ന്യൂഡൽഹി: ഇൻഡിഗോ സർവീസുകൾ താറുമാറായതിനുപിന്നാലെ മറ്റു വിമാനക്കമ്പനികൾ യാത്രാനിരക്ക് വൻതോതിൽ ഉയർത്തിയത് തടയാൻ കേന്ദ്രസർക്കാർ. യാത്രാദൂരത്തിനനുസരിച്ച് നിരക്കുകൾക്ക് വ്യോമയാനമന്ത്രാലയം പരിധി നിശ്ചയിച്ചു. ഇതിനുപുറമേ യൂസർ ഡിവലപ്മെന്റ്റ് ഫി (യുഡിഎഫ്), പാസഞ്ചർ സർവീസ് ഫീ (പിഎസ്എഫ്) തുകയും നികുതിയുമുണ്ടാകും. പ്രതിസന്ധി സാധാരണനിലയിലെത്തുംവരെ നിയന്ത്രണമുണ്ടാകും. വിമാനക്കമ്പനികളുടെ ഒൗദ്യോഗിക വെബ്സൈറ്റുകൾക്കും വിവിധ ഓൺലൈൻ ട്രാവൽ ബുക്കിങ് സൈറ്റുകൾക്കും ബാധകമാകും. ന്യായമായ യാത്രാനിരക്ക് ഉറപ്പാക്കാനാണ് ഇടപെടലെന്നും ലംഘനമുണ്ടായാൽ അടിയന്തര നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ബിസിനസ് ക്ലാസ്, ഉഡാൻ വിമാനങ്ങൾക്ക് നിരക്കുപരിധി ബാധകമാകില്ല. ഇക്കോണമി ക്ലാസിനുമാത്രമാണോ അതോ പ്രിമീയം ഇക്കോണമി ക്ലാസിനും പരിധി ബാധകമാണോ എന്നതിൽ വ്യക്തതയില്ല. പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ ഡ്യൂട്ടി ചട്ടമായ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ്ഡിടിഎൽ) നടപ്പാക്കുന്നതിൽ ഫെബ്രുവരി 10 വരെ ഇൻഡിഗോയ്ക്ക് ഇളവും നൽകി.
അതിനിടെ, ഇൻഡിഗോയ്ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെ പുറത്താക്കുന്നത് പരിഗണിക്കുകയാണെന്നാണ് റിപ്പോർട്ട്. കന്‌പനിക്ക് കനത്തപിഴ ചുമത്താനും നീക്കമുണ്ട്.
പൈലറ്റുമാരുടെ വിശ്രമസമയംസംബന്ധിച്ചുള്ള പുതിയ ചട്ടങ്ങൾ കൈകാര്യംചെയ്യുന്നതിൽ വീഴ്ചവരുത്തിയതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ മറുപടിനൽകണമെന്നാണ് ആവശ്യം;
ടിക്കറ്റ് നിരക്ക് പരിധി
500 കിലോമീറ്റർവരെ 7500 രൂപ
500-1000 കിലോമീറ്റർ 12,000 രൂപ
1000-1500 കിലോമീറ്റർ 15,000
1500 കിലോമീറ്ററിന് മുകളിൽ 18,000
റീഫണ്ട് ഇന്നുരാത്രി എട്ടിനകം നൽകണം
. റദ്ദാക്കിയതോ യാത്ര തടസ്സപ്പെട്ടതോ ആയ എല്ലാ വിമാനങ്ങളുടെയും യാത്രാനിരക്ക് തുക ഞായറാഴ്‌ച രാത്രി എട്ടിനകം തിരിച്ചുനൽകണം. കാലതാമസം വരുത്തിയാൽ നടപടി.
. യാത്രക്കാരെ സഹായിക്കാൻ സപ്പോർട്ട് സെൽ
യാത്രക്കാർ ടിക്കറ്റ് മാറ്റിയെടുക്കുമ്പോൾ റീഷെഡ്യൂളിങ് ചാർജ് ഈടാക്കരുത്
. വിമാനത്തിന്റെ റദ്ദാക്കൽ കാരണമോ വൈകൽകാരണമോ കുടുങ്ങിപ്പോയ ലഗേജുകൾ യാത്രക്കാരുടെ വിലാസത്തിൽ 18 മണിക്കൂറിനകം എത്തിച്ചുനൽകണം.
ശനിയാഴ്‌ച റദ്ദാക്കിയത് 850 സർവീസുകൾ
അതേസമയം, ഇൻഡിഗോ വിമാനസർവീസുകൾ ശനിയാഴ്ചയും അവതാളത്തിലായി. 850-ൽത്താഴെ സർവീസുകളാണ് ശനിയാഴ്ച റദ്ദാക്കിയതെന്നും സ്ഥിതി മെച്ചപ്പെടുത്താൻ പ്രയത്നിക്കുന്നുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. എയർഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും വിമാനങ്ങളിൽ കൂടുതൽ യാത്രക്കാരെ കൊണ്ടുപോകാനാവുന്ന വിധത്തിൽ സൗകര്യം വർധിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും വെള്ളിയാഴ്ചമുതൽ നിരക്ക് പരിധി നടപ്പാക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രാദുരിതം പരിഹരിക്കാൻ റെയിൽവേ ശനിയാഴ്‌ച 84 സ്പെഷ്യൽ തീവണ്ടികൾ പ്രഖ്യാപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)












_h_small.jpg)



