രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്. ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമനാണ് പരാതി നൽകിയത്. ഹാത്തിഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
മോദിയുടെ പരാമർശം അത്യന്തം രാജ്യനിന്ദ നിറഞ്ഞതാണ്. ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ഗാന്ധിക്കെതിരായ പരാമർശം സഹിക്കാവുന്നതല്ല. ഉചിതമായ നിയമപ്രകാരം മോദിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
എ.ബി.പി ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് മഹാത്മ ഗാന്ധിക്കെതിരെ പരിഹാസ പരാമർശം നരേന്ദ്ര മോദി നടത്തിയത്. 1982ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മ ഗാന്ധിയെ കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നു എന്നാണ് മോദി പറഞ്ഞത്.
''ലോകത്തിലെ തന്നെ പ്രമുഖനായ വ്യക്തിയാണ് ഗാന്ധി. 75വർഷത്തിനിടെ അദ്ദേഹത്തിന്റെ മഹത്വം ലോകത്തെയറിയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയായിരുന്നു. ആരും അതെ കുറിച്ച് മനസിലാക്കിയില്ല. എന്നാൽ ഗാന്ധി സിനിമ പുറത്തിറങ്ങിയതോടെ അദ്ദേഹത്തെ ലോകമറിഞ്ഞു. നമ്മളത് ചെയ്തില്ല.''-മോദി അവകാശപ്പെട്ടു. മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ഡേലയെയും ലോകത്തിന് നന്നായി അറിയാം. എന്നാൽ ഗാന്ധിജിയെ അത്രകണ്ട് അറിയില്ല. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് ഞാനിത് പറയുന്നത്. -മോദി പറഞ്ഞു.
ടെലിവിഷൻ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനമാണ് രാജ്യത്ത് ഉയർന്നുവന്നത്. പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ കോൺഗ്രസ് ആണ് ആദ്യം രംഗത്തുവന്നത്. ആർ.എസ്.എസുകാർക്ക് ഗാന്ധിയുടെ പൈതൃകമറിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ശാഖയിൽ പരിശീലനം നേടിയവരും ഗോദ്സേയുടെ അനുയായികളുമായ ആർ.എസ്.എസുകാർക്ക് ഗാന്ധിജിയെക്കുറിച്ച് ഒന്നുമറിയില്ല. ഹിന്ദുസ്ഥാന്റെ ചരിത്രവും അവർക്കറിയില്ല. ഗാന്ധിയെക്കുറിച്ച് മോദി ഇങ്ങനെയേ പറയൂവെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. മഹാരഥന്മാരായ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, നെൽസൺ മണ്ടേല, ഐൻസ്റ്റീൻ തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളെല്ലാം ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ്. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് മുതിരുന്നില്ലെന്നും ആർ.എസ്.എസുകാരുടെ ലോകം ശാഖ മാത്രമാണെന്നും രാഹുൽ പരിഹസിച്ചു.
വിവേകാനന്ദപ്പാറയിൽ ഇരുന്നാലോ ഗംഗാ നദിയിൽ മുങ്ങിക്കുളിച്ചാലോ ഗാന്ധിജിയെ മനസ്സിലാക്കാൻ കഴിയില്ലെന്നും അതിന് പഠിക്കുകതന്നെ വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു. ജൂൺ നാലിനുശേഷം മോദിക്കും മറ്റ് ബി.ജെ.പി നേതാക്കൾക്കും ഗാന്ധിയെക്കുറിച്ച് വായിക്കാൻ ധാരാളം സമയം ലഭിക്കും. അവർ അദ്ദേഹത്തിന്റെ ജീവചരിത്രവും ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകവും നിർബന്ധമായും വായിക്കണം. മഹാത്മാഗാന്ധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലെങ്കിൽ ഭരണഘടനയെക്കുറിച്ചും അദ്ദേഹത്തിന് അറിയില്ലായിരിക്കാം. ഗാന്ധിജിക്ക് സ്വരാജിനെക്കുറിച്ച് ഒരു ദർശനമുണ്ടായിരുന്നു, അദ്ദേഹം അതിനായി പോരാടിയെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് എക്സിൽ ആരോപിച്ചു. ''സ്ഥാനമൊഴിയുന്ന ഒരു പ്രധാനമന്ത്രിയാണ് 1982ൽ ഗാന്ധി സിനിമ പുറത്തിറങ്ങുന്നത് വരെ ലോകത്തിന് മഹാത്മ ഗാന്ധിയെ കുറിച്ച് ഒന്നുമറിയില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. മഹാത്മ ഗാന്ധിയുടെ പൈതൃകം ആരെങ്കിലും നശിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ഈ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മാത്രമാണ്. അദ്ദേഹത്തിന്റെ സർക്കാരാണ് വാരാണസിയിലെയും ഡൽഹിയിലെയും അഹ്മദാബാദിലെയും ഗാന്ധിയൻ സ്ഥാപനങ്ങൾ തകർത്തത്.''-എന്നാണ് ജയ്റാം രമേഷ് എക്സിൽ കുറിച്ചത്.
ഗാന്ധിയുടെ ദേശീയതയെ കുറിച്ച് ഒന്നുമറിയില്ല എന്നത് ആർ.എസ്.എസ് പ്രവർത്തകരുടെ മുഖമുദ്രയാണ്. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്‌സെയെ ഗാന്ധി വധത്തിലേക്ക് നയിച്ചത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഗാന്ധിയുടെ അനുയായികളും ഗോഡ്സെയും അനുയായികളും തമ്മിലുള്ള പോരാട്ടമാണ്. ഗോഡ്സെ ഭക്തനായ പ്രധാനമന്ത്രിയുടെയും അനുയായികളുടെയും പരാജയം ഉറപ്പാണെന്നും ജയ്റാം രമേഷ് അഭിപ്രായപ്പെട്ടു.
(വാർത്ത കടപ്പാട്: 24 ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group