ന്യൂഡൽഹി: കാറിൽ ബീക്കണും വലിയ വസതിയുമുള്ള പോസ്റ്റുമാനല്ല ഗവർണറെന്ന് കേന്ദ്രം. ഗവർണർ ദന്തഗോപുരത്തിലിരുന്നല്ല തീരുമാനങ്ങളെടുക്കേണ്ടതെന്ന് കേരളം. ബില്ലുകൾക്ക് അനുമതിനൽകാൻ കോടതിക്ക് അധികാരമില്ലെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ, ബില്ലുകളിലെ അധികാരംസംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കവേ സുപ്രീംകോടതിയിൽ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് പത്തുദിവസം വിശദമായി വാദംകേട്ടശേഷമാണ് വ്യാഴാഴ്‌ച 111 പേജുള്ള വിധിന്യായം (റഫറൻസിലെ അഭിപ്രായം) തയ്യാറാക്കിയത്.
കേന്ദ്രനിലപാട്:
കാറിൽ ബീക്കണും വലിയ വീടുമുണ്ടെന്നതൊഴിച്ചാൽ പോസ്റ്റുമാനാണ് ഗവർണറെന്ന് ആരും കരുതേണ്ടതില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഗവർണറുടേത് ആലങ്കാരികപദവിയല്ല. ഗവർണർ സർക്കാർ ജീവനക്കാരനോ ഭരണകക്ഷിയുടെ ഏജന്റോ അല്ല. രാഷ്ട്രീയ തീട്ടൂരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതുമില്ല. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും താത്പര്യങ്ങൾ വിരുദ്ധമാകുമ്പോൾ ഒരു അമ്പയറുടെ ജോലിയാണ് ഗവർണർക്ക്.
ഗവർണറുടെ നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമല്ലെന്നും സോളിസിറ്റർ പറഞ്ഞു.
കേരളത്തിന്റെ വാദം:
ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കേണ്ടത് എത്രയും വേഗമായിരിക്കണമെന്നും അല്ലാതെ സൗകര്യമുള്ളപ്പോഴല്ലെന്നും കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു. ഗവർണർ ദന്തഗോപുരത്തിലിരുന്ന് മാസങ്ങളെടുത്തല്ല ബില്ലുകൾ പഠിക്കേണ്ടത്. ബില്ലുകൾ തടഞ്ഞുവെക്കുകയാണെങ്കിൽ അനുമതിനൽകാൻ മന്ത്രിസഭയ്ക്ക് നിർബന്ധിക്കാവുന്നതാണ്.
ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്നാണ് ഭരണഘടനയുടെ 200-ാം അനുച്ഛേദം വ്യക്തമാക്കുന്നത്. ബില്ലുകൾ തടഞ്ഞുവെക്കുകയാണെങ്കിൽ അതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് പറഞ്ഞ കേരളം, രാഷ്ട്രപതിയുടെ റഫറൻസ് മറുപടിനൽകാതെ സുപ്രീംകോടതി തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു.
ബിജെപിഭരണ സംസ്ഥാനങ്ങൾ:
ബില്ലുകൾക്ക് അനുമതിനൽകാനുള്ള അധികാരം ഗവർണർക്കും രാഷ്ട്രപതിക്കുമാണെന്നും കോടതിക്ക് അതിന് കഴിയില്ലെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വാദിച്ചു. തടഞ്ഞുവെക്കുന്ന ബില്ലുകൾക്ക് 'കല്പിതാനുമതി' എന്നൊരു സങ്കല്പമില്ലെന്ന് മഹാരാഷ്ട്രയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. ഗവർണറോട് ബില്ലിന് അനുമതിനൽകാൻ കോടതിക്ക് പറയാനാവില്ല. ഒരു കോടതിയോടും മറുപടിപറയാൻ ഗവർണർക്ക് ബാധ്യതയില്ല -സാൽവെ പറഞ്ഞു.
ബില്ലിന് അനുമതിനൽകുന്നതിൽ ഗവർണർക്കും രാഷ്ട്രപതിക്കും പരിപൂർണമായ വിവേചനാധികാരമുണ്ടെന്ന് ഉത്തർപ്രദേശിനും ഒഡിഷയ്ക്കുംവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വാദിച്ചു. ഗവർണറുടെ അനുമതിയില്ലാതെ നിയമനിർമാണം പൂർത്തിയാവില്ലെന്നിരിക്കേ കല്പിതാനുമതിയുടെ പ്രശ്നമുദിക്കുന്നില്ലെന്ന് ഗോവയ്ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജീത് ബാനർജി പറഞ്ഞു. അനുച്ഛേദം 200-ൽ ഇല്ലാത്തത് കൂട്ടിച്ചേർക്കുകയാണ് ഏപ്രിൽ എട്ടിലെ തമിഴ്നാട് വിധിയിൽ സുപ്രീംകോടതി ചെയ്‌തതെന്ന് ഛത്തീസ്ഗഢിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജേഠ്‌മലാനി വാദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

