ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കുള്ള ഇൻഷുറൻസ് സൗകര്യം കൗണ്ടർ ടിക്കറ്റുകളിലും ഏർപ്പെടുത്താൻ റെയിൽവേയ്ക്ക് സുപ്രീംകോടതിയുടെ കർശന നിർദേശം. രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും എടുക്കുന്ന കൗണ്ടർ ടിക്കറ്റുകൾക്കും ഒക്ടോബർ 27 മുതൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ റെയിൽവേ ബോർഡ് ഉത്തരവാദിയായിരിക്കുമെന്ന് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കവച് ആന്റി-കൊളിഷൻ സിസ്റ്റം നടപ്പിലാക്കാത്തത് ചോദ്യം ചെയ്തും 2023 ലെ ഒഡീഷ ട്രെയിൻ അപകടം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കണം എന്ന് ആവശ്യപ്പെട്ടും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിർദേശം ഉണ്ടായത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ ഓഫ്ലൈനായി ടിക്കറ്റ് വാങ്ങുന്ന സാധാരണക്കാരായ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ മുൻ വാദവേളകളിൽ കോടതി റെയിൽവേയ്ക്ക് സമയം നൽകിയിരുന്നു. മെയ് മാസത്തിൽ കേന്ദ്രം നൽകിയ മറുപടിയിൽ ഓഫ്ലൈൻ ടിക്കറ്റുകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആലോചിച്ചു വരികയാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്നാണ് ഒക്ടോബർ 27 മുതൽ ഇത് നിർബന്ധമാക്കാൻ കോടതി ഉത്തരവിട്ടത്.
ഓൺലൈൻ ടിക്കറ്റുകളുടെ അതേ നിബന്ധനകളോടെയായിരിക്കും കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് ലഭിക്കുക. നിലവിൽ ഐ.ആർ.സി.ടി.സി. വഴി ബുക്ക് ചെയ്യുന്ന ഓൺലൈൻ ടിക്കറ്റുകൾക്ക് മാത്രമാണ് യാത്രാ ഇൻഷുറൻസ് ലഭിക്കുന്നത്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് ഇൻഷുറൻസ് വേണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. 45 പൈസ മാത്രമാണ് ഇതിന്റെ പ്രീമിയം തുക. ഈ ഇൻഷുറൻസ് വഴി അപകടമരണത്തിന് 10 ലക്ഷം രൂപവരെയാണ് പരിരക്ഷ ലഭിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































