ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നിർമ്മാതാക്കൾ റീട്ടെയിലർമാർക്ക് നൽകുന്ന വിലയും മരുന്നുകളിൽ അച്ചടിക്കുന്ന പരമാവധി ചില്ലറ വിൽപ്പന വിലയും (എം.ആർ.പി.) തമ്മിലുള്ള ഭീമമായ വ്യത്യാസത്തിൽ കടുത്ത ആശങ്കയും അമർഷവും രേഖപ്പെടുത്തി സുപ്രീം കോടതി. 2,700 രൂപയ്ക്ക് നൽകുന്ന മരുന്ന് 27,000 രൂപ എം.ആർ.പി.യിട്ട് വിൽക്കാൻ അനുവദിക്കുന്നത് പകൽവെളിച്ചത്തിലെ കൊള്ളയടിക്കലാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മരുന്ന് വാങ്ങാനായി സാധാരണക്കാർ വീടും ആഭരണങ്ങളും വരെ വിൽക്കേണ്ടി വരുന്നുവെന്നും ഇത് തടയേണ്ട അധികാരികൾ പൂർണ്ണമായും നിശ്ശബ്ദരാണെന്നത് അതിശയകരമാണെന്നും കോടതി വ്യക്തമാക്കി.
മരുന്നുകളുടെ വില നിയന്ത്രണവും ജനറിക് മരുന്നുകളുമായി ബന്ധപ്പെട്ട് കിഷൻ ചന്ദ് ജെയിൻ, ഡോ. സഞ്ജയ് കുൽശ്രേഷ്ഠ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ. മരുന്നുകളെ ഷെഡ്യൂൾഡ്, നോൺ-ഷെഡ്യൂൾഡ് എന്നിങ്ങനെ തരംതിരിക്കുന്നതിലെ വൈരുധ്യങ്ങളും ബെഞ്ച് എടുത്തുപറഞ്ഞു. സാധാരണ ഉപയോഗിക്കുന്ന 'റാസുവാസ്' എന്ന മരുന്നിന് സ്ട്രിപ്പിന് 240 രൂപയോളം വില വരുമ്പോൾ, അതിനോടൊപ്പം ആസ്പിരിൻ കൂടിച്ചേരുമ്പോൾ ഷെഡ്യൂൾഡ് വിഭാഗത്തിൽ പെടുകയും വില 70 രൂപയായി കുറയുകയും ചെയ്യുന്നു. കോമ്പിനേഷൻ മരുന്നുകൾക്ക് വില കൂടുന്നതിന് പകരം കുറയുന്നത് അശാസ്ത്രീയമായ സംവിധാനത്തിന്റെ തെളിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികൾ വഴി ചികിത്സ നടത്തുമ്പോൾ ഇത്തരത്തിൽ ഭീമമായ തുക ഈടാക്കുന്നത് ആത്യന്തികമായി നികുതിദായകരുടെ പണം കവരുന്നതിന് തുല്യമാണെന്ന് കോടതി വിലയിരുത്തി. എന്നാൽ കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ്, കോടതിയുടെ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുകയും നിലവിലുള്ള സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാൻ ജൻ ഔഷധി കേന്ദ്രങ്ങൾ ഉണ്ടെന്ന് സർക്കാറും അറിയിച്ചെങ്കിലും, അവിടെ ലഭ്യമല്ലാത്ത മരുന്നുകൾക്കായി സാധാരണക്കാർ എങ്ങോട്ട് പോകുമെന്ന ചോദ്യവും സുപ്രീം കോടതി ഉയർത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































