ഡല്‍ഹി: ഇന്ത്യയുടെ നവ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പി. പരിസ്ഥിതി-കാലാവസ്ഥാ വിഷയങ്ങളിൽ കൃത്യമായ ദിശാബോധം നൽകിയ പ്രധാനമന്ത്രി. സാമ്പത്തിക വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏതൊരു നേതാവും ഏതു സമയത്തും ആശ്രയിച്ച ഉപദേഷ്ടാവ്. ഡോ. മന്‍മോഹന്‍ സിങ് ഒരു പ്രഭാവമായി പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സാമ്പത്തികരംഗത്തും പരിസ്ഥിതി- കാലാവസ്ഥാ സംരക്ഷണ മേഖലയിലും നിലകൊണ്ടത് ആരവങ്ങളുടെയോ ആഘോഷങ്ങളുടെയോ അകമ്പടിയോടെ ആയിരുന്നില്ല. മൗനവും ദീര്‍ഘവീക്ഷണവുമായിരുന്നു ആ ബൗദ്ധിക ഇന്ധനത്തിന്‍റെ പ്രധാന ചേരുവകള്‍.
കാലാവസ്ഥാവ്യതിയാനം ആഗോളതലത്തില്‍ ഒരുപോലെ ഭീഷണിയും ആശങ്കയും ഉയര്‍ത്തിയ ആദ്യനാളുകളില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യയില്‍ കാലാവസ്ഥാവ്യതിയാനം ചെറുക്കാനായി ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുന്നത്. അതേത്തുടര്‍ന്ന് വനാവകാശ നിയമം പ്രാബല്യത്തില്‍ വന്നു.
ആദിവാസി അവകാശ സംരക്ഷണം വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെടുകയും ദേശീയ ഹരിത ട്രിബ്യൂണല്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പോളിസികളും ഇന്ത്യയിലെ അടിസ്ഥാനവര്‍ഗങ്ങളുടെ ക്ഷേമത്തിനുതകുന്നവയായിരുന്നു. രാജ്യത്തെ ആദിവാസി ഗോത്രവിഭാഗക്കാര്‍ ദശാബ്ദങ്ങളായി അനുഭവിച്ചുവരുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിച്ചത് മന്‍മോഹന്‍സിങ് ആദ്യമായി പ്രധാനമന്ത്രിയായ കാലത്തായിരുന്നു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഡോ. മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യം ഏഴുദിവസം ദുഃഖമാചരിക്കും. സര്‍ക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദുചെയ്തിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്കുചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ തുടര്‍ പരിപാടികള്‍ നിശ്ചയിക്കും. എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരിക്കും രാജ്യം അദ്ദേഹത്തിന് വിടനല്‍കുക. രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ജനുവരി മൂന്നുവരെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പരിപാടികളും ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group