രണ്ട് പ്രഖ്യാപനങ്ങള്‍; ആപ്പിനെ വീഴ്ത്തി BJPയുടെ സര്‍ജിക്കൽ സ്‌ട്രൈക്ക് , ചില്ലുമേടയിൽനിന്നുള്ള വീഴ്ച

രണ്ട് പ്രഖ്യാപനങ്ങള്‍; ആപ്പിനെ വീഴ്ത്തി BJPയുടെ സര്‍ജിക്കൽ സ്‌ട്രൈക്ക് , ചില്ലുമേടയിൽനിന്നുള്ള വീഴ്ച
രണ്ട് പ്രഖ്യാപനങ്ങള്‍; ആപ്പിനെ വീഴ്ത്തി BJPയുടെ സര്‍ജിക്കൽ സ്‌ട്രൈക്ക് , ചില്ലുമേടയിൽനിന്നുള്ള വീഴ്ച
Share  
2025 Feb 08, 02:59 PM
vasthu
mannan

തിരഞ്ഞെടുപ്പില്‍ ജയമാണ് പ്രധാനം. എങ്ങനെ ജയിക്കും എന്നതിലുപരി എങ്ങിനയും ജയിക്കുകയാണ് ലക്ഷ്യം. പതിനെട്ടടവും പയറ്റുന്ന പോര്‍ക്കളം. മോദി തരംഗത്തില്‍ കേന്ദ്രത്തില്‍ ഹാട്രിക് അടിച്ചിട്ടും ഡല്‍ഹി പിടിക്കാന്‍ കഴിയാത്ത നിരാശ ഒടുവില്‍ ബി.ജെ.പി. മാറ്റി. കാത്ത് കാത്തിരുന്നൊരു മധുരപ്രതികാരം. ഒന്നും രണ്ടുമല്ല ഷീല ദീക്ഷിതിലൂടെ ആദ്യം കോണ്‍ഗ്രസ് അടക്കിഭരിച്ച 15 വര്‍ഷങ്ങള്‍. അതിന് ശേഷം ഒരു വ്യാഴവട്ടക്കാലം ആം ആദ്മിക്ക് മുന്നില്‍ തോറ്റു. ഇപ്പോഴിതാ ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരം 27 വര്‍ഷത്തിന് ശേഷം ബി.ജെ.പിയിലേക്ക് എത്തുന്നു. വാഗ്ദാനങ്ങളും എ.എ.പിക്കെതിരായ വികാരവും ഒക്കെ വിലയിരുത്താമെങ്കിലും കേവലം രണ്ട് പ്രഖ്യാപനങ്ങളില്‍ ബി.ജെ.പി. ഡല്‍ഹി പിടിച്ചു എന്ന് പറയുന്നതാണ് വസ്തുത.


ആ രണ്ടേ രണ്ട് 'ആയുധങ്ങളില്‍' എഎപിയുടേയും കെജ്‌രിവാളിന്റെയും ഇമേജും പ്രതിരോധവും ഒക്കെ ബി.ജെ.പി. ഭേദിച്ചു. അതില്‍ പ്രധാനം 12.75 ലക്ഷം വരെ ശമ്പളമുള്ളവര്‍ ആദായനികുതി നല്‍കേണ്ട എന്ന ബജറ്റിലെ ജനവികാരമറിഞ്ഞുള്ള പ്രഖ്യാപനമായിരുന്നു. രണ്ടാമത്തേത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള എട്ടാം ശമ്പള കമ്മിഷന്‍ പ്രഖ്യാപനം. ആദ്യത്തേത് വോട്ടെടുപ്പിന് നാല് ദിവസം മുമ്പും രണ്ടാമത്തേത് രണ്ടാഴ്ച മുമ്പുമായിരുന്നു. മധ്യവര്‍ഗ സമൂഹം ഭൂരിപക്ഷമുള്ള ഡല്‍ഹി പോലൊരു സംസ്ഥാനത്തെ ജനത്തിന്റെ വികാരമളക്കാന്‍ ഇതില്‍പരം ആയുധം വേറെ വേണ്ട. 50 ശതമാനം ഇടത്തരക്കാരും ഗണ്യമായ കേന്ദ്ര ജീവനക്കാരുമുള്ള വോട്ട് ബാങ്കില്‍ അതുണ്ടാക്കിയ ഇഫക്ടാണ് ബി.ജെ.പി. ഇപ്പോള്‍ വിളവെടുത്തത്.


ഫെബ്രുവരി അഞ്ചാം തീയതിയാണ് ഡല്‍ഹി പോളിങ് ബൂത്തിലേക്ക് പോയത്. ആദായനികുതി പരിധി ഉയര്‍ത്തിയ പ്രഖ്യാപനം ഉള്‍പ്പെട്ട ബജറ്റ് അവതരണം നടന്നത് ഒന്നാം തീയതിയും. രാജ്യത്തെ പ്രതിശീര്‍ഷവരുമാനം ഉയര്‍ന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഡല്‍ഹിയുടെ സ്ഥാനം. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ആദായനികുതി പരിധി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ചില്ലറ ആനന്ദമല്ല നല്‍കിയത്. അത് വോട്ടിലും പ്രതിഫലിച്ചുവെന്ന് കാണാം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യം, പെന്‍ഷന്‍ തുടങ്ങിയവയില്‍ നിര്‍ണായകമാറ്റങ്ങള്‍ കൊണ്ടുവരുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള എട്ടാം ശമ്പളകമ്മിഷന്‍ രൂപവത്കരണവും ബി.ജെ.പിക്ക് ഗുണകരമായി. ജനുവരി മൂന്നാം വാരത്തിലായിരുന്നു ഇത്. പുതിയ ശമ്പളക്കമ്മിഷന്‍ കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും തലവിധി മാറ്റുന്നതായിരിക്കും എന്നാണ് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അത് ഡല്‍ഹിയിലെ ബി.ജെ.പിയുടെയും തലവിധി മാറ്റിയെന്ന് തിരഞ്ഞെടുപ്പുഫലം കാണിച്ചുതരുന്നു.


അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച നേതാവ് അഴിമതിയുടെ കറയുംപേറി അധികാരത്തില്‍നിന്ന് പുറത്തേക്കു പോകുന്ന കാഴ്ചയാണ് എ.എ.പിയുടെ പരാജയത്തിലൂടെ കാണുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ പതനം, ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഒരു യുഗത്തിന്റെ തന്നെ അന്ത്യമാണെന്ന് വിശേഷിപ്പിക്കുന്നതില്‍ അപാകമുണ്ടാകില്ല. ഷീലാ ദീക്ഷിതിനെ പോലെ കോണ്‍ഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവിനെ ന്യൂഡല്‍ഹിയില്‍ തോല്‍പിച്ച് ഡല്‍ഹി മുഖ്യമന്ത്രിപദത്തിലേക്ക് നടന്നുകയറിയ കെജ്‌രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും 12 കൊല്ലത്തിനിപ്പുറം പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു.


ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന കെജ്‌രിവാള്‍, 2006-ലാണ് ജോലി രാജിവെച്ച് സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നത്. മധ്യവര്‍ഗത്തിന് ഭൂരിപക്ഷമുള്ള, അഴിമതിയ്‌ക്കെതിരേ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന, സൗജന്യങ്ങള്‍ക്ക് ആവശ്യക്കാരുള്ള ഡല്‍ഹിയുടെ മണ്ണ് കെജ്രിവാള്‍ എന്ന രാഷ്ട്രീയക്കാരന്റെ വളര്‍ച്ചയ്ക്ക് ആവോളം സഹായം നല്‍കി. 2012-ലാണ് കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടി സ്ഥാപിക്കുന്നത്. സാധാരണക്കാരുടെ പാര്‍ട്ടിക്ക് ചൂലായിരുന്നു ചിഹ്നം. രാഷ്ട്രീയത്തെയും അധികാരശ്രേണിയെയും മാലിന്യമുക്തമാക്കുക എന്ന എ.എ.പി. ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ് ചൂല്‍ എന്ന ചിഹ്നമെന്ന് വ്യാഖ്യാനിക്കപ്പെട്ടു.


കുടുക്കിലാക്കിയ സംഗതി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡല്‍ഹി മദ്യനയ അഴിമതി. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയ്ക്ക് മന്ത്രിസഭയിലെ പ്രമുഖന്മാരും ഒടുവില്‍ മുഖ്യമന്ത്രി തന്നെയും ജയിലിലായി. എ.എ.പിയെ തന്നെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഒരു രാഷ്ട്രീയപാര്‍ട്ടിയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2024 മാര്‍ച്ച് 21- നാണ് ഡല്‍ഹി കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇ.ഡി. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26-ന് സി.ബി.ഐ. അറസ്റ്റ് ചെയ്തു.


അഞ്ചുമാസത്തിലധികം കാലം തിഹാര്‍ ജയിലില്‍ കഴിഞ്ഞ കെജ്‌രിവാള്‍ 2024 സെപ്റ്റംബര്‍ 13-നാണ് പുറത്തിറങ്ങിയത്. ജയിലിലിരുന്ന് ഡല്‍ഹി ഭരിച്ച കെജ്‌രിവാള്‍, പക്ഷേ പുറത്തിറങ്ങിയതിന് പിന്നാലെ സ്ഥാനം രാജിവെച്ച് അതിഷിയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ അഴിമതിവിരുദ്ധ പോരാട്ടത്തിന് ചൂലുമായിറങ്ങി ഡല്‍ഹിയുടെ അധികാരം പിടിച്ച നേതാവ് അഴിമതിക്കേസില്‍ അകത്തായത് ജനങ്ങള്‍ക്ക് അത്രകണ്ട് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നുവേണം കരുതാന്‍. അതാകാം, ഇത്ര വലിയൊരു തിരിച്ചടി അവര്‍ ആം ആദ്മി പാര്‍ട്ടിക്ക് കൊടുത്തതും.


കെജ്‌രിവാള്‍ എന്ന നേതാവിന് കൊള്ളുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞുവെന്നും കാണാം. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ, വസതി മോടിപിടിപ്പിക്കാന്‍ പണം ചിലവഴിച്ചതിനെ തുടര്‍ന്നുണ്ടായ 'ശീഷ് മഹല്‍' ആരോപണം ഉദാഹരണമാണ്. നവീകരണത്തിന് വേണ്ടി കണക്കാക്കിയിരുന്ന 7.91 കോടിരൂപ, ജോലികള്‍ പൂര്‍ത്തിയായപ്പോള്‍ കുതിച്ചുയര്‍ന്ന് 33.66 കോടിയിലെത്തിയിരുന്നു. ബി.ജെ.പി. ഇതിനെ രാഷ്ട്രീയമായി പ്രയോഗിച്ചപ്പോള്‍ എ.എ.പി. പ്രതിരോധം സൃഷ്ടിക്കാന്‍ 'രാജ്മഹല്‍' വാദവുമായി എത്തിയെങ്കിലും അത് ഗുണംചെയ്തില്ല.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra