ന്യൂഡൽഹി: വനിതാ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ മികവ് വിലയിരുത്താൻ മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കുന്ന മാനദണ്ഡങ്ങളിൽ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഗർഭം അലസിയതിനെത്തുടർന്ന് വനിതാജഡ്ജിക്കുണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ പരിഗണിക്കാതിരുന്നതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്. പുരുഷന്മാർക്കും ആർത്തവമുണ്ടായിരുന്നെങ്കിൽ അവർക്കത് മനസ്സിലാവുമായിരുന്നെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.
പ്രകടനം മോശമാണെന്നുപറഞ്ഞ് രണ്ട് വനിതാ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. അതിലൊരാൾ ഒരുവർഷത്തിൽ രണ്ടുകേസുകൾ മാത്രമാണ് തീർപ്പാക്കിയതെന്നും ഇത് ശരാശരിയിൽ താഴെയുള്ള പ്രകടനമാണെന്നുമാണ് ഹൈക്കോടതി വിലയിരുത്തിയത്. എന്നാൽ സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചപ്പോൾ അവർക്ക് ഗർഭം അലസിപ്പോയിരുന്നതായും ജോലിചെയ്യാൻ കഴിയാത്തവിധം മാനസിക-ശാരീരിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായും ബോധ്യപ്പെട്ടു. അവരുടെ സഹോദരന് അർബുദമായിരുന്നെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഇങ്ങനെയാണോ വനിതാ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഹൈക്കോടതികൾ കൈകാര്യംചെയ്യുന്നതെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഗർഭിണിയാവുകയും പിന്നീടത് അലസിപ്പോവുകയും ചെയ്യുന്ന സ്ത്രീയുടെ മാനസികാവസ്ഥ മനസ്സിലാക്കണം. പുരുഷന്മാർക്കും ആർത്തവമുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നതായും എന്നാൽമാത്രമേ അവരത് മനസ്സിലാക്കൂവെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഡിസംബർ 12-ന് വാദം തുടരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group