സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം; അഭ്യൂഹങ്ങളിൽ കേന്ദ്രമന്ത്രി സ്ഥാനം
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ഡൽഹിയിലെത്തുന്നത്. സഹമന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ സുരേഷ് ഗോപിയിലൂടെയാണ് ആദ്യമായി ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുന്നത്. തമിഴ്നാട്ടിൽ ബിജെപിക്ക് എംപിമാരില്ല. അതിനാൽ പ്രധാന വകുപ്പ് ലഭിക്കുമെന്ന സൂചനകളുണ്ട്. ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി.
കേരളത്തിൽ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ ബിജെപിയുടെ പ്രധാന കേന്ദ്ര നേതാക്കൾ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സുരേഷ് ഗോപിക്കായി രണ്ടു തവണയാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. സുരേഷ് ഗോപിയോട് തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദേശിച്ചതും ആവശ്യമായ പിന്തുണ നൽകിയതും കേന്ദ്ര നേതൃത്വമാണ്. സുരേഷ് ഗോപിയുടെ വിജയത്തിലൂടെ കൂടുതൽ നേട്ടത്തിനാണ് കേരളത്തിൽ ബിജെപി ശ്രമിക്കുന്നത്.
തിരുവനന്തപുരത്തും ആറ്റിങ്ങലും ആലപ്പുഴയിലും ബിജെപി സ്ഥാനാർഥികൾ മികച്ച പ്രകടനമാണ് നടത്തിയതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. രാജ്യസഭാ സീറ്റിലൂടെ അധികാരം ലക്ഷ്യമിടാതെ ലോക്സഭയിലും നിയമസഭയിലും നേട്ടമുണ്ടാക്കാനാണ് ബിജെപി നേതൃത്വം നിർദേശിച്ചിരുന്നത്. സുരേഷ് ഗോപി ആ ലക്ഷ്യം കൈവരിച്ചതോടെ അർഹിക്കുന്ന പദവി ലഭിക്കുമെന്ന് ഉറപ്പാണ്.
രാജ്യസഭയിലേക്ക് കേരളത്തിൽനിന്ന് ഇനി അടുത്തെങ്ങും ആരെയും പരിഗണിക്കാൻ സാധ്യതയില്ല. രാജീവ് ചന്ദ്രശേഖറിന് വീണ്ടും മന്ത്രിസ്ഥാനം ലഭിച്ചേക്കും. വി.മുരളീധരനെയും പരിഗണിക്കാനാണ് സാധ്യത. ഒ.രാജഗോപാലും വി.മുരളീധരനും, അൽഫോൺസ് കണ്ണന്താനവുമാണ് കേരളത്തിൽനിന്ന് മുൻപ് ബിജെപിയുടെ കേന്ദ്രമന്ത്രിമാരായത്. പി.സി.തോമസ് എൻഡിഎ സഖ്യത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group