ന്യൂഡൽഹി : പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും. മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചുള്ള വനിതാ സംവരണ ബില്ലിന്റെ പുതുക്കിയ കരട് യോഗം ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. വനിതാ സംവരണം നടപ്പാക്കുമെന്നും കോൺഗ്രസിന് അതിനെ തടയാനാവില്ലെന്നും ബിജെപി ദില്ലി ഘടകം സംഘടിപ്പിച്ച സംവിധാൻ ഗൗരവ് ദിവസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, പ്രത്യേക സമ്മേളനത്തിലെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ഇന്ന് വൈകിട്ട് 4.30-ന് ചേരും.
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണ ബിൽ. ഇതിന്റെ ഭാഗമായി നിലവിൽ 543 അംഗങ്ങളുള്ള ലോക്‌സഭയുടെ അംഗബലം 850 വരെ ഉയർത്തുന്നതിനും, എല്ലാ സംസ്ഥാനങ്ങളിലും നിലവിലെ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന വരുത്തുന്നതിനുമുള്ള നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. 2026 ഏപ്രിൽ 17-ന് 131-ാം ഭരണഘടനാ ഭേദഗതി ഡിലിമിറ്റേഷൻ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും, പാസാക്കാൻ ആവശ്യമായ 352 വോട്ടുകൾക്ക് പകരം 298 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചിരുന്നത്. നിലവിൽ 540 അംഗങ്ങളുള്ള സഭയിൽ ബിൽ പാസാകാൻ 361 വോട്ടുകൾ വേണം. എൻഡിഎയ്ക്ക് 320 സീറ്റുകളാണുള്ളത്. 22 എംപിമാരുള്ള ഡിഎംകെയും എട്ട് എംപിമാരുള്ള എൻസിപി (ശരദ് പവാർ) വിഭാഗവും ബില്ലിനെ പിന്തുണയ്ക്കുമെന്ന സൂചനകൾ ശക്തമാണ്.
ഓഗസ്റ്റ് 13-ന് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ ശേഷം സഭ പിരിച്ചുവിടാതെ 104 ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ ചേരുന്ന സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. നവംബർ 30-ന് ലോക്‌സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും ചേരാനുള്ള അനുമതി തേടിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
അതേസമയം, മണ്ഡല പുനർനിർണയ ബില്ലിനെ ഡിഎംകെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ രൂക്ഷവിമർശനവുമായി തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപി സർക്കാർ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് കരുതുന്നതായി ഡിഎംകെയെയും എൻസിപിയെയും ടാഗ് ചെയ്ത് കാർത്തി ചിദംബരം എക്സിൽ കുറിച്ചു. 'ഇട്ടപ്പന്മാർ ഒരുങ്ങിയോ' എന്നായിരുന്നു തമിഴ്‌നാട് പിസിസി പ്രസിഡന്റ് മാണിക്കം ടാഗോറിന്റെ പരിഹാസം. തമിഴ്‌നാടിന് നിലവിലുള്ള 7.20 ശതമാനം ലോക്‌സഭാ സീറ്റ് വിഹിതം നിലനിർത്തുമെന്ന് ബില്ലിൽ ഉറപ്പുലഭിച്ചാൽ പിന്തുണയ്ക്കുമെന്നാണ് ഡിഎംകെ നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















