ന്യൂഡൽഹി: പ്രീണനരാഷ്ട്രീയത്തിൻ്റെ ഭാഗമായി മുസ്‌ലിം ലീഗിന് കീഴടങ്ങി
നെഹ്റുവും കോൺഗ്രസും വന്ദേമാതരത്തെ വെട്ടിമുറിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയുമായി ലോക്‌സഭയിൽ പ്രതിപക്ഷാംഗങ്ങൾ. പ്രധാനമന്ത്രി ചരിത്രം തിരുത്തിയെഴുതുകയാണെന്നും ദേശീയഗീതമെന്ന ആദരവ് വന്ദേമാതരത്തിന് സമ്മാനിച്ചത് കോൺഗ്രസാണെന്നും അവർ ചൂണ്ടിക്കാട്ടി.
ജവാഹർലാൽ നെഹ്റു നേതാജി സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്തിലെ പ്രധാനഭാഗം ഒഴിവാക്കിയാണ് പ്രധാനമന്ത്രി വാദിച്ചതെന്ന് പ്രിയങ്കാഗാന്ധി ചൂണ്ടിക്കാട്ടി. വന്ദേമാതരത്തിലെ ഭാഗങ്ങൾക്കെതിരേയുള്ള എതിർപ്പുകൾ വർഗീയവാദികളുടെ ഉത്‌പന്നമാണെന്ന് നെഹ്റു കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യം മോദി മനപ്പൂർവം മറച്ചുവെച്ചു. ഭരണഘടനാ അസംബ്ലിയിൽ വന്ദേമാതരത്തിന്റെ രണ്ടുഭാഗങ്ങൾ മാത്രമാണ് സ്വീകരിച്ചത്. ആ യോഗത്തിൽ പങ്കെടുത്ത സംഘപരിവാറിൻ്റെ നേതാവായ ശ്യാമപ്രസാദ് മുഖർജി, അന്ന് എന്തുകൊണ്ട് എതിർത്തില്ല? വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതിനെ ചോദ്യംചെയ്യുന്നവർ ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളെയാണ് അവഹേളിക്കുന്നത് -പ്രിയങ്കാഗാന്ധി പറഞ്ഞു.
ബിജെപി എത്ര ശ്രമിച്ചാലും ജവാഹർലാൽ നെഹ്റുവിന്റെ സംഭാവനകൾക്കുമേൽ ഒരു ചെറിയ കറപോലും വീഴ്ത്താനാകില്ലെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. വന്ദേമാതരത്തെ വിഭാഗീയലക്ഷ്യങ്ങൾക്കായി ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കം ബംഗാളിൽ വിജയിക്കില്ലെന്ന് തൃണമൂൽ അംഗം മഹുവ മൊയ്തു പറഞ്ഞു.
'പ്രധാനമന്ത്രി വളച്ചൊടിക്കൽ ആശാൻ'
മോദിയെ വളച്ചൊടിക്കൽ ആശാനെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേഷ്, രവീന്ദ്രനാഥ ടാഗോർ അടക്കമുള്ള രാജ്യത്തിന്റെ സ്ഥാപകനേതാക്കളെ അപമാനിച്ചതിന് അദ്ദേഹം മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. വിശ്വഭാരതി 1994-ൽ പ്രസിദ്ധീകരിച്ച പ്രഭാത് കുമാർ മുഖോപാധ്യായ എഴുതിയ ടാഗോറിൻ്റെ ആധികാരിക ആത്മകഥയായ രവീന്ദ്ര ജീബനിയിലെ 110-112 വരെയുള്ള പേജുകളും രമേഷ് എക്സ്‌സിൽ പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ ആരോപണത്തിന് ജയറാം രമേഷ് മൂന്നു ചോദ്യങ്ങളും ഉത്തരങ്ങളും നൽകി.
1. 1940 മാർച്ചിൽ ലഹോറിൽ പാകിസ്‌താൻ പ്രമേയം അവതരിപ്പിച്ച വ്യക്തിയുമായിച്ചേർന്ന് 1940-കളുടെ തുടക്കത്തിൽ ബംഗാളിൽ ഏത് ഇന്ത്യൻ നേതാവാണ് സഖ്യമുണ്ടാക്കിയത്? അത് ശ്യാമപ്രസാദ് മുഖർജിയാണ്.
2. 2005 ജൂണിൽ കറാച്ചിയിൽ ജിന്നയെ പ്രശംസിച്ച നേതാവ് ആരാണ്? അത് എൽ.കെ. അദ്വാനിയാണ്.
3. 2009 എന്ന പുസ്‌തകത്തിൽ ജിന്നയെ പ്രശംസിച്ച നേതാവ് ആരാണ്? അത് ജസ്വന്ത് സിങ്ങാണ്.
വന്ദേമാതരം ഒരിക്കലും ഇസ്‌ലാംവിരുദ്ധമായിരുന്നില്ല
ആനന്മ നോവലിൽ പ്രസിദ്ധീകരിച്ച വന്ദേമാതരം ഗീതം ഒരിക്കലും ഇസ്ലാം വിരുദ്ധമായിരുന്നില്ലെന്നും അതിൻ്റെ നിഷ്‌പക്ഷമായ വിലയിരുത്തലാണ് കാലം ആവശ്യപ്പെടുന്നതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












