ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ഇലവേറ്റഡ് റെയിൽവെ സ്റ്റേഷൻ ബെംഗളൂരുവിലെ യെലഹങ്കയിൽ ഒരുങ്ങുമെന്ന് റിപ്പോർട്ട്. വിമാനത്താവളങ്ങളുടെ അതേ സൗകര്യങ്ങളുള്ള, നിരവധി ട്രെയിനുകൾ ഉൾക്കൊളളാൻ കഴിയുന്ന സ്റ്റേഷനാണ് യെലഹങ്കയിൽ ഒരുങ്ങുക. ഇതിനായുള്ള വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് ദക്ഷിണ-പശ്ചിമ റെയിൽവെ സമർപ്പിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
പദ്ധതി നടപ്പായാൽ ബെംഗളൂരുവിലെ പ്രധാനപ്പെട്ട നാലാമത്തെ റെയിൽവെ ടെർമിനൽ ആകും യെലഹങ്ക. കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുർ, എസ്എംവിടി ബെംഗളൂരു തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട ടെർമിനലുകൾ. നേരത്തെ ദേവനഹള്ളിയിലായിരുന്നു സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഭൂമിലഭ്യത കണക്കാക്കി യെലഹങ്കയിലേക്ക് മാറ്റുകയായിരുന്നു. റെയിൽവെ വീൽ ഫാക്ടറിയുടെ സ്ഥലത്തായിരിക്കും സ്റ്റേഷൻ ഉയരുക.
ഇരുപത് ഏക്കർ സ്ഥലത്ത് 16 പ്ലാറ്റ്ഫോമുകൾ ഉള്ള സ്റ്റേഷനായിരിക്കും യെലഹങ്കയിൽ ഉയരുക. റെയിൽവെ വീൽ ഫാക്ടറിയുടെ ഭൂമിക്ക് പുറമെ സ്വകാര്യ ഭൂമിയും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കും. നിലവിൽ യെലഹങ്കയിൽ അഞ്ച് പ്ലാറ്റ്ഫോമുകൾ മാത്രമാണ് ഉള്ളത്. പുതിയ സ്റ്റേഷനിൽ 16 പ്ലാറ്റ്ഫോമുകൾക്ക് പുറമെ 10 സ്റ്റേബിളിങ് ലൈനുകളും 15 പിറ്റ് ലൈനുകളും ഉണ്ടാകും.
ഇന്ത്യയിലെ ആദ്യത്തെ ഇലവേറ്റഡ് റെയിൽവേ സ്റ്റേഷനായിരിക്കും യെലഹങ്കയിലേത്. അഞ്ച് നിലകളാണ് സ്റ്റേഷൻ നിർമിക്കുക. വിമാനത്താവളങ്ങൾക്ക് സമാനമായുള്ള സൗകര്യങ്ങളും ഉണ്ടാകും. പ്ലാറ്റ്‌ഫോം ഏറ്റവും താഴത്തെ നിലയിലായിരിക്കും ഉണ്ടാകുക എന്നാണ് വിവരം.
ബെംഗളുരുവിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്നതാകും ഈ പദ്ധതി. ഭൂമിലഭ്യത കണക്കിലെടുത്താണ് ഇലവേറ്റഡ് സ്റ്റേഷൻ നിർമിക്കാം എന്ന ആലോചനയിലേക്ക് റെയിൽവേ എത്തിയത്. ഇത് കൂടാതെ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഇവിടെനിന്ന് മെട്രോ കണക്ഷനുകളുമുണ്ട്. ആളുകളുടെ തിരക്ക് നിയന്ത്രിക്കാനായി ട്രെയിനുകളിൽ കയറുന്നതും ഇറങ്ങുന്നതും വെവ്വേറെ നിലകളിലായി ക്രമപ്പെടുത്തുമെന്നും വിവരമുണ്ട്.
ചൈനയിലെ ഹാങ്ങ്ഷൂ റെയിൽവെ ടെർമിനലിന്റെ മാതൃകയിലാണ് യെലഹങ്ക ടെർമിനൽ നിർമിക്കുക. 6000 കോടി രൂപയാണ് പദ്ധതിക്കായി റെയിൽവെ പ്രതീക്ഷിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത രീതി അല്ലെങ്കിൽ ഡിസൈൻ, ബിൽഡ്, ഫിനാൻസ് ഓപ്പറേറ്റ്, ട്രാൻസ്ഫർ രീതിയോ ആകും പദ്ധതിക്കായി അവലംബിക്കുന്നത്. നിലവിൽ പ്രോജക്റ്റ് റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















