'നമ്മള്‍ തുടങ്ങിവെച്ച സുദീര്‍ഘവും ക്ലേശകരവുമായ പ്രയാണത്തിനു വിലങ്ങുതടിയാവുന്ന വെല്ലുവിളികളെ ഞാന്‍ വില കുറച്ചു കാണുന്നില്ല. അനിവാര്യമായ ഘട്ടത്തില്‍ പിറവിയെടുക്കുന്ന ഒരാശയത്തെ തടുക്കാന്‍ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന് ഒരിക്കല്‍ വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. മഹനീയമായ ഈ സഭയ്ക്കു മുന്നില്‍ ഞാന്‍ പ്രസ്താവിക്കട്ടെ, ലോകത്തിലെ സുപ്രധാന സാമ്പത്തികശക്തിയായി ഇന്ത്യ ഉദിക്കുമെന്നത് അത്തരമൊരു ആശയമാണ്. സ്പഷ്ടമായും മുഴക്കത്തോടെയും ലോകം മുഴുവന്‍ അതു കേള്‍ക്കട്ടെ. ഇന്ത്യയിപ്പോള്‍ മിഴി തുറക്കുകയാണ്, ഉണരുകയാണ്. നമ്മള്‍ വിജയിക്കും. നമ്മള്‍ അതിജീവിക്കും.’
1991-ല്‍ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനകം ആദ്യ ബജറ്റ് അവതരിപ്പിച്ച ഡോ.മന്‍മോഹന്‍ സിങ്ങിന്റേതാണീ വാക്കുകള്‍. ഉശിരന്‍ പ്രസംഗം കൊണ്ടും ശൈലി കൊണ്ടും അണികളെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരൻ അല്ലാതിരുന്നതുകൊണ്ട് മാത്രം അണ്ടര്‍റേറ്റഡ് ആയിപ്പോയ വാക്കുകള്‍... മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ ആകെത്തുകയായി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് ഇന്ത്യയുണ്ട്, ആഗോളശക്തിയായി തന്നെ.
കറകളഞ്ഞ രാഷ്ട്രീയ നേതാവിനപ്പുറം ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന വിശേഷണമാണ് മന്‍മോഹന്‍ സിങ്ങിന് ചേരുക. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റി മറിച്ച മിതഭാഷിയായ ആ 'മണിമാന്‍'. ടെക്നോക്രാറ്റില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള പരകായപ്രവേശമായിരുന്നില്ല മന്‍മോഹന്‍ സിങ്ങിന്റേത്. മന്‍മോഹനൊരിക്കലും ജനകീയ നേതാവായിരുന്നില്ല. പ്രധാനമന്ത്രിയായപ്പോള്‍ പോലും രാഷ്ട്രീയ നേതാവിനപ്പുറം മന്‍മോഹനിലെ 'ഇക്കണോമിസ്റ്റ്' ഒരു പടി മുന്നില്‍ നിന്നു. വിട്ടുവീഴ്ചയില്ലാത്ത സാമ്പത്തിക വിദഗ്ധനില്‍നിന്ന് ഒത്തുതീര്‍പ്പിലെത്തുന്ന രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം മന്‍മോഹനെ സംബന്ധിച്ച് അത്ര ചെറുതുമായിരിക്കില്ല. നരസിംഹറാവുവിനൊപ്പമുണ്ടായിരുന്ന തൊണ്ണൂറുകളായിരിക്കണം മന്‍മോഹന്‍ സിങ്ങിലെ രാഷ്ട്രീയക്കാരനെയും സാമ്പത്തിക വിദഗ്ധനേയും സംയോജിപ്പിച്ചത്. അമിതാഹ്ലാദമോ, അതിഗംഭീര പ്രസംഗങ്ങളോ ഇല്ലാതെ ജീവിതം പഠിപ്പിച്ച ലാളിത്യം കൊണ്ട് മന്‍മോഹന്‍ എക്കാലവും നേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനായി.
