കാഞ്ഞങ്ങാട് : തീവ്രവാദിസംഘടനകളുമായി ബന്ധമുള്ള മുഹമ്മദ് ഷാബ് ഷെയ്ക്കിന്റെ അറസ്റ്റിലേക്കെത്തിയത് അസമിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിന്റെ നാലുവർഷത്തിലധികം നീണ്ട അന്വേഷണം. അസമിൽ യു.എ.പി.എ. ചുമത്തപ്പെട്ട ഇയാൾ കേരളത്തിലേക്കാണ് കടന്നതെന്ന് ഇവർക്ക് മനസ്സിലായത് അടുത്തകാലത്താണ്. കേരളത്തിൽ എവിടെയാണെന്ന നിരീക്ഷണമായിരുന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടേത്. 2018 മുതൽ കേരളത്തിൽ വന്നുപോയിക്കൊണ്ടിരിക്കുന്നയാളാണ് മുഹമ്മദ് ഷാബ് ഷെയ്ക്ക്. ഈ ജില്ലയിൽ നിരവധി പ്രദേശങ്ങളിൽ ഇയാൾ നല്ല സൗഹൃദമുണ്ടാക്കി.
കെട്ടിടനിർമാണ മേഖലയിലെ മേസ്ത്രിമാരുമായും ഉത്തരേന്ത്യക്കാരായ തൊഴിലാളികളുമായും ഉണ്ടാക്കിയ ബന്ധം പിന്നീട് ഉപയോഗിക്കുകയായിരുന്നു. അസം പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി കേരളത്തിലേക്ക് താമസം മാറ്റി. കാസർകോട്ടെത്തിയപ്പോൾ വിവിധ സ്ഥലങ്ങളിൽ മാറിത്താമസിച്ചു. പാൻകാർഡും ആധാർകാർഡും വോട്ടർ ഐ.ഡി. കാർഡുമെല്ലാം ഇയാളുടെ കൈവശമുണ്ട്. എല്ലാം വ്യാജമാണെന്ന് മാത്രം.
പഠിച്ചത് അഞ്ചാംക്ലാസ് വരെ, സെൽഫോൺ ഉപയോഗത്തിൽ അഗ്രഗണ്യൻ
ഏറ്റവും പുതിയ ആപ്ലിക്കേഷൻ ഉൾപ്പെടെ സെൽഫോൺ ഉപയോഗത്തിൽ അഗ്രഗണ്യനാണ് മുഹമ്മദ് ഷാബ് ഷെയ്ക്കെന്ന് പോലീസ് പറഞ്ഞു. അഞ്ചാംക്ലാസ് വരെ മാത്രമാണ് ഇയാൾ പഠിച്ചത്. രാത്രിയിൽ ഏറെ വൈകിയും ഫോണിലൂടെ സംസാരിക്കുമെന്ന് ഒപ്പമുള്ളവർ പോലീസിന് മൊഴി നൽകി. വീട്ടിലേക്ക് വിളിക്കുന്നതാണെന്നാണ് ഇവർ കരുതിയിരുന്നത്. എന്നാൽ ചില തീവ്രവാദസംഘടനകളുടെ ആളുകളുമായാണ് സംസാരമെന്ന സൂചനയാണ് അസം പോലീസ് നൽകുന്നത്.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സിബി തോമസ്, ഇൻസ്പെക്ടർ പി.പ്രമോദ്, ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്കുമാർ, ഐ.ബി. ഉദ്യോഗസ്ഥർ എന്നിവർ അസം സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പുലർച്ചെ പടന്നക്കാട്ടെ ക്വാർട്ടേഴ്സിൽ പ്രതിയെ പിടിക്കാനായി പോയ സംഘത്തിൽ ഹൊസ്ദുർഗ് ഇൻസ്പെക്ടർക്കു പുറമെ എസ്.ഐ. കെ.അനുരൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷൈജുമോഹൻ വെള്ളൂർ, ജ്യോതിഷ് അതിയാമ്പൂർ, സിവിൽ പോലീസ് ഓഫീസർ ബിജു മണലിൽ, ഡ്രൈവർ പി.രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
താമസിച്ച ഇടങ്ങളിലേക്ക് അന്വേഷണം
മുഹമ്മദ് ഷാബ് ഷെയ്ക്ക് താമസിച്ച ഇടങ്ങളിലെല്ലാം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ചെർക്കള, ചട്ടഞ്ചാൽ, ഉദുമ, പടന്നക്കാട്, പള്ളിക്കര തുടങ്ങിയ ഇടങ്ങളിലാണ് ഇയാൾ മാറിമാറിത്താമസിച്ചത്. പശ്ചിമബംഗാളിലെ വിലാസമുള്ള വ്യാജ തിരിച്ചറിയൽ കാർഡാണ് ഇയാൾ എല്ലായിടത്തും നൽകിയത്.
ഒപ്പം പണിയെടുത്തവരെയും ഇയാളെ പണിക്ക് വിളിച്ച കെട്ടിടനിർമാണ കരാറുകാരെയുമെല്ലാം പോലീസ് ചോദ്യംചെയ്യും. ഇയാൾക്കൊപ്പം വേറെയും ആളുകൾ ബംഗ്ലാദേശിൽനിന്ന് ഇവിടെ എത്തിയിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group