ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പിട്ടു

ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പിട്ടു
ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പിട്ടു
Share  
2025 Dec 19, 09:14 AM
vasthu
vasthu

മസ്കറ്റ്: സാമ്പത്തികപങ്കാളിത്തം ശക്തമാക്കുന്നതിനുള്ള പുതിയ അധ്യായത്തിന് തുടക്കംകുറിച്ച് ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനവേളയിലാണ് സമഗ്ര സാമ്പത്തികപങ്കാളിത്ത കരാർ (സെപ) യാഥാർഥ്യമായത്. മോദിയുടെയും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെയും സാന്നിധ്യത്തിൽ കേന്ദ്രവാണിജ്യമന്ത്രി പീയൂഷ് ഗോയലും ഒമാൻ്റെ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹനവകുപ്പ് മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അലി യൂസുഫുമാണ് കരാറിലൊപ്പിട്ടത്.


ഇന്ത്യയുടെ 98.08 ശതമാനം ഉത്പന്നങ്ങൾക്കും ഒമാൻ്റെ വിപണിയിലേക്ക് നികുതിരഹിത പ്രവേശനമുറപ്പാക്കുന്നതാണ് കരാർ. ഒമാനിലേക്കുള്ള കയറ്റുമതിയുടെ ആകെ മൂല്യത്തിൻ്റെ 99.38 ശതമാനം വരുമത്. നികുതിയിളവോടെ 77.79 ശതമാനം ഒമാനി ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിലെത്തും.


കരാർ ഇന്ത്യയുടെ ടെക്സ്റ്റൈൽ, തുകൽ ഉത്പന്നങ്ങൾ, ചെരിപ്പ്, ആഭരണങ്ങൾ, രത്നങ്ങൾ, എൻജിനിയറിങ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, മരഉരുപ്പടികൾ, കാർഷികോത്പന്നങ്ങൾ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, വാഹനങ്ങൾ എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ. വിവിധ മേഖലകളിൽ കേരളത്തിനും നേട്ടമുണ്ടാകും.


ഇന്ത്യ-ഒമാൻ ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധത്തിൽ പുതിയ ഊർജം നൽകുന്നതാണ് 'സെപ'യെന്ന് മോദി പറഞ്ഞു. തന്ത്രപരമായ ഉഭയകക്ഷിപങ്കാളിത്തം ആഴത്തിലുള്ളതാക്കുന്നതിനെക്കുറിച്ച് ഒമാൻ ഭരണാധികാരിയുമായി അദ്ദേഹം സംസാരിച്ചു. ഇന്ത്യ-ഒമാൻ നയതന്ത്രബന്ധത്തിൻ്റെ 70-ാം വാർഷികത്തിൻ്റെ പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദർശനം. ത്രിരാഷ്ട്രപര്യടനത്തിൻ്റെ ഭാഗമായി ജോർദാനും എത്യോപ്യയും സന്ദർശിച്ചശേഷമാണ് ബുധനാഴ്‌ച മോദി ഒമാനിലെത്തിയത്.


സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്‌ച വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങി.


ആറുമാസത്തിനിടെ ഇന്ത്യ ഒരുരാജ്യവുമായി ഒപ്പുവെക്കുന്ന രണ്ടാമത്തെ സ്വതന്ത്രവ്യാപാരക്കരാറാണിത്. ജൂലായിൽ ബ്രിട്ടനുമായി കരാറൊപ്പിട്ടിരുന്നു. രണ്ടുപതിറ്റാണ്ടിനിടെ ആദ്യമായാണ് ഒമാൻ മറ്റൊരു രാജ്യവുമായി എഫ്‌ടിഎ ഒപ്പിടുന്നത്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിൽ യുഎഇയുമായും ഇന്ത്യക്ക് എഫ്ടിഎയുണ്ട്. 2023 നവംബറിലാണ് ഇന്ത്യ-ഒമാൻ സെപ (സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി) കരാർ ചർച്ചകൾ തുടങ്ങിയത്. ജിസിസിയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2024-25ൽ 1050 കോടി ഡോളറാണ് (94,899 കോടിരൂപ) ഇന്ത്യ-ഒമാൻ ഉഭയകക്ഷിവ്യാപാരം.


നേട്ടങ്ങൾ


* കയറ്റുമതിസാധ്യത കൂടുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കും * കരകൗശലവസ്‌തുനിർമാതാക്കൾ, സ്ത്രീ- എംഎസ്എംഇ സംരംഭകർ എന്നിവരുടെ ശാക്തീകരണം


കംപ്യൂട്ടർ, ബിസിനസ്, ഓഡിയോ വിഷ്വൽ, ആർ ആൻഡ് ഡി തുടങ്ങി 127 ഉപമേഖലകളിലെ സേവനരംഗത്ത് ഇന്ത്യക്കാർക്ക് അവസരം


* ഇന്ത്യൻ കമ്പനികൾക്ക് നൂറുശതമാനം വിദേശനിക്ഷേപത്തിന് അവസരം


കരാർ സേവനദാതാക്കൾ, ബിസിനസ് സന്ദർശകർ, സ്വതന്ത്ര പ്രൊഫഷണലുകൾ എന്നിവർക്ക് ഒമാനിൽ ഉന്നതനിലവാരത്തിലുള്ള താത്കാലിക പ്രവേശനവും താമസവും


* അക്കൗണ്ടൻസി, ടാക്സേഷൻ, ആർക്കിടെക്‌ചർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർക്ക് പ്രവേശനത്തിനും താമസത്തിനും കൂടുതൽ ഉദാരമായ സമീപനം


* ആയുഷ്, ആയുർവേദം തുടങ്ങിയ മേഖലകളിൽ വമ്പിച്ച അവസരം (സ്വതന്ത്രവ്യാപാരക്കരാറിൽ പാരമ്പര്യമരുന്നുകൾ ഇന്ത്യ ഉൾപ്പെടുത്തുന്നത് ആദ്യമാണ്]


സുഖമാണോ -മലയാളികളോട് മോദി


ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽവെച്ച് ഇന്ത്യൻസമൂഹത്തെ അഭിസംബോധനചെയ്യവേ 'സുഖമാണോ' എന്ന് മോദി മലയാളത്തിൽ ചോദിച്ചു. സദസ്സിൽ ഒട്ടേറെ മലയാളികളുണ്ടെന്ന് പറഞ്ഞശേഷമായിരുന്നു കുശലാന്വേഷണം. മലയാളികൾ മാത്രമല്ല, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദിക്കായി ആർപ്പുവിളിച്ച സദസ്സിനെ 'മിനി ഇന്ത്യ'യെന്ന് വിശേഷിപ്പിച്ചു. ഇന്ത്യൻ വിദ്യാഭ്യാസം ഒമാനിൽ 50 വർഷം പൂർത്തിയാക്കുകയാണെന്നും അത് ബന്ധത്തിലെ നാഴികക്കല്ലാണെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശരംഗത്തെ സഹകരണവും മോദി ഉയർത്തിക്കാട്ടി. ഏഴുലക്ഷത്തോളം ഇന്ത്യക്കാരുണ്ട് ഒമാനിൽ. വലിയൊരുവിഭാഗം മലയാളികളാണ്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI