ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടി.വി.കെ. നേതാവ് വിജയ് അധികാരം ഉറപ്പിച്ചു. ഡി.എം.കെ. സഖ്യകക്ഷികളായ സി.പി.ഐ.എം., സി.പി.ഐ., വി.സി.കെ. എന്നീ പാർട്ടികൾ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരണത്തിന് ആവശ്യമായ 118 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. ഗവർണർ ഭരണമെന്ന പേരിൽ ബി.ജെ.പി. സംസ്ഥാനത്ത് അധികാരം പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇടതുപാർട്ടികൾ വിജയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാൻ തീരുമാനിച്ചത്. ഗവർണർ ഭരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് സി.പി.ഐ.എം., സി.പി.ഐ. നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സർക്കാർ രൂപീകരിക്കാൻ വിജയിയെ ക്ഷണിക്കണമെന്ന് സി.പി.ഐ. നേതാവ് ഡി. രാജ ഗവർണറോട് ആവശ്യപ്പെട്ടു. ഉപാധികളില്ലാത്ത പിന്തുണയാണ് കത്തിലൂടെ സി.പി.ഐ. വാഗ്ദാനം ചെയ്തിരിക്കുന്നത്. മതേതരവും ജനാധിപത്യപരവുമായ ഒരു സുസ്ഥിര ഭരണം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നേതാക്കൾ അറിയിച്ചു. നേരത്തെ കോൺഗ്രസ് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് ഇടത് പാർട്ടികളും വിജയ്ക്കൊപ്പം ചേർന്നത്. ഇതോടെ മാന്ത്രിക സംഖ്യയായ 118 തികയ്ക്കാൻ ടി.വി.കെ.യ്ക്ക് സാധിച്ചു. വി.സി.കെ. നേതാവ് തിരുമാവളവനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം വിജയ് നൽകിയതായാണ് റിപ്പോർട്ടുകൾ.
ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി വിജയ് ഇന്ന് ഗവർണറെ കാണാൻ രാജ്ഭവനിലെത്തും. ഭരണത്തിൽ പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് ഇടത് പാർട്ടികളുടെ തീരുമാനം. എൻ.ഡി.എ. കക്ഷികളുമായി യാതൊരു ബന്ധവും പുലർത്തില്ലെന്ന ഉറപ്പ് ടി.വി.കെ. സഖ്യകക്ഷികൾക്ക് നൽകിയിട്ടുണ്ട്. കേവല ഭൂരിപക്ഷം ഉറപ്പാക്കിയതോടെ തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിൽ ടി.വി.കെ. പ്രവർത്തകർ ആഹ്ലാദത്തിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















