മംഗളൂരു: കബനീദളം നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ മാവോവാദികളോട് കീഴടങ്ങാനുള്ള നിർദേശവുമായി സർക്കാർ. 'ഏറ്റുമുട്ടലിന് നക്സൽവിരുദ്ധസേനയ്ക്ക് താത്പര്യമില്ല, കീഴടങ്ങുന്നതാണ് അവർക്ക് ഉചിതം. അങ്ങനെ കീഴടങ്ങുന്നവർക്ക് കേസ് കഴിഞ്ഞാൽ പുനരധിവാസ പാക്കേജ് നൽകും' -കർണാടക ആഭ്യന്തര സുരക്ഷാ ഡി.ജി.പി. പ്രണബ് മൊഹന്തി വ്യക്തമാക്കി.
കഴിഞ്ഞദിവസം ഏറ്റുമുട്ടൽ നടന്ന ഹെബ്രിയിലെത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷയാണ് സർക്കാറിന്റെ ലക്ഷ്യം അവർക്ക് മാവോവാദികളുടെ ഭയമില്ലാതെ ജീവിക്കാനാകണം -അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടൽ മുൻകൂട്ടി പദ്ധതിയിട്ടതായിരുന്നില്ല. മാവോവാദികളും നക്സൽ വിരുദ്ധസേനയും മുഖാമുഖം കണ്ടപ്പോൾ സുരക്ഷയ്ക്കായി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട വിക്രം ഗൗഡയിൽനിന്ന് ഒറ്റട്രിഗറിൽ 60 റൗണ്ട് വരെ വെടിയുതിർക്കാനാകുന്ന അത്യാധുനിക തോക്കും മൂന്ന് എം.എം. പിസ്റ്റളും കത്തിയും കണ്ടെടുത്തതായി ഡി.ജി.പി. വ്യക്തമാക്കി. വിക്രം അപകടകാരിയായ മാവോവാദി നേതാവാണ്. കൊലപാതകമുൾപ്പെടെ കർണാടകയിൽ 64-ഉം കേരളത്തിൽ 50-ഉം കേസുകൾ അയാൾക്കെതിരെയുണ്ട്. മഹാദേവ് എന്ന പോലീസുകാരനെയും സദാശിവ ഗൗഡ, വെങ്കടേശ് എന്നിവരെ കൊന്നതും അയാളാണ് -അദ്ദേഹം പറഞ്ഞു.
വിക്രം ഗൗഡയ്ക്ക് ജന്മനാട്ടിൽ അന്ത്യവിശ്രമം
മംഗളൂരു: മണിപ്പാൽ ആശുപത്രിയിൽനിന്ന് മൃതദേഹ പരിശോധനയ്ക്കുശേഷം വിക്രം ഗൗഡയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ നഡ്പാൽ കുഡ്‌ലുവിലേക്ക് കൊണ്ടുപോയി ബുധനാഴ്ച വൈകിട്ടോടെ നൂറുകണക്കിന് പ്രദേശവാസികളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
സഹോദരൻ സുരേഷ് ഗൗഡ അന്ത്യകർമങ്ങൾ നടത്തി. സഹോദരി സുഗുണയും ഒപ്പമുണ്ടായിരുന്നു. മണിപ്പാലിൽനിന്ന് മൃതദേഹം കൊണ്ടുവരുന്ന വഴി ആംബുലൻസ് അപകടത്തിൽപ്പെട്ടത് ആശങ്ക പരത്തി. പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് റോഡിലെ ഓവുചാലിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരെത്തി വാഹനം റോഡിലേക്ക് മാറ്റി. ഇതേ ആംബുലൻസ് യാത്രതുടർന്നു.
ഏറ്റുമുട്ടൽ മരണം: അന്വേഷണം വേണം
നക്സൽവിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ വിക്രം ഗൗഡ കൊല്ലപ്പെട്ട സംഭവത്തിൽ എഫ്.ഐ.ആർ. ഇടണമെന്നും അന്വേഷണം നടത്തണമെന്നും മുൻ മാവോവാദി നേതാക്കളായ നൂർ ശ്രീധർ, ശ്രീമനെ നാഗരാജ് എന്നിവർ ആവശ്യപ്പെട്ടു. ഏറ്റുമുട്ടൽ വ്യാജമാണെന്ന് സംശയിക്കുന്നു. അതുകൊണ്ടുതന്നെ റിട്ട. ജഡ്ജി സംഭവം അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
തിരച്ചിലിന് ഡ്രോണും
ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോവാദികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിനിടെ മൂന്നുപേരാണ് ഹെബ്രി പീതബൈലു കാട്ടിലേക്ക് രക്ഷപ്പെട്ടത്. ഇവർക്കായുള്ള തിരച്ചിലിന് പോലീസ് നായയെയും ഡ്രോണുളും എത്തിച്ചിട്ടുണ്ട്. 20 അംഗ നക്സൽവിരുദ്ധസേന ഹെബ്രിയിൽ തമ്പടിച്ച് തിരച്ചിൽ തുടരുകയാണ്.
നഗരസഭാധ്യക്ഷനെ ചെരിപ്പുമാലയണിച്ച സംഭവം മാവോവാദി കമാൻഡർ സോമനെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു
കാസർകോട് : കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനായിരിക്കെ എൻ.എ. ഖാലിദിനെ ഓഫീസിൽ കയറി ചെരിപ്പുമാലയണിച്ച കേസിൽ മാവോവാദി കബനീദളം കമാൻഡർ കൽപ്പറ്റ സ്വദേശി സോമനെ കാസർകോട് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയിൽ (രണ്ട്) ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കേസിൽ 26-ന് വിചാരണ ആരംഭിക്കും. മാവോവാദി കബനീദളം നേതാവ് വിക്രം ഗൗഡയെ കർണാടക കാർക്കളയ്ക്കു സമീപം വെടിവച്ച് കൊലപ്പെടുത്തിയ സാഹചര്യത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് സോമനെ കാസർകോട്ടെത്തിച്ചത്.
2007-ലാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന് നിയമം ലംഘിച്ച് ലൈസൻസ് അനുവദിച്ചുവെന്നാരോപിച്ചായിരുന്നു സോമനുൾപ്പെടെ ഒരു സംഘം നഗരസഭാധ്യക്ഷനെ ചെരിപ്പുമാലയണിച്ചത്.
മുദ്രാവാക്യംവിളികളുമായി എത്തിയ സംഘം ഖാലിദിനെ ശാരീരികമായി ആക്രമിച്ചുവെന്നാണ് കേസ്. സംഭവത്തിനുശേഷം സോമനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഹൊസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ജൂലായിയിലാണ് സോമൻ തീവ്രവാദവിരുദ്ധസേനയുടെ പിടിയിലാകുന്നത്.
തുടർന്ന് ഒക്ടോബർ 24-ന് കാഞ്ഞങ്ങാട്ടെ കേസിൽ കാസർകോട് കോടതിയിൽ ഹാജരാക്കിയിരുന്നു. രണ്ടാഴ്ച മുൻപ് കേസ് പരിഗണിക്കുമെന്നറിയിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെ കിട്ടാത്തതിനാൽ അന്ന് ഹാജരാക്കിയിരുന്നില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group