മന്‍മോഹന്‍ സിങ് എന്ന ലാളിത്യം
മന്ത്രിയാകും മുന്‍പ് ഡല്‍ഹിയില്‍ ഡി.ടി.സി. ബസ്സില്‍ സഞ്ചരിച്ചിരുന്ന അപൂര്‍വം ബ്യൂറോക്രാറ്റുകളില്‍ ഒരാളാണ് മന്‍മോഹന്‍സിങ്. ഔദ്യോഗിക കാര്‍ കുടുംബാംഗങ്ങൾ ഉപയോഗിക്കുന്നതും അദ്ദേഹം വിലക്കി. ധനമന്ത്രിയായിരുന്ന കാലത്തെല്ലാം ഒരേ സ്യൂട്ടണിഞ്ഞ് പാര്‍ലമെന്റിലെത്തിയ മന്‍മോഹന്‍, ഓരോ പരിപാടിക്കും ലക്ഷക്കണക്കിന് രൂപയുടെ കോട്ടും സ്യൂട്ടുമണിയുന്ന നേതാക്കന്മാരുടെ നാട്ടില്‍ വ്യത്യസ്തനായി. ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്നവരെ 'ഓക്സണ്‍' എന്ന് വിളിക്കാറുണ്ട്. പക്ഷേ, ഒരിക്കല്‍ പോലും തന്റെ പേരിനൊപ്പം അങ്ങനെയൊരു വിശേഷണം മന്‍മോഹന്‍ സിങ് ചേര്‍ത്തിട്ടില്ല. റിക്ഷാക്കാരന്റെ ദൈന്യതയോര്‍ത്ത് ജീവിതത്തിലിതുവരെ സൈക്കിള്‍ റിക്ഷയില്‍ കയറാത്ത മന്‍മോഹന്‍ 1979-ല്‍ അമ്മ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും തിടുക്കപ്പെട്ടുള്ള ഓട്ടത്തില്‍ സൈക്കിള്‍ റിക്ഷ ഒഴിവാക്കിയെന്ന് മനോജ് മേനോന്‍ 2004-ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.
മൗനിബാബയല്ല, മാന്യബാബ
കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകളിലും സഖ്യകക്ഷി പടലപ്പിണക്കങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ മന്‍മോഹന്‍ സിങ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, നരസിംഹറാവു തുടങ്ങി സുപ്രധാന നേതാക്കളോടെല്ലാം അടുപ്പമുണ്ടായിരുന്നപ്പോഴും വ്യക്തിപരമായി മന്‍മോഹന്‍ സിങ് എപ്പോഴും അകലം പാലിച്ചു. പാര്‍ട്ടിക്കകത്തും പുറത്തും മാന്യത പുലര്‍ത്താന്‍ തലക്കനമില്ലാത്ത ആ തലപ്പാവുകാരന്‍ എപ്പോഴും ശ്രദ്ധിച്ചു. വിമര്‍ശനങ്ങള്‍ പോലും മാന്യമായിരുന്നു.
