ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സ്വന്തമാക്കി തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻ വിജയ് ഇന്ന് മുഖ്യമന്ത്രിയായി അധികാരമേൽക്കും. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. വിജയ്യോടൊപ്പം ഒൻപത് മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. അയ്യായിരത്തോളം പേർക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഗവർണറുമായുള്ള ചർച്ചകൾക്കുമൊടുവിലാണ് വിജയ് ഭരണസാരഥ്യത്തിലേക്ക് എത്തുന്നത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ ടി.വി.കെ. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമായിരുന്നു. തുടർന്ന് കോൺഗ്രസ്, സി.പി.ഐ., സി.പി.എം., വി.സി.കെ., മുസ്ലീം ലീഗ് എന്നീ പാർട്ടികൾ പിന്തുണ അറിയിച്ചതോടെ പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ എണ്ണം 120 ആയി ഉയർന്നു. ഇതോടെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ വിജയ്യെ ക്ഷണിച്ചത്.
കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന് ശേഷം ബുധനാഴ്ച നിയമസഭയിൽ വിജയ് സർക്കാർ വിശ്വാസവോട്ട് തേടണമെന്ന് രാജ്ഭവൻ അറിയിച്ചിട്ടുണ്ട്. അറുപത് വർഷത്തോളമായി തമിഴ്‌നാട് രാഷ്ട്രീയം അടക്കിവാണിരുന്ന ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. എന്നീ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിനാണ് വിജയ്യുടെ ഈ വിജയത്തോടെ വിരാമമായിരിക്കുന്നത്. ടി.വി.കെ. രൂപീകരിച്ച് നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞത് തമിഴ് രാഷ്ട്രീയത്തിലെ പുതിയ യുഗപ്പിറവിയായാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















