ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്നും ഇത് അദ്ദേഹത്തിന്റെ കുടുംബത്തേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച്ച രാത്രി ക്യാബിനറ്റ് യോഗത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ട്രസ്റ്റ് രൂപീകരിച്ചതിനുശേഷം സ്ഥലം കൈമാറുമെന്നും കോണ്‍ഗ്രസ് അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ട്രസ്റ്റ് രൂപീകരിച്ച് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളുള്ളതിനാലാണ് യമുനാ തീരത്തുള്ള നിഗംബോധ് ഘട്ടില്‍ മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം തീരുമാനിച്ചത്. സ്മാരകമുയര്‍ത്താന്‍ പറ്റുന്ന സ്ഥലത്ത് സംസ്‌കാരം നടത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. മന്‍മോഹന്‍ സിങ്ങ് രാജ്യത്തിന് നല്‍കിയ സേവനം പരിഗണിച്ച് യമുനാ തീരത്ത് മുന്‍ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം പ്രത്യേക സ്മാരകം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
രാജ്യത്തെ ആദ്യത്തെ സിഖ് പ്രധാനമന്ത്രിയെ മന:പൂര്‍വ്വം അപമാനിക്കുന്നതിന് തുല്ല്യമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അവഗണനയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പ് ഇറക്കിയത്.
എന്നാല്‍ നിഗം ബോധ്ഘട്ടില്‍ സംസ്‌കാരം നടത്തുന്നതിനെ എതിര്‍ത്ത് ശിരോമണി അകാലിദള്‍ രംഗത്തെത്തി. രാജ്ഘട്ടില്‍ തന്നെ സംസ്‌കാരം വേണമെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു. സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ വ്യക്തിയെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാദല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഇതില്‍ നേരിട്ട് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്‌കാരം ശനിയാഴ്ച രാവിലെ 11.45-ന് നിഗം ബോധ്ഘട്ടില്‍ നടക്കും. വെള്ളിയാഴ്ച ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ രാഷ്ട്രപ്രതി ദ്രൗപതി മുര്‍മുവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റുമന്ത്രിമാര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group