിയാത്ത സാഹചര്യമില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതെന്ന് രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു.. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പിയില്‍ സമവായമുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കേന്ദ്ര മന്ത്രിസഭ രാഷ്ടപതി ഭരണത്തിനു ശുപാർശ ചെയ്തത്.
ബിരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ അദ്ദേഹത്തിന് പകരക്കാരനായി മറ്റൊരു നേതാവിനെ കണ്ടെത്താന്‍ മണിപ്പുരിലെ ബി.ജെ.പി. നേതാവായ ബിശ്വജിത്തിനോട് കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടെങ്കിലും ആരുടെയും പേര് പറയാത്തതാണ് കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായത്. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയാല്‍ എല്ലാവരുടെയും പിന്തുണയുള്ള നേതാവിനെ കണ്ടെത്താന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യും.
അതിനിടെ, ഭരണഘടനയുടെ അനുച്ഛേദം 174(1) പ്രകാരം ആറുമാസത്തില്‍ കുറയാത്ത ഇടവേളകളില്‍ നടത്തേണ്ട നിയമസഭാ സമ്മേളനം ഗവര്‍ണര്‍ എന്തുകൊണ്ട് വിളിക്കാത്തതെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ചോദിച്ചു. കോണ്‍ഗ്രസ് തിങ്കളാഴ്ച അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചതും മുഖ്യമന്ത്രിക്കായി പകരമൊരാളെ കണ്ടെത്താന്‍ ബി.ജെ.പി. നേതൃത്വത്തിന് കഴിയാത്തതുമാണ് സമ്മേളനം റദ്ദാക്കിയതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ സമ്മേളനം റദ്ദാക്കിയ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെയ്ഷാം മേഘചന്ദ്രയും ആരോപിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group