കോഴിക്കോട് : കേന്ദ്രസർക്കാർ അഞ്ചുതവണയോളം വില വർധിപ്പിച്ചിട്ടും രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ കടുത്ത നഷ്ടത്തിലാണെന്ന് റിപ്പോർട്ടുകൾ. നിലവിലെ നഷ്ടം നികത്തി ലാഭവുമില്ല നഷ്ടവുമില്ലാത്ത 'ബ്രേക്ക് ഈവൻ' അവസ്ഥയിലെത്തണമെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 12 രൂപയോളം വീതം ഇനിയും കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. നിലവിൽ ഒരു ലിറ്റർ പെട്രോളിന് 5.5 രൂപയും ഡീസലിന് 4.5 രൂപയും വീതം തങ്ങൾക്ക് നഷ്ടമുണ്ടെന്നാണ് ഇവരുടെ വാദം.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുമ്പോഴും ആഭ്യന്തര വിപണിയിൽ അതിനനുസരിച്ച് വില വർദ്ധിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികൾക്ക് മാത്രമായി പ്രതിദിനം 550 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എൽ.പി.ജി. സിലിണ്ടറൊന്നിന് 650 രൂപയും വിമാന ഇന്ധനത്തിന് ലിറ്ററിന് 30 രൂപയും നിലവിൽ കമ്പനികൾക്ക് നഷ്ടമുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും തുടരുകയാണെങ്കിൽ ഇന്ധനവില ഇനിയും വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ നിലപാട്.
അതേസമയം, റിസർവ് ബാങ്കിന്റെ അടുത്ത ധനനയ പ്രഖ്യാപനം വരാനിരിക്കെ രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയർന്നേക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ധനവില വർധന, രൂപയുടെ മൂല്യത്തകർച്ച, ഇത്തവണ പ്രതീക്ഷിക്കുന്ന ദുർബലമായ കാലവർഷം എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളായി മെയ് മാസത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ധനമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം എണ്ണ ഇറക്കുമതി തടസ്സപ്പെടുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കും. ഇന്ധനവില ഉയർന്നാൽ ഗതാഗത-ഉൽപ്പാദന ചെലവുകൾ വർദ്ധിക്കുകയും ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.
കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷമായിരിക്കും ഇത്തവണത്തേതെന്ന കാലാവസ്ഥാ പ്രവചനം കാർഷിക മേഖലയെയും ഭക്ഷ്യവിലയെയും നേരിട്ട് ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. കൂടാതെ രൂപയുടെ മൂല്യം ഇടിയുന്നത് ക്രൂഡ് ഓയിൽ, വളം തുടങ്ങിയവയുടെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കും. ഏപ്രിലിൽ റീട്ടെയ്ൽ പണപ്പെരുപ്പം 3.48 ശതമാനമായി നിയന്ത്രണവിധേയമായിരുന്നെങ്കിലും മൊത്തവില സൂചിക 8.3 ശതമാനമായി ഉയർന്നത് വരുംമാസങ്ങളിൽ ഉപഭോക്താക്കൾക്ക് മേൽ അധികഭാരമായി മാറിയേക്കാം. നിലവിലെ സാഹചര്യത്തിൽ ആർ.ബി.ഐ. ഉടൻ പലിശനിരക്കുകൾ ഉയർത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലെങ്കിലും, വിലക്കയറ്റ സമ്മർദ്ദം ശക്തമായാൽ വർഷാവസാനത്തോടെ പലിശനിരക്കുകളിൽ മാറ്റം വരുത്താൻ കേന്ദ്രബാങ്ക് നിർബന്ധിതരായേക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















