ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ.) മൂന്ന് ശതമാനം വർധിപ്പിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ദീപാവലി സമ്മാനമായാണ് സർക്കാർ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം നടപ്പിലാകുന്നത്. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായിരുന്ന ക്ഷാമബത്ത 63 ശതമാനമായി ഉയരും.
ഈ വർഷം ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പിലാക്കുന്നത്. ദീപാവലിക്ക് ഒരാഴ്ചയിലധികം മുൻപ് പ്രഖ്യാപിച്ച ഈ ആനുകൂല്യത്തിന്റെ പ്രയോജനം ഏകദേശം 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ലഭിക്കും. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള ഫോർമുല അനുസരിച്ചാണ് ഈ വർധന വരുത്തിയിരിക്കുന്നത്.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ജീവിതച്ചെലവിലുണ്ടാകുന്ന വർധന നേരിടാനും പണപ്പെരുപ്പം മൂലം സ്ഥിരവരുമാനത്തിന്റെ വാങ്ങൽശേഷി കുറയുന്നത് പരിഹരിക്കാനുമാണ് ക്ഷാമബത്ത നൽകുന്നത്. ലേബർ ബ്യൂറോ പ്രതിമാസം പുറത്തുവിടുന്ന വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (CPI-IW) അടിസ്ഥാനമാക്കിയാണ് വർഷത്തിൽ രണ്ടുതവണ (ജനുവരി, ജൂലൈ മാസങ്ങളിൽ) ക്ഷാമബത്ത പരിഷ്കരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, 2023 ജൂലൈയിൽ 46 ശതമാനമായിരുന്ന ക്ഷാമബത്ത പടിപടിയായി ഉയർന്ന് 2026 ജനുവരിയിൽ 60 ശതമാനത്തിലെത്തിയിരുന്നു. നിലവിലെ വർധന കൂടി ചേരുമ്പോഴാണ് ഇത് 63 ശതമാനമായി ഉയരുന്നത്. ജൂലൈ ഒന്നു മുതൽ പ്രാബല്യവരുന്നതിനാൽ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസത്തെ ശമ്പളത്തോടൊപ്പം ജൂലൈ മുതലുള്ള കുടിശ്ശികയും (അരിയർ) ചേർത്ത് ലഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