നരസിംഹ റാവു യുഗത്തിന് വിരാമമിട്ട് കോണ്‍ഗ്രസ് സോണിയയിലേക്ക് അടുക്കുമ്പോള്‍ റാവുവിനോട് പ്രതിപത്തിയുള്ള നേതാക്കളെല്ലാം ഒതുക്കപ്പെട്ടിരുന്നു. പക്ഷേ, കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനം സോണിയ ഏറ്റെടുത്തതു മുതല്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നയരൂപീകരണ സമിതികളിലെല്ലാം മന്‍മോഹന്‍ സിങ്ങുണ്ടായിരുന്നു. ഒരേസമയം റാവുവിനോടും സോണിയയോടും അടുപ്പം പുലര്‍ത്താന്‍ മന്‍മോഹന്‍ സിങ്ങിനായതും രാഷ്ട്രീയത്തിലെ കറകളഞ്ഞ മാന്യത കൊണ്ടാണ്. വിവാദങ്ങളില്‍നിന്ന് അകന്നു നില്‍ക്കാന്‍ മന്‍മോഹന്‍ സിങ് എപ്പോഴും ശ്രദ്ധിച്ചു. ബജറ്റ് തയ്യാറാക്കുന്ന സമയങ്ങളില്‍ 16 മുതല്‍ 18 മണിക്കൂര്‍ വരെ ത്ന്റെ ഓഫീസില്‍ ചെലവിട്ട മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് അന്നത്തെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സാമ്പത്തികവിദഗ്ധനിലെ രാഷ്ട്രീയക്കാരന്‍
ധനകാര്യവകുപ്പ് മന്ത്രിയായി നരസിംഹ റാവു ക്ഷണിക്കുമ്പോള്‍ മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകന്‍ പോലുമായിരുന്നില്ല മന്‍മോഹന്‍ സിങ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയെ കരകയറ്റാന്‍ സാമ്പത്തിക മേഖലയില്‍ മിടുക്കുള്ള രാഷ്ട്രീയ നേതാവിനേക്കാള്‍ എന്തുകൊണ്ടും ഒരു സാമ്പത്തിക വിദഗ്ധനാണ് അനുയോജ്യനെന്ന് റാവുവിന് തോന്നിയിരിക്കണം.അതേറെക്കുറേ ശരിയായിരുന്നു താനും. അന്നാ നിര്‍ദേശം റാവുവിന് മുന്നില്‍ വെച്ചത് മലയാളി കൂടിയായ പി.സി അലക്സാണ്ടർ ആയിരുന്നു. രാജ്യത്തിന്റെ വിദേശ നാണ്യനിക്ഷേപം 100 കോടി ഡോളര്‍ മാത്രമായി ചുരുങ്ങിയ നാളുകളിലാണ് മന്‍മോഹന്‍ സിങ് ധനമന്ത്രിസ്ഥാനം ഏറ്റെടുത്തത്. സോഷ്യലിസ്റ്റ് അടിസ്ഥാനത്തിലൂന്നിയ നെഹുറൂവിയന്‍ ഇക്കണോമിയില്‍നിന്ന് രാജ്യം ഉദാരീകരണത്തിലേക്ക് നീങ്ങുമ്പോള്‍ അമരത്ത് മന്‍മോഹന്‍ സിങ്ങായിരുന്നു.
നട്ടെല്ല് വളഞ്ഞ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ ഉദാരീകരണനയങ്ങള്‍ കൂടിയേ തീരുവെന്ന നിലപാട് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തിരികൊളുത്തി. പക്ഷേ, നയങ്ങള്‍ മാറ്റാന്‍ മന്‍മോഹന്‍ തയ്യാറായില്ല. കോണ്‍ഗ്രസിലെ ഇടതുചേരി ഇടഞ്ഞപ്പോഴും മന്‍മോഹന് കുലുക്കമുണ്ടായിരുന്നില്ല. ഒരു രാഷ്ട്രീയക്കാരനായിരുന്നു ധനമന്ത്രിയെങ്കില്‍ ഒരു പക്ഷേ, ആ സാഹചര്യത്തെ മറികടക്കാനോ വെല്ലുവിളികളെ അതിജീവിക്കാനോ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല. സാധാരണക്കാരന്റെ വേദനയോ പ്രശ്‌നങ്ങളോ മനസിലാവാത്ത മന്ത്രിയെന്ന വിമര്‍ശനങ്ങളെ മന്‍മോഹന്‍ സിങ് തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള നിര്‍ണായക പദ്ധതികള്‍ ആവിഷ്‌കരിച്ച് പില്‍ക്കാലത്ത് വായടപ്പിച്ചു.
മന്‍മോഹന്‍ സിങ് എന്ന വിദ്യാര്‍ഥി
ഫീസ് നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ കോളേജ് പഠനം മുടങ്ങിയ അമൃത്സറിലെ ഗലിബറി വാലിയിലെ സാധാരണ വിദ്യാര്‍ഥി പ്രധാനമന്ത്രി വസതിയായ റേസ്ഹോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വീട്ടിലേക്കെത്തിയത് കഠിനാധ്വാനത്തിന്റെ വിയര്‍പ്പു രുചിച്ചാണ്. അതായിരിക്കണം മന്‍മോഹന്‍ സിങ്ങിലെ ലാളിത്യത്തിന് പത്തര മാറ്റ്.
