ന്യൂഡൽഹി : അടുത്ത വർഷത്തെ നീറ്റ്-യു.ജി. പരീക്ഷയിൽ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.), പരമ്പരാഗത പേപ്പർ-പെൻ പരീക്ഷ എന്നീ രണ്ട് രീതികളിൽ ഒന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകിയേക്കും. പൂർണ്ണമായും ഓൺലൈൻ രീതിയിലേക്ക് മാറുമ്പോൾ എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം പരിഗണിക്കുന്നത്. ഇതുവരെ ഓഫ്‌ലൈൻ രീതിയിലാണ് നീറ്റ് പരീക്ഷ നടത്തിയിരുന്നത്. അടുത്ത വർഷം തന്നെ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറിയാൽ പരമ്പരാഗത രീതിയിൽ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന എല്ലാ മത്സരപരീക്ഷകളും ഭാവിയിൽ ഘട്ടംഘട്ടമായി ഓൺലൈൻ രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
മത്സരപരീക്ഷാ പരിഷ്കരണത്തിനായി നിയോഗിച്ച നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതതല സമിതിയും രണ്ട് രീതികളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അവസരത്തെ പിന്തുണയ്ക്കുന്നതായാണ് സൂചന. മുൻപ് ജെ.ഇ.ഇ. മെയിൻ പരീക്ഷയിലും സമാനമായ രീതിയാണ് പിന്തുടർന്നത്. 2011-ൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓപ്ഷനായി അവതരിപ്പിച്ചെങ്കിലും വർഷങ്ങളോളം ഓഫ്‌ലൈൻ രീതിയും തുടർന്നിരുന്നു. പിന്നീട് 2019 ജനുവരിയിലാണ് ജെ.ഇ.ഇ. മെയിൻ പൂർണ്ണമായും ഓൺലൈൻ രീതിയിലേക്ക് മാറിയത്. 2026-ലെ നീറ്റ്-യു.ജി. പരീക്ഷയ്ക്കായി 22.79 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഏകദേശം 20 ലക്ഷം പേർ 13 ഭാഷകളിലായി 5,400-ലധികം കേന്ദ്രങ്ങളിൽ പരീക്ഷയെഴുതി. ഇത്രയും വലിയൊരു പരീക്ഷ ഓഫ്‌ലൈനായി നടത്തുമ്പോൾ ചോദ്യപേപ്പറുകൾ അച്ചടിക്കുന്നതും സുരക്ഷിതമായി വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നതും വലിയ വെല്ലുവിളിയാണ്. ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള സാധ്യതകളും ഇതിലൂടെ വർധിക്കുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഇത്തരം അപകടസാധ്യതകൾ കുറയ്ക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ജൂലൈയിൽ രൂപീകരിച്ച നിലേകനി സമിതി സർക്കാർ സ്ഥാപനങ്ങളിൽ ഓൺലൈൻ പരീക്ഷാ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു ഡിജിറ്റൽ പരീക്ഷാ കേന്ദ്രമെങ്കിലും സ്ഥാപിക്കാനാണ് എൻ.ടി.എ. ലക്ഷ്യമിടുന്നത്. പുതിയ കേന്ദ്രങ്ങളിൽ കുറഞ്ഞത് 285 പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഉണ്ടായിരിക്കണം. സർക്കാർ, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, ഐ.ഐ.എസ്.ഇ.ആറുകൾ, എയിംസ്, ഐ.ടി.ഐകൾ എന്നിവയെയും പരീക്ഷാ കേന്ദ്രങ്ങളാക്കാൻ ക്ഷണിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ സർട്ടിഫിക്കേഷൻ, പരിശോധന, ഓഡിറ്റ് എന്നിവ ഉൾപ്പെടുന്ന സംവിധാനവും സമിതി തയ്യാറാക്കുകയാണ്. എട്ട് സംസ്ഥാനങ്ങൾ സന്ദർശിച്ച് വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയ സമിതി 2027 ജനുവരിയിൽ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































