ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി ശക്തമായി മുന്നോട്ടുപോകാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) തീരുമാനം. ഇന്ന് പാര്‍ലമെന്റിലേക്ക് വീണ്ടും മാര്‍ച്ച് നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിതരായതിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് തിരിച്ചെത്തിയ സിജെപി പ്രതിഷേധക്കാര്‍ പുതിയ വേദി സ്ഥാപിച്ചാണ് സമരം പുനരാരംഭിച്ചത്.
ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും തങ്ങൾ ഇവിടം വിട്ടുപോകില്ലെന്നും ദിപ്‌കെ പ്രതികരിച്ചു. അടുത്ത പാര്‍ലമെന്റ് മാര്‍ച്ചിനുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച് സിജെപി ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിടും. അതേസമയം, വിദ്യാര്‍ത്ഥി നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണുന്നതുവരെ തങ്ങളുടെ നിരാഹാര സമരം തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ പൊലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ച സമരവേദിയിലേക്ക് രാത്രിയോടെയാണ് അഭിജിത് ദീപ്‌കെയും സംഘവും പ്രതിഷേധ മാർച്ചുമായി തിരിച്ചെത്തിയത്. പൊലീസ് പൊളിച്ചുനീക്കിയ സമരവേദിയിൽ ഇവർ പുതിയ സ്റ്റേജും ബാനറുകളും പുനഃസ്ഥാപിച്ചു.
കഴിഞ്ഞദിവസം സമരക്കാരുടെ പ്രതിനിധികള്‍ കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി മൂന്ന് ആവശ്യങ്ങളടങ്ങിയ കത്ത് കൈമാറിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജി, സോനം വാങ്ചുക്കിന്റെ മോചനം, നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നിവയായിരുന്നു ആവശ്യങ്ങൾ. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും സിജെപി പ്രതിനിധികൾ അത് നിരസിക്കുകയായിരുന്നു.
തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരടക്കം 118 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും 20 വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും പൊലീസ് അവകാശപ്പെടുന്നു. സംഘർഷത്തിൽ 130 സിജെപി പ്രവര്‍ത്തകർക്കും 40 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ എംആര്‍എല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 20 വയസ്സുകാരിയായ സിജെപി പ്രവർത്തകയുടെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