പടിഞ്ഞാറന്‍ പഞ്ചാബിലെ ഗായില്‍ അധ്യാപകനായിരുന്ന ഗുര്‍മുഖ്സിങ്ങിന്റെയും അമൃത്കൗറിന്റെയും മകനായി 1932 സപ്തംബര്‍ 26-നായിരുന്നു മന്‍മോഹന്റ ജനനം. പാകിസ്താനിലെ പെഷവാറില്‍നിന്ന് അമൃത്സറിലേക്ക് പലായനം ചെയ്ത കുടുംബമായതുകൊണ്ട് തന്നെ കുടുംബത്തിന് പരിമിതികള്‍ ഏറെയുണ്ടായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന മന്‍മോഹന്‍ സിങ് വിവിധ സ്‌കോളര്‍ഷിപ്പുകളോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ ലണ്ടനിലെ കേംബ്രിഡ്ജിലെ സെന്റ് ജോണ്‍സ് കോളേജില്‍ എം.എ എക്കണോമിക്സിന് ചേര്‍ന്നു. മികച്ച പ്രകടനത്തിനുള്ള റൈറ്റേഴ്സ് പുരസ്‌കാരവും ആഡം സ്മിത്ത് പുരസ്‌കാരവും നേടിയാണ് മന്‍മോഹന്‍ അവിടെ പഠനം പൂര്‍ത്തിയാക്കിയത്. നോബേല്‍ സമ്മാനജേതാക്കളടക്കം പഠിച്ച ഓക്സ്ഫോഡിലെ നഫീല്‍ഡ് കോളേജിലായിരുന്നു മന്‍മോഹന്റെ ഗവേഷണം.
പഠനകാലത്ത് മന്‍മോഹന്‍ സിങ് അവതരിപ്പിച്ച 'ഇന്ത്യയുടെ കയറ്റുമതിയും വളര്‍ച്ചാ സാധ്യതകളും' എന്ന പ്രബന്ധം അധ്യാപകരെ അമ്പരപ്പിച്ചുവെന്ന് അധ്യാപകനായിരുന്ന ഡോ. ഇയാന്‍ എം. ഡി ലിറ്റില്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. വാഗ്മി അല്ലാതിരുന്ന മന്‍മോഹന്‍ സിങ് തന്റെ ആശയങ്ങളുടെ ക്ലാരിറ്റി കൊണ്ട് അധ്യാപകരെ അത്ഭുതപ്പെടുത്തി.
തിരികെയെത്തിയ മന്‍മോഹനെ കാത്ത് പഞ്ചാബ് സര്‍വകലാശാലയുണ്ടായിരുന്നു. 31-ാം വയസില്‍ പ്രഫസറായി സര്‍വകലാശാല നിയമനം നല്‍കി. 'ആ പദവിക്ക് കുറഞ്ഞത് 50 വയസ് വേണം. അമേരിക്കക്കാര്‍ തട്ടിക്കൊണ്ട് പോവാതിരിക്കാനാണ് കന്നിക്കാരന് ആ പ്രമോഷന്‍ നല്‍കിയതെ'ന്ന് അന്നത്തെ പഞ്ചാബ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.സി ജോഷി പിന്നീട് പറഞ്ഞിട്ടുണ്ട്.പിന്നീട് മന്‍മോഹന്‍ സിങ് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായി. എഴുപതുകളിലും എണ്‍പതുകളിലും സര്‍ക്കാരിന് കീഴില്‍ നിര്‍ണായക പദവികളിലിരുന്നു.
