ഭിന്നശേഷിസംവരണത്തിലെ വിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്ന് കേരളം; ഗുണം ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക്

ഭിന്നശേഷിസംവരണത്തിലെ വിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്ന് കേരളം; ഗുണം ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക്
ഭിന്നശേഷിസംവരണത്തിലെ വിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്ന് കേരളം; ഗുണം ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക്
Share  
2026 Jan 10, 08:46 AM
DAS

ന്യൂഡൽഹി : എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസ്സിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് കേരളം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തു. അപേക്ഷ അടിയന്തിരമായി സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിക്കാനുള്ള നടപടിയും സംസ്ഥാന സർക്കാർ ആരംഭിച്ചു.


കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിൽ നിലവിൽ 6230 ജീവനക്കാർ ജോലി ചെയ്യുന്നത് താത്കാലിക ശമ്പള സ്കെയിൽ അടിസ്ഥാനത്തിലാണ്. 17729 പേർ ജോലി ചെയ്യുന്നത് ദിവസ വേതന അടിസ്ഥാനത്തിലും. ഭിന്നശേഷി സംവരണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ്. സംസ്ഥാനത്തെ 5279 മാനേജ്‌മെന്റുകളിൽ 1538 മാനേജുമെന്റുകൾ ഭിന്നശേഷി സംവരണത്തിനായുള്ള തസ്തികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. സ്റ്റാൻഡിങ് കൗൺസിൽ സി.കെ. ശശിയാണ് സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.


1542 തസ്തികകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നാണ് സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മറ്റ് മാനേജ്‌മെന്റുകൾ കൂടി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അർഹരായ ഭിന്നശേഷിക്കാർക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നിലവിൽ ഭിന്നശേഷിക്കാർക്കുള്ള തസ്തികകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ആണ് എൻഎസ്എസ് വിധി ബാധകമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.


സുപ്രീം കോടതി കനിഞ്ഞാൽ ഗുണം ഏറെയും ക്രൈസ്തവ സഭകളുടെ എയ്‌ഡഡ്‌ സ്‌കൂളുകൾക്ക്


എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻ എസ് എസ്സിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കാൻ കഴിഞ്ഞ 90 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഒക്ടോബറിൽ ആയിരുന്നു സുപ്രീം കോടതിയെ ആദ്യം സമീപിച്ചത്. എന്നാൽ കേസിലെ എല്ലാ കക്ഷികളും ആയി ബന്ധപ്പെട്ട സർവ്വീസ് പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നവംബറിൽ ഈ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി വെച്ചിരുന്നു.


നിലവിൽ ഭിന്ന ശേഷിക്കാർക്കുള്ള തസ്തികകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ആണ് എൻഎസ്എസ് വിധി ബാധകമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നത്. ആ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ക്രൈസ്തവ മാനേജ്‌മെന്റുകൾ ആകും. ജസ്റ്റിസ് ജെ.കെ. മഹേശ്വരിയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് കേരളത്തിലെ എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർണ്ണായകമായ ഈ നീക്കം. ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് ക്രൈസ്തവ സഭകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നിയമ മന്ത്രി പി. രാജീവുമായി നടത്തിയ ചർച്ചകളിൽ ആണ് ആവശ്യം ക്രൈസ്തവ സഭാ അധ്യക്ഷന്മാർ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് അടിയന്തിരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയിൽ പ്രത്യേക അപേക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI