ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്‍ഡ്യാ സഖ്യം. ഡല്‍ഹിയിലെ നാലാം ദിന പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്റ്രല്‍ ഹാളില്‍ എത്തിച്ചേരാന്‍ എം.പി.മാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാഷ്ട്രപതിയെ കണ്ട് ഗ്യാനേഷ് കുമാറിനെതിരായ കുറ്റാരോപണങ്ങളും പരാതികളും അടങ്ങിയ നിവേദനം കൈമാറാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുകയാണെങ്കില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 10 അംഗ പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണും. അനുമതി ലഭിച്ചില്ലെങ്കില്‍ വൈകീട്ട് മൂന്ന് മണിയോടെ സെന്റ്രല്‍ ഹാളില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് നേരിട്ട് മാര്‍ച്ച് നടത്താനാണ് തീരുമാനം.
പ്രതിഷേധത്തിന്റെ ആദ്യ ദിനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്കും ഒക്ടോബർ 7-ന് ജന്തർ മന്തറിലേക്കും പ്രതിപക്ഷം മാർച്ച് നടത്തിയിരുന്നു. മൂന്നാം ദിനത്തിൽ രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി പ്രാർഥിക്കുകയും സമാധാന ധർണയിരിക്കുകയും ചെയ്തു. ഇന്ന് നടക്കാനിരിക്കുന്ന മാർച്ചിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി നേരിട്ടെത്തി പങ്കാളിയാകും. അഭിഷേക് ബാനർജി പങ്കെടുക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് മമത തന്നെ നേരിട്ടെത്താൻ തീരുമാനിക്കുകയായിരുന്നു.
ഇൻഡ്യാ സഖ്യത്തിന്റെ പ്രതിഷേധങ്ങൾക്ക് പിന്നാലെ 'കോക്രോച്ച് ജനതാ പാർട്ടി'യും (CJP) നാളെ ഡൽഹിയിൽ പ്രതിഷേധത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിന് പോലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. മറ്റു നഗരങ്ങളിൽ പ്രതിഷേധത്തിന് അനുമതി ലഭിച്ചപ്പോൾ ഡൽഹിയിലെ പ്രതിഷേധത്തിന് മാത്രം അമിത് ഷാ അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് സി.ജെ.പി. കൺവീനർ അഭിജീത് ദീപ്‌കെ ചോദിച്ചു. ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കേന്ദ്രസേനയുടെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാനത്ത് ഇന്ന് ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. സംഘടനകളുടെ നേതൃത്വത്തിൽ ലോക്ഭവൻ മാർച്ചും നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