അധ്യാപകനില്‍നിന്ന് പ്രധാനമന്ത്രി പദം വരെ എത്തിയ യാത്ര
പഠനത്തിന് ശേഷം ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് നെഹ്റുവിന്റെ വിശ്വസ്തനായ പാര്‍ലമെന്ററി സെക്രട്ടറി ലളിത് നാരായണ്‍ മിശ്ര മന്‍മോഹനെ വാണിജ്യ-വ്യവസായ വകുപ്പില്‍ ഉപദേശകനായി നിയമിക്കുന്നത്. ഇരുപത് വര്‍ഷത്തോളം സര്‍ക്കാരിന്റെ പല സ്ഥാനത്തും മന്‍മോഹന്‍സിങ് ഉണ്ടായിരുന്നു. 1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, 1972 -ല്‍ ചീഫ് എക്കണോമിക് അഡൈ്വസര്‍, 1976-ല്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍, 1982 -ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, 1985 -ല്‍ കേന്ദ്ര ആസൂത്രണകമ്മീഷന്‍ ചെയര്‍മാന്‍, 1987-ല്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, 1991-ല്‍ പ്രധാനമന്ത്രിയുട സാമ്പത്തിക ഉപദേഷ്ടാവ്, അതേവര്‍ഷംതന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍...ഇതിനിടെ ലോക വ്യാപാരസംഘടനയിലും ലോകബാങ്കിലും നിര്‍ണായക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുജിസി ചെയര്‍മാനായിരിക്കെയാണ് റാവു തന്റെ മന്ത്രിസഭയിലേക്ക് മന്‍മോഹനനെ ക്ഷണിക്കുന്നത്. ധനമന്ത്രിയായ ശേഷമാണ് മന്‍മോഹന്‍ രാജ്യസഭയിലൂടെ പാര്‍ലമൻറ് അംഗമാകുന്നത്.
'ഓഫീസിലിരിക്കുകയായിരുന്ന തന്നോട് കുളിച്ച് വേഷം മാറി സത്യപ്രതിജ്ഞ ചെയ്യാനെത്താന്‍ പ്രധാനമന്ത്രി നരസിംഹ റാവു ആവശ്യപ്പെടുകയായിരുന്നെ'ന്ന് മന്‍മോഹന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കര്‍ക്കശക്കാരനായ ബ്യൂറോക്രാറ്റില്‍ നിന്ന് രാഷ്ട്രീയക്കളികള്‍ അറിയുന്ന നേതാവാകാന്‍ മന്‍മോഹന്‍ ഒരിക്കലും മെനക്കെട്ടില്ല. വമ്പന്‍ ഗ്രൂപ്പ് പോരുകളും പാര്‍ട്ടി പ്രശ്നങ്ങളും നടക്കുമ്പോഴും മന്‍മോഹന്‍ സിങ് തന്റെ ജോലിയില്‍ വ്യാപൃതനായി. രാഷ്ട്രീയക്കളികളില്‍ മനംമടുത്ത് ധനമന്ത്രിയായി ആദ്യവര്‍ഷം തന്നെ രണ്ട് തവണയാണ് (രാസവള വില കൂട്ടുന്നത് സമ്മതിക്കാതിരുന്നപ്പോള്‍, ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്തെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചപ്പോള്‍) മന്‍മോഹന്‍ രാജിക്കൊരുങ്ങിയത്. പാര്‍ലമെന്റില്‍ റാവു ക്ലീന്‍ ചിറ്റ് നല്‍കിയാണ് മന്‍മോഹന്‍ സിങ്ങിന്റെ മനംമാറ്റിയത്.
