ചെന്നൈ : ചരിത്രപ്രസിദ്ധമായ, 111 വർഷം പഴക്കമുള്ള പാമ്പൻ പാലം റെയിൽവേ മ്യൂസിയത്തിലേക്ക്. പഴയ പാമ്പൻ പാലം പൊളിച്ചുമാറ്റുന്നതിനുള്ള ജോലികൾ ആരംഭിച്ചു. നാലുമാസത്തിനകം ഇതു പൂർത്തിയാകും. ശേഷം ഈ പാലം പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കാണാനായി റെയിൽവേ മ്യൂസിയത്തിൽ ഇടംപിടിക്കും.
രാമേശ്വരം നിവാസികളുടെ നിരന്തരമായ അഭ്യർഥനയാണ് റെയിൽവേ മ്യൂസിയത്തിലേക്കു മാറ്റാനുള്ള തീരുമാനത്തിനു പിന്നിൽ. ബ്രിട്ടീഷ് ഭരണകാലത്ത് 1914 ഫെബ്രുവരി 24-നാണ് രണ്ട് കിലോമീറ്ററിലധികം നീളമുള്ള പാമ്പൻ പാലം തുറന്നത്. ബ്രിട്ടീഷ് ഇന്ത്യയും സിലോണും തമ്മിൽ വ്യാപാരം വർധിപ്പിക്കാൻ വിഭാവനം ചെയ്‌ത പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.
2010-ൽ ബാന്ദ്ര-വർളി സീ ലിങ്ക് തുറക്കുന്നതുവരെ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലം പാമ്പനായിരുന്നു. അപകട മുന്നറിയിപ്പിനെത്തുടർന്ന് പാലത്തിലൂടെ തീവണ്ടിഗതാഗതം 2022 ഡിസംബർ 23 മുതൽ നിർത്തിവെച്ചു. അതിനുശേഷം പാലം ഉപയോഗശൂന്യമായി. 445 കോടി രൂപ ചെലവിൽ സമീപത്ത് പുതിയ റെയിൽവേപ്പാലം നിർമിക്കുകയും കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്‌തു. അതിനുശേഷം എല്ലാ തീവണ്ടി സർവീസുകളും പുതിയ പാലത്തിലൂടെയാണ്.
ഇതോടെ, ഉപ്പുവെള്ളം കലർന്ന വായുവും ലിഫ്റ്റ് സ്‌പാനിന്റെ മാനുവൽ പ്രവർത്തനവുംകാരണം നാശത്തിനുവിധേയമായ പഴയപാലം പൊളിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു. പാലത്തിന്റെ ഒരുഭാഗം സ്‌മാരകമാക്കി മാറ്റാൻ തുടക്കത്തിലേ ആലോചനയുണ്ടായിരുന്നു. പുതിയ പാമ്പൻ പാലം നിർമിച്ച റെയിൽ വികാസ് നിഗം ലിമിറ്റഡിനുതന്നെയാണ് പഴയപാലം പൊളിക്കുന്നതിന് കരാർ നൽകിയിരിക്കുന്നത്. ക്രെയിനുകളുടെ സഹായത്തോടെ ആദ്യം ഉരുക്ക് ഘടനകൾ മുറിച്ചുമാറ്റും. ഏകദേശം 1,000 ടൺ ഉരുക്കും കോൺക്രീറ്റ് മാലിന്യവും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അവ മണ്ഡപം റെയിൽവേ യാർഡിലേക്ക് കൊണ്ടുപോകും,
ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ മേയ് 31 വരെ പാമ്പൻ കടൽപ്പാതയിലൂടെ കപ്പലുകൾ, ബാർജുകൾ, മത്സ്യബന്ധന ബോട്ടുകൾ എന്നിവ കടന്നുപോകുന്നത് തമിഴ്‌നാട് മാരിടൈം ബോർഡ് നിരോധിച്ചിട്ടുണ്ട്.
വ്യാപാരാവശ്യത്തിനായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായ പാമ്പൻ പാലം അന്നത്തെ സാങ്കേതികവിദ്യകൾവെച്ചു നോക്കുമ്പോൾ അത്യാധുനികമായിരുന്നു. പാലത്തിൻ്റെ മധ്യഭാഗത്തെ റോളിങ് ടൈപ്പ് ലിഫ്റ്റ് സാൻ ലണ്ടനിൽ നിർമിച്ച് ഇവിടെ കൊണ്ടുവന്ന് കൂട്ടിച്ചേർത്തതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










