ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്ജി ശേഖര്‍കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശങ്ങളില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം കൈമാറാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശവും പ്രസംഗവും പരിശോധിക്കുന്നതെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ മാധ്യമ വാര്‍ത്തകള്‍ സുപ്രീംകോടതി ശ്രദ്ധിച്ചുവെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ നിന്ന് തേടിയിട്ടുണ്ടെന്നും കോടതി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മാധ്യമ വാര്‍ത്തളുടെ അടിസ്ഥാനത്തിലാണ് അലഹബാദ് ഹൈക്കോടതിയോട് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശേഖര്‍കുമാര്‍ യാദവിനെതിരേ ശക്തമായ നടപടി വേണെന്ന് വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി കത്തുകളാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ലഭിച്ചിട്ടുള്ളത്. ആഭ്യന്തര അന്വേഷണം വേണമോ എന്നതടക്കം ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്. വിശ്വഹിന്ദുപരിഷത്തിന്റെ ചടങ്ങില്‍ സംസാരിച്ചതിന്റെ പൂര്‍ണരൂപം ലഭിച്ചതിന് ശേഷം ആഭ്യന്തര അന്വേഷണ സമതി രൂപികരിക്കുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കാനാണ് സാധ്യത.
ശേഖര്‍കുമാര്‍ യാദവിനെതിരേ ഇംപീച്ച്‌മെന്റ് നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്നാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ അറിയിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പിന്തുണയും ഇക്കാര്യത്തില്‍ അദ്ദേഹം തേടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അദ്ദേഹത്തിനെതിരേ നടപടി ഉണ്ടാകാനാണ് സാധ്യത.
ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് ഇന്ത്യയില്‍ നടപ്പാകുകയെന്നാണ് ശേഖര്‍ കുമാര്‍ യാദവ് വിശ്വഹിന്ദു പരിഷത്ത് പരിപാടിയില്‍ പറഞ്ഞത്. ഏക സിവില്‍കോഡ് ഉടന്‍ നടപ്പാകും. രാജ്യത്തെ ഇസ്‌ലാം മതവിശ്വാസികള്‍ ഹൈന്ദവാചാരങ്ങള്‍ പിന്തുടരണമെന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍, ഹൈന്ദവ ആചാരങ്ങളെ നിന്ദിക്കരുത്. ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതിന് ഒരു ന്യായീകരണവുമില്ല. മുത്തലാഖ് പോലുള്ളവ ഇന്ത്യയില്‍ അനുവദിക്കില്ല. കുട്ടികളെ നമ്മള്‍ സഹിഷ്ണുതയും മൃഗങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കണമെന്നും പഠിപ്പിക്കുന്നു. എന്നാല്‍, അവരുടെ മുന്നില്‍വെച്ചുതന്നെ മൃഗങ്ങളെ കൊല്ലുകയാണ്. ഇത് എങ്ങനെ നല്ലമാതൃകയാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group