മൂന്നാം മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാകും പെന്‍ഷന്‍ പരിഷ്‌കരണം. 2004ന് ശേഷം ജോലിയില്‍ പ്രവേശിച്ച 87 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും
അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പാക്കുന്ന രീതിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിച്ചേക്കും. പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ചുപോകാതെ എന്‍പിഎസ് പ്രകാരം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ 2023 മാര്‍ച്ചില്‍ ടി. വി സോമനാഥന്റെ അധ്യക്ഷനായ സമിതിയെ മോദി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
ആന്ധ്രയില്‍ നടപ്പാക്കിയ എന്‍പിഎസ് മാതൃകയാകും ഇതിനായി പരിഗണിക്കുകയെന്ന് അറിയുന്നു. അതുപ്രകാരം സേവന വര്‍ഷവും അതിനിടെയുള്ള പിന്‍വലിക്കലും പരിഗണിച്ച് അവസാന ശമ്പളത്തിന്റെ 40 മുതല്‍ 50 ശതമാനംവരെ ഉറപ്പുള്ള പെന്‍ഷന്‍ നല്‍കാനാണ് ശ്രമം. പെന്‍ഷനായി സമാഹരിച്ച തുകയില്‍ കുറവുണ്ടായാല്‍ ബജറ്റ് വിഹിതത്തില്‍നിന്ന് നല്‍കാനാണ് നിര്‍ദേശം.
പദ്ധതി നടപ്പാക്കിയാല്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാകും പെന്‍ഷന്‍ പരിഷ്‌കരണം. 2004ന് ശേഷം ജോലിയില്‍ പ്രവേശിച്ച 87 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. കേന്ദ്ര സ്വീകരിക്കുന്ന പെന്‍ഷന്‍ മാതൃകയാണല്ലോ പൊതുവെ സംസ്ഥാനങ്ങളും പിന്തുടരുന്നത്.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് പോകുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗ്യാരണ്ടീഡ് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിലതെങ്കിലും എന്‍പിഎസിലേക്ക് തിരികെവരാന്‍ സാധ്യതയുണ്ട്.
അതേസമയം, സേവന കാലയളവില്‍ ജീവനക്കാരില്‍നിന്ന് സമാഹരിച്ച തുക ആന്വിറ്റിയിലോ സമാനമായ പദ്ധതികളിലോ നിക്ഷേപിച്ചാല്‍ അവസാനത്തെ ശമ്പളത്തിന്റെ 50 ശതമാനത്തോളം പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനായി സര്‍ക്കാരിന്റെ പ്രത്യേക സഹായം ആവശ്യമില്ലെന്നും പറയുന്നു.
പഴയ സ്‌കീം
പഴയ പെന്‍ഷന്‍ സ്‌കീം പ്രകാരം(2004ന് മുമ്പുള്ള ജീവനക്കാര്‍ക്ക്) 20 വര്‍ഷത്തെ സേവന കാലയളവ് ഉണ്ടെങ്കില്‍ അവസാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ലഭിക്കും. ജീവനക്കാര്‍ വിഹിതം അടക്കേണ്ടതില്ല. 10 വര്‍ഷത്തില്‍ കൂടതലും 20 വര്‍ഷത്തില്‍ താഴെയുമാണ് സേവന കാലയളവെങ്കില്‍ ആനുപാതിക അടിസ്ഥാനത്തിലാണ് പെന്‍ഷന് അര്‍ഹതയുണ്ടാകുക.
നിലവിലെ പെന്‍ഷന്‍(എന്‍പിഎസ്)
നിലവിലെ എന്‍പിഎസ് മാനദണ്ഡ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം 14 ശതമാനമാണ്. ജീവനക്കാര്‍ 10 ശതമാനവും എന്‍പിഎസിലേക്ക് അടക്കണം. പെന്‍ഷനാകുമ്പോള്‍ അതുവരെയുള്ള നിക്ഷേപത്തില്‍നിന്ന് 40 ശതമാനം പെന്‍ഷന്‍ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണം. ഇതില്‍നിന്നാണ് പെന്‍ഷന്‍ ലഭിക്കുക. ബാക്കിയുള്ള 60 ശതമാനം ജീവനക്കാര്‍ക്ക് പിന്‍വലിക്കാം. ഈ തുകയ്ക്ക് ആദായ നികുതി ബാധ്യതയില്ല.
ആന്ധ്ര മോഡല്‍
ആന്ധ്രപ്രദേശ് ഗ്യരണ്ടീഡ് പെന്‍ഷന്‍ സിസ്റ്റം(എപിജിപിഎസ്) നിയമം 2023 പ്രകാരം അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പ്രതമാസ പെന്‍ഷന്‍ ഉറപ്പാക്കുന്നു. ജീവനക്കാരന്റെ കാലശേഷം ജീവിത പങ്കാളിക്ക് ഗ്യാരണ്ടീഡ് തുകയുടെ 60 ശതമാനം പെന്‍ഷനും നല്‍കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group