ന്യൂഡൽഹി: കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യയിൽ പ്രചരിച്ചെന്ന ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ, മെറ്റാ കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഈ വിഷയത്തിൽ മെറ്റയ്ക്ക് അടിയന്തര നോട്ടീസ് നൽകാനും കൃത്യമായ വിശദീകരണം തേടാനും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശം നൽകി. പണം നൽകിയുള്ള പരസ്യങ്ങളിലൂടെ ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാമിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നതിനെക്കുറിച്ചാണ് സർക്കാർ പ്രധാനമായും അന്വേഷിക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ പണം നൽകിയുള്ള ചില പരസ്യങ്ങളിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, ഇവ ഉപയോക്താക്കളെ ടെലഗ്രാം ലിങ്കുകളിലേക്ക് വഴിതിരിച്ചുവിടുന്നുണ്ടെന്നും 'ബിബിസി ഐ' നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇന്ത്യയിൽ വ്യാജ ഐഡന്റിറ്റിയിൽ അക്കൗണ്ട് സൃഷ്ടിച്ച് നടത്തിയ പഠനത്തിൽ, ലൈംഗിക സൂചനകളുള്ള ചില അക്കൗണ്ടുകൾ പിന്തുടർന്ന ഉടൻ തന്നെ ഇൻസ്റ്റഗ്രാം സമാന സ്വഭാവമുള്ള മുപ്പതോളം പരസ്യങ്ങൾ ഉപയോക്താവ് ആവശ്യപ്പെടാതെ തന്നെ നിർദ്ദേശിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ കുട്ടികളെ ലൈംഗിക സാഹചര്യങ്ങളിൽ ചിത്രീകരിക്കുന്ന പരസ്യങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇതിലൊന്നിനെതിരെ പരാതി നൽകിയപ്പോൾ, അത് തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ഇൻസ്റ്റഗ്രാം ആദ്യം നൽകിയതെന്നും ബിബിസി വെളിപ്പെടുത്തി.
ബിബിസിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി, തങ്ങളുടെ പരിശോധനാ സംവിധാനങ്ങളിൽ ചിലപ്പോൾ വീഴ്ച സംഭവിക്കാമെന്നും, റിപ്പോർട്ടിൽ പരാമർശിച്ച അക്കൗണ്ടുകളും പരസ്യങ്ങളും ഇതിനകം നീക്കം ചെയ്തതായും മെറ്റ അറിയിച്ചു. പരസ്യങ്ങൾ പ്രസിദ്ധീകരിച്ച ശേഷവും അവ നിരീക്ഷിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ തങ്ങൾക്കുണ്ടെന്നും, കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കയിലെ 'നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ' (NCMEC) എന്ന ആഗോള റിപ്പോർട്ടിംഗ് സംവിധാനത്തിന് കൈമാറാറുണ്ടെന്നും മെറ്റ വിശദീകരിച്ചു. ഓൺലൈൻ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി, ആൾമാറാട്ടവും തട്ടിപ്പുകളും തടയുന്നതിനായി യൂസർനെയിം ഫീച്ചർ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മെറ്റയുടെ തന്നെ വാട്ട്സ്ആപ്പിനും, തുടർന്ന് ടെലഗ്രാം, സിഗ്നൽ എന്നീ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്ര ഐ.ടി. മന്ത്രാലയം (MeitY) നേരത്തെ നോട്ടീസ് അയച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