അന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ലൈസന്‍സ് രാജ് സമ്പ്രദായം നീക്കം ചെയ്യാനും വിദേശനിക്ഷേപത്തിനായി വിപണികള്‍ തുറന്നിടാനും മന്‍മോഹന്‍ സിംഗ് നിര്‍ബന്ധിതനായി.നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങള്‍ വേണ്ടിവന്നാല്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമാണ് മന്‍മോഹന്‍ സിങ് അന്ന് നടപ്പാക്കിയത്. ഉദാരവല്‍ക്കരണം പ്രശംസയേക്കാളേറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിതുറന്നത്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു ധനതന്ത്രജ്ഞന് രാജ്യത്തെ സുപ്രധാന പദവി നല്‍കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വരെ വിമര്‍ശനമുയര്‍ന്നു. ചൈനയിലെ നേതാവായിരുന്ന ഡെന്‍ സിയാവോപിങിനോടാണ് കേന്ദ്രമന്ത്രിയായിരുന്ന പി.ചിദംബരം മന്‍മോഹന്‍ സിങ്ങിനെ ഉപമിച്ചത്. ലോക ബാങ്കിന്റേയും ഐ.എം.എഫിന്റേയും നയങ്ങളാണ് മന്‍മോഹന്‍ നടപ്പാക്കുന്നതെന്നും അത് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും വിമര്‍ശനമുയര്‍ന്നു. പക്ഷേ, ചിദംബരമടക്കം പിന്നീട് വന്ന മുഴുവന്‍ ധനമന്ത്രിമാരും ഉദാരവത്കരണം ശക്തമാക്കുകയാണുണ്ടായത് എന്നതും മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക നയങ്ങള്‍ 'മന്‍മോഹനോമിക്സ്' എന്ന പേരില്‍ പ്രശസ്തമായതും മറ്റൊരു ചരിത്രം.
2004-ല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് ഇടത് പിന്തുണയോടെ രൂപീകരിച്ച ഒന്നാം യു.പി.എ. സര്‍ക്കാരില്‍ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് എത്തുന്നത് വലിയ രാഷ്ട്രീയ നാടകത്തിനൊടുവിലാണ്. പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം നിര്‍ദേശിച്ചത് സോണിയ ഗാന്ധിയെ ആയിരുന്നു. ഒരു വിദേശവനിത രാജ്യത്തിന്റെ പ്രധാനമന്ത്രിയാകേണ്ടെന്ന നിലപാടില്‍ ബി.ജെ.പി. വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. തന്റെ പേരില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാവരുതെന്ന് ഉറപ്പിച്ച് പറഞ്ഞ സോണിയ പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന നിലപാടെടുത്തു. അഴിമതിക്കേസില്‍ അകപ്പെട്ടാല്‍ പോലും രാജിവെക്കാത്ത മന്ത്രിമാര്‍ക്കിടയില്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച് തലയുയര്‍ത്തി നിന്ന സോണിയയുടെ ആ തീരുമാനത്തെ 'ത്യാഗ' മെന്നാണ് അന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സോണിയ അല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യത്തിന് രാഷ്ട്രീയനിരീക്ഷകര്‍ക്കിടയില്‍ മന്‍മോഹന്‍ സിങ് എന്ന ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, ധനമന്ത്രിയായിരുന്നപ്പോള്‍ എതിര്‍പ്പുമായെത്തിയ ഇടതുപക്ഷത്തിന് പോലും.
1998-ല്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വീര്‍ സാംഗ്‌വിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്‍മോഹനോട് ചോദിക്കുന്നുണ്ട്, ഇനിയും ധനമന്ത്രിയാകുമോ എന്ന്. ''ഇല്ല. തിരിച്ചുപോക്ക് ശരിയല്ലന്നാണ് എന്റെ അഭിപ്രായം.'' ''മറ്റേതെങ്കിലും വകുപ്പ് കൈകകാര്യം ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ?'' ''ഉണ്ട്. മാനവശേഷി വികസന വകുപ്പ്. അല്ലെങ്കില്‍ ഊര്‍ജമന്ത്രാലയം.'' അവസാനത്തെ ചോദ്യം. ''പ്രധാനമന്ത്രി ആകണമെന്നുണ്ടോ?'' മറുപടി ഒരു മറുചോദ്യമായിരുന്നു. ''ആര്‍ക്കാണ് പ്രധാനമന്ത്രിയാകണമെന്നില്ലാത്തത്?'' സാമ്പത്തികകാര്യത്തില്‍ മാത്രമല്ല, മറ്റിടങ്ങളിലും മന്‍മോഹന്റെ വാക്കുകള്‍ക്ക് പ്രവചനശേഷിയുണ്ടെന്ന് ഈ അഭിമുഖം ഒരുവേള തോന്നിപ്പിച്ചു
മന്‍മോഹന്‍ സര്‍ക്കാര്‍ ഭരിച്ച പത്ത് വര്‍ഷത്തിനിടെ ഉണ്ടായ പ്രധാന നിയമനിര്‍മ്മാണങ്ങള്‍
വിവരാവകാശ നിയമം(2005)
6 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസ നിയമം (2009)
The Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2012
ഇന്ത്യന്‍ കമ്പനീസ് ആക്ട് (2013)
സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിര്‍മ്മാണം
ലോക്പാല്‍ & ലോകായുക്ത ആക്ട്
ഭക്ഷ്യ സുരക്ഷാ നിയമം
Street Vendors (Protection of Livelihood and Regulation of Street Vending) Act, 2012
അധികാരത്തിലിരുന്ന പത്ത് വര്‍ഷം രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌കരണങ്ങള്‍ക്കാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ തുടക്കമിട്ടത്. ഐ.ഐ.ടികള്‍, നിര്‍ബന്ധിത വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക ജാതിക്കാര്‍ക്കായി 27% സംവരണം, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റി. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയുടെ തോത് കുറക്കാന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സര്‍ക്കാര്‍ പദ്ധതികളിലെ ജനകീയമുഖത്തിന് എക്കാലവും ഉദാഹരണമായി. മന്‍മോഹന്‍ സര്‍ക്കാരാണ് 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം നാഷണല്‍ ഇൻവെസ്റ്റിഗേഷന്‍ ഏജന്‍സി രൂപീകരിച്ചത്. കശ്മീര്‍ പ്രശ്നത്തില്‍ കൃത്യമായ ഇടപെടലുപകള്‍ നടത്താനായില്ലെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കാന്‍ സര്‍ക്കാരിനായി.
പ്രണബ് മുഖര്‍ജിയെ പോലെ തഴക്കവും വഴക്കവും കൈവന്ന ഒരുപറ്റം നേതാക്കളെ മറികടന്നാണ് മന്‍മോഹനെ സോണിയ പ്രധാനമന്ത്രി കസേരയിലേക്ക് തിരഞ്ഞെടുത്തത്. അതെ, ശരിക്കും 'ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍' തന്നെയായിരുന്നു അദ്ദേഹം
വിപണി തുറന്നുകൊടുത്തതിലൂടെ കുത്തകകള്‍ക്ക് തീറെഴുതി എന്ന് പ്രതിപക്ഷം മന്‍മോഹനെ വിമര്‍ശിച്ചു. സ്വകാര്യവത്കരണവും ഓഹരി വിറ്റഴിക്കലും വരവായി. അന്ന് അതിനെ എതിര്‍ത്ത ബിജെപി അധികാരത്തിലെത്തിയപ്പോള്‍ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ യുപിഎ കാലത്ത് നിന്ന് ലാഭത്തിലുള്ളതുകൂടി വിറ്റു. അതിന് ശേഷം ഒരു സാമ്പത്തിക മാന്ദ്യവും കോവിഡ് കാലവും ഇന്ത്യ അതിജീവിച്ചു. ശ്രീലങ്ക പോലെയോ ഒക്കെ തകര്‍ച്ചയുടെ വക്കിലായിരുന്ന രാജ്യത്തെ ഒറ്റ തീരുമാനത്തിലൂടെ തിരിച്ചെത്തിച്ചത് മന്‍മോഹന്‍ ഇക്കണോമിക്സായിരുന്നു എന്ന് ഇന്ന് ആരും സമ്മതിക്കും
കോണ്‍ഗ്രസ്സില്‍ ഏറ്റവും സ്വീകാര്യനായ നോതാവായി മന്‍മോഹന്‍ സിങ് മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴൊക്കെ ജനം മന്‍മോഹന്‍ സിങ്ങെന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. ജീവിതമാണ് രാഷ്ട്രീയമെന്നും പ്രസംഗമല്ല, പ്രവര്‍ത്തനമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും മന്‍മോഹന്‍ തന്റെ ജീവിതത്തിലൂടെ കാട്ടിത്തരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group