ന്യൂഡൽഹി: ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎൻആർജിഎ)യുടെ ഇരുപതാംവർഷത്തിൽ അതിൻ്റെ പേരും രൂപവും സ്വഭാവവും മാറ്റാൻ കേന്ദ്രത്തിന്റെ പുതിയ ബിൽ.
2009-ൽ പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് നൽകിയങ്കിലും പുതിയ ബില്ലിന്റെ പേരിൽ ഗാന്ധിജിയില്ല. വികസിത് ഭാരത് ഗാരൻറി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ (വിബിജിരാം- ജി) എന്നാണ് പുതിയ പേര്. പുതിയ ബിൽ ചൊവ്വാഴ്‌ച ലോക് സഭയിൽ മന്ത്രി ശിവരാജ് സിങ് ചൗഹാൻ അവതരിപ്പിക്കും.
പദ്ധതിയിലെ 90 ശതമാനം കേന്ദ്ര വിഹിതം 60 ശതമാനമാക്കി. ( കേന്ദ്രവിഹിത ആനുപാതം 90:10 എന്നത് 60:40 എന്നാക്കി) ബില്ലിനെതിരേ കടുത്ത എതിർപ്പുമായി കോൺഗ്രസും ഇടതുപാർട്ടികളും രംഗത്തെത്തി. ഇടതുപാർട്ടികൾ പിന്തുണച്ച ഒന്നാം യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ചത്.
പ്രധാനമാറ്റം
* ഗ്രാമസഭകൾവഴി തൊഴിലുറപ്പ് വിഭാവനംചെയ്‌തിരുന്ന രീതി ഇനിയില്ല
സംസ്ഥാനങ്ങൾ 10 ശതമാനം വിഹിതം വഹിച്ചിരുന്നത് 40 ശതമാനമായി
* വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും ജമ്മു കശ്മീരിലും 90 ശതമാനം നിലനിർത്തി
* ദിവസക്കൂലി ഒരാഴ്‌ചയ്ക്കുള്ളിൽ കൊടുത്തുതീർക്കണം. പരമാവധി രണ്ടാഴ്ചവരെയാകാം
* 15 ദിവസങ്ങൾക്കകം തൊഴിൽ നൽകാനായില്ലെങ്കിൽ ഗുണഭോക്താക്കൾക്ക് തൊഴിലില്ലായ്മ വേതനം സംസ്ഥാനസർക്കാർ നൽകണം
നേട്ടം തൊഴിൽദിനത്തിൽ
ഒരു വർഷം 100 തൊഴിൽദിനങ്ങൾ എന്നത് 125 ആക്കി. സംസ്ഥാനത്തിന് അനുവദിക്കേണ്ട കേന്ദ്രവിഹിതം, കേന്ദ്രസർക്കാർ നിശ്ചയിക്കും. അനുവദിക്കുന്ന വിഹിതത്തിന് മുകളിലേക്ക് ചെലവ് വർധിച്ചാൽ അത് സംസ്ഥാനസർക്കാർ വഹിക്കണം. തൊഴിലാളികളുടെയും ഗ്രാമസഭകളുടെയും സംസ്ഥാനങ്ങളുടെയും നിയന്ത്രണത്തിലുള്ള ഫണ്ട് വിനിയോഗ അധികാരം ഇതോടെ നഷ്ടമാകും. പദ്ധതി ആകർഷകമായി നടപ്പാക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും.
കാർഷിക വിളവെടുപ്പ് സമയത്ത് ഇളവ്
കാർഷിക വിളവെടുപ്പിൻ്റെ മൂർധന്യഘട്ടങ്ങളിൽ മറ്റ് തൊഴിലുകൾ അനുവദിക്കരുത്. എന്നാൽ, പരമാവധി 60 ദിവസം വരെയാകാം. ഇത് ഓരോ സാമ്പത്തികവർഷവും മുൻകൂട്ടി വിജ്ഞാപനം ചെയ്യണം. കാർഷികസീസണിൽ ഭൂവുടമകൾക്ക് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുകയും അതുവഴി സംസ്ഥാനങ്ങൾക്ക് ഈ സമയത്ത് വേതനനിരക്ക് കുറച്ചുനിശ്ചയിക്കുന്നതിനും വഴിയൊരുക്കാനാണിത്
അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗത്തിൽ ഏതെങ്കിലും തരത്തിലു ദുരുപയോഗമോ ക്രമക്കേടോ സംബന്ധിച്ച പരാതി ലഭിക്കുകയും പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കേന്ദ്രത്തിന് ബോധ്യപ്പെടുകയും ചെയ്‌താൽ ഇതിൽ അന്വേഷണം നടത്തുകയോ ഹണ്ട് തടഞ്ഞുവക്കുകയോ ഹണ്ട് വിനിയോഗത്തിലെ ക്രമക്കേട് പരിഹരിക്കാൻ നിർദേശിക്കുകയോ ആവാം
