ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി റെക്കോർഡ് തുക അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 3,795 കോടി രൂപയാണ് കേരളത്തിന് മാത്രമായി നീക്കിവെച്ചിരിക്കുന്നത്. ഇത് കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്തെ ശരാശരി വിഹിതത്തേക്കാൾ പത്തിരട്ടി കൂടുതലാണെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.
കേരളത്തിൽ നിലവിൽ 18,000 കോടി രൂപയുടെ പദ്ധതികളാണ് റെയിൽവേ മന്ത്രാലയം വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. അങ്കമാലി–ശബരി പാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന മുഖ്യമന്ത്രിക്ക് ഉടൻ കത്തയക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കലിനായി റെയിൽവേ ഇതിനോടകം 1,975 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. മംഗലാപുരം–ഷൊർണൂർ, ഷൊർണൂർ–കോയമ്പത്തൂർ, ഷൊർണൂർ–എറണാകുളം തുടങ്ങിയ റൂട്ടുകളിൽ മൂന്നും നാലും പാതകൾക്കായുള്ള സർവേ നടപടികൾ അവസാന ഘട്ടത്തിലാണ്.
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് മെട്രോ മാൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം മന്ത്രി സ്ഥിരീകരിച്ചു. ശ്രീധരൻ ദീർഘവീക്ഷണമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പ്രാവീണ്യം റെയിൽവേ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം പൂർണ്ണ പിന്തുണ നൽകും.
അതേസമയം, കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അതിവേഗ റെയിൽ (High-speed Rail) പദ്ധതിയെക്കുറിച്ച് മന്ത്രി വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല. പദ്ധതിക്കായി ഡിപിആർ (DPR) തയ്യാറാക്കാൻ നിർദ്ദേശം നൽകിയോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയില്ല. എന്നാൽ, ഭാവിയിൽ കേരളത്തിൽ ഹൈസ്പീഡ് റെയിൽ വരുമെന്ന സൂചന അദ്ദേഹം നൽകി.
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ സഹകരണം ആവശ്യമാണെന്നും റെയിൽ ഓവർ ബ്രിഡ്ജുകൾ ഉൾപ്പെടെയുള്ള 105 പദ്ധതികൾ സംസ്ഥാനത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











