ന്യൂഡൽഹി: ഉറ്റബന്ധമുള്ളവർ തമ്മിലുള്ള വിവാഹം തടയുന്നതിനായി നിയമനിർമ്മാണം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന നിർദ്ദേശം. ഇക്കാര്യത്തിൽ കോടതിക്ക് മാത്രമായി തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, അനുകൂലമായ നിയമനിർമ്മാണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടുകയും ചെയ്തു. കൂടാതെ, വിവിധ മാധ്യമങ്ങളിലൂടെ കൃത്യമായ രൂപരേഖ തയ്യാറാക്കിയുള്ള ബോധവൽക്കരണം നടത്തുന്നതും ആലോചിക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ബെംഗളൂരുവിൽ നിന്നുള്ള നിയമവിദ്യാർഥിനി ചർവി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ ഇടപെടൽ. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികൾക്ക് ഗുരുതരമായ ജനിതക വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാകുന്നുണ്ടെന്നും, വെറുമൊരു ആചാരമാണെന്ന പേരിൽ മാത്രം ഇത്തരം വിവാഹങ്ങൾക്ക് അനുമതി നൽകുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും ഹർജിക്കാരി കോടതിയെ ബോധിപ്പിച്ചു. ഒരേ കുടുംബത്തിനുള്ളിൽ നിന്നുള്ള വിവാഹത്തിലൂടെ ജനിച്ചയാളാണ് താനെന്നും, ഈ ആചാരം കാരണം തനിക്ക് 40 ശതമാനത്തോളം കാഴ്ചവൈകല്യം അനുഭവിക്കേണ്ടി വന്നതായും ഹർജിക്കാരി വ്യക്തമാക്കി. രക്തബന്ധത്തിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളിൽ ഹോമോസൈഗോസിറ്റി കൂടുതലായി കണ്ടുവരുന്നതായും, ഇത് ജനിതക രോഗങ്ങൾക്കും ജന്മനായുള്ള അവയവ വൈകല്യങ്ങൾക്കും കാഴ്ച-കേൾവി കുറവിനും കാരണമാകുന്നതായും സമീപകാല മെഡിക്കൽ പഠനങ്ങൾ ഉദ്ധരിച്ച് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹിന്ദു വിവാഹ നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ പ്രകാരം രക്തബന്ധങ്ങളിലെയോ സപിണ്ഡ ബന്ധത്തിലെയോ വിവാഹങ്ങൾ മതിയായ ആരോഗ്യപരിരക്ഷകളില്ലാതെ നടത്തുന്നത് നിരോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇത്തരം വിവാഹങ്ങൾക്ക് തീരുമാനിക്കുന്നവർക്ക് നിർബന്ധിത കൗൺസിലിങ്ങും ഭാവി തലമുറയ്ക്കുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും നൽകണമെന്നും, ഇതിനുശേഷം സർട്ടിഫിക്കറ്റ് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം ഇത്തരം വിവാഹങ്ങൾ ഭരണഘടനയിലെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാരി വാദിച്ചു. അതേസമയം, വിവാഹം വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്നും വ്യക്തികളാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കിയ കോടതി, സമാനമായ മുൻകാല കേസുകളിലും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് ഓർമ്മിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