മറ്റു പ്രധാനവ്യവസ്ഥകൾ:
1. നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം വ്യവസ്ഥകൾക്കനുസരിച്ചുള്ള പദ്ധതി സംസ്ഥാനസർക്കാർ തയ്യാറാക്കണം
2. 2047-ൽ വികസിതഭാരതം എന്ന കാഴ്‌ചപ്പാടിനനുസൃതമായ പദ്ധതിയാകണം
3. തൊഴിലുറപ്പ് പദ്ധതി നാല് മേഖലകളിൽ ഊന്നണം- ജലസുരക്ഷയും അനുബന്ധജോലികളും, നിർണായക ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം, അതിതീവ്ര കാലാവസ്ഥ സൃഷ്ടിക്കുന്ന ദുരന്തപദ്ധതികളുടെ ലഘൂകരണം
4. ഗ്രാമപ്പഞ്ചായത്തുകൾ തയ്യാറാക്കുന്ന വികസിത ഗ്രാമപ്പഞ്ചായത്ത് പ്ലാനുകളനുസരിച്ച് തൊഴിലുകൾ ആസൂത്രണം ചെയ്യണം. ഇതിനെ പിഎം ഗതിശക്തി മാസ്റ്റർപ്ലാനുമായി സംയോജിപ്പിക്കണം
5. പ്രകൃതിക്ഷോഭംപോലുള്ള അസാധാരണ സാഹചര്യങ്ങളിൽ അനുവദനീയ തൊഴിൽദിനങ്ങളുടെ എണ്ണം കൂട്ടുന്നതടക്കമുള്ള ഇളവുകളാകാം
6. പദ്ധതി നടത്തിപ്പിനായി കേന്ദ്ര ഗ്രാമീൺ റോസ്‌ഗാർ ഗ്യാരന്റി കൗൺസിൽ, കൗൺസിലിൽ ചെയർപേഴ്‌സണും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾക്കും പുറമേ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെയും തൊഴിലാളിസംഘടനകളുടെയും 15-ൽ കുറയാത്ത പ്രതിനിധികളും കേന്ദ്ര ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഒരു മെമ്പർസെക്രട്ടറിയും വേണം
7. സംസ്ഥാനതലങ്ങളിൽ സ്റ്റേറ്റ് ഗ്രാമീൺ റോസ്‌ഗാർ ഗാരൻറി കൗൺസിൽ. പദ്ധതിനടത്തിപ്പിൽ സംസ്ഥാനസർക്കാരുകളെ ഉപദേശിക്കൽ, നടത്തിപ്പ് വിലയിരുത്തൽ, പരാതിപരിഹാരങ്ങൾ കണ്ടെത്തൽ, വാർഷികറിപ്പോർട്ട് തയാറാക്കൽ മുതലായവ ചുമതല
8. സംസ്ഥാനങ്ങൾക്കുള്ള ഹണ്ട് വിതരണക്കാര്യത്തിൽ ഉപദേശം നൽകാനും മറ്റുമായി നാഷണൽ സ്റ്റിയറിങ് കമ്മിറ്റിയും സംസ്ഥാനതലങ്ങളിൽ പദ്ധതിനടത്തിപ്പിനും ഏകോപനത്തിനും മറ്റുമായി സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റിയും വേണം. സംസ്ഥാന ചീഫ്സെക്രട്ടറി റാങ്കിൽ കുറയാത്തയാളാകണം അധ്യക്ഷസ്ഥാനത്ത്
9. പഞ്ചായത്ത് തലത്തിൽ പദ്ധതിയാസൂത്രണത്തിനും മറ്റുമായി പ്രിൻസിപ്പൽ അതോറിറ്റികൾ. ജില്ലാ കളക്‌ടറുടെ റാങ്കിൽ കുറയാത്ത ജില്ലാ പ്രോഗ്രാം ഓഫീസറും വേണം
10. ഗ്രാമസഭകൾ കൃത്യമായ സോഷ്യൽ ഓഡിറ്റിങ് നടത്തണം
11. ജിയോസ്പേഷ്യൽ, മറ്റ് അടിസ്ഥാനസൗകര്യപദ്ധതിയിലധിഷ്ഠിതമായ ചട്ടക്കൂട് പ്രകാരമാകണം തൊഴിലുകളുടെ ആസൂത്രണം
12. പദ്ധതിയുടെ സുതാര്യതയും വിശ്വാസ്യതയുമുറപ്പാക്കാൻ ബയോമെട്രിക് ഓതന്റൈസേഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ഡാഷ്‌ബോർഡുകൾ, മറ്റ് ജിയോസ്പേഷ്യൽ ടൂളുകൾ എന്നിവ നടപ്പാക്കണം
13. രേഖകളെല്ലാം ഡിജിറ്റൽ സംവിധാനത്തിലൂടെ
14. നിയമവ്യവസ്ഥാ ലംഘനമുണ്ടായാൽ പതിനായിരം രൂപ വരെ പിഴ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)


