ന്യൂഡൽഹി: രാജ്യത്തെ ഉലച്ച ചെങ്കോട്ട സ്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർക്ക് തുർക്കിയിൽനിന്ന് നിർദേശങ്ങളും സഹായങ്ങളും ലഭിച്ചതായി അന്വേഷണസംഘം. പാക് തീവ്രവാദ സംഘടനകളായ ജെയ്ഷെ മുഹമ്മദിനും ഐ.എസ് ശാഖയായ അൻസാർ ഗസ്വാത് അൽ ഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്‌ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായി. തുർക്കി അങ്കാറയിൽ നിന്നുള്ള 'ഉകാസ' എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഡോക്ടർമാരുടെയും ജെയ്ഷിൻറെയും അൻസാറിൻ്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചു. ഡോ. ഉമർ നബിയും പിടിയിലായ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ ഷാഹിദ്, ഡോ. മുഹമ്മദ് ഷക്കീൽ എന്നിവർ തുർക്കി സന്ദർശിച്ചിരുന്നു. 2022 മാർച്ചിൽ അങ്കാറയിലെത്തിയ ഉമറും ഷക്കിലും രണ്ടാഴ്ചയോളം അവിടെ താമസിച്ചു. കൊസയുമായി ആദ്യഘട്ടത്തിൽ ടെലിഗ്രാമിലായിരുന്നു ബന്ധപ്പെട്ടതെങ്കിലും പിന്നീടിത് സെഷൻ, സിഗ്നൽ ആപ്പുകളിലേക്ക് മാറി. സ്ഫോടനം നടത്താൻ ഉകാസയിട്ട പദ്ധതി ഉമർ നബി അടക്കമുള്ളവരിലൂടെ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായ ഡോക്ടർമാർ ആശയവിനിമയത്തിന് ഉപയോഗിച്ചത് സ്വിസ് ആപ്പായ 'ത്രിമ'യാണെന്നും കണ്ടെത്തി.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നെന്ന കുറ്റത്തിന് ജമ്മു-കശ്മീർ സർക്കാർ രണ്ടുവർഷം മുൻപ് സർവീസിൽനിന്ന് പിരിച്ചുവിട്ട ഡോ. നിസാർ ഉൽ ഹസൻ ഇവർക്ക് നേതൃത്വം നൽകി. അൽ ഫലാഹ് സർവകലാശാലയിൽ അധ്യാപകനായി ചേർന്ന ഇയാളെ സ്ഫോടനത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് കാണാതായിരുന്നു. ഇയാളെ കണ്ടെത്താൻ ഇൻ്റർപോളിന്റെ സഹായം തോടി.
സ്ഫോടനം നടത്തിയത് ഡോ. ഉമർ നബിയാണെന്ന് സ്ഥിരീകരിച്ചു. പൊട്ടിത്തെറിച്ച കാറിലെ ശരീരാവശിഷ്‌ടങ്ങളും ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാംപിളുകളും പരിശോധിച്ചതിൽ നിന്നാണിത്. സ്ഫോടനം നടന്ന സ്ഥലത്തിന് 300 മീറ്റർ അകലെയുള്ള കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ കൈപ്പത്തി കണ്ടെത്തി. അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദിൻ്റെ സഹോദരൻ ഡോ. പർവേസ് ഷാഹിദ്, ഇവരുമായി ബന്ധമുള്ള കാൻപുർ ഗണേശ് ശങ്കർ വിദ്യാർഥി സ്‌മാരക മെഡിക്കൽ കോളേജിലെ കാർഡിയോളജി എംഡി വിദ്യാർഥി ഡോ. മുഹമ്മദ് ആരിഫ് എന്നിവരെ അറസ്റ്റു ചെയ്‌തു. ജമ്മു-കശ്‌മീരിൽ 10 പേരെക്കൂടി കസ്റ്റഡിയിലെടുത്തു. അതിനിടെ, അംഗീകാരം ചോദ്യംചെയ്ത‌് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു.
അമേരിക്കയുടെ അഭിന്ദനം
സ്ഫോടനം അന്വേഷിക്കുന്ന ഇന്ത്യൻ പോലീസിനെ യുഎസ് അനുമോദിച്ചു. ഇന്ത്യ അസാധാരണ വൈദഗ്‌ധ്യത്തോടെയാണ് അന്വേഷിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു,
നിഷേധിച്ച് തുർക്കി
ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഭീകരവാദം വളർത്താൻ ഇടപെടുന്നെന്ന വാർത്ത തുർക്കി നിഷേധിച്ചു. പൂർണമായും തെറ്റാണെന്നും വസ്‌തുതാവിരുദ്ധമാണെന്നും തുർക്കി കമ്യൂണിക്കേഷൻസ് സെൻ്റർ ഫോർ കൗണ്ടറിങ് ഡിസ്ഇൻഫോർമേഷൻ പ്രസ്താവനയിൽ പറഞ്ഞു.
നാലു കാറുകൾ കണ്ടെത്തി
പ്രതികളായ ഡോക്‌ടർമാർ ഉപയോഗിച്ച നാല് കാറുകൾ അന്വേഷണസംഘം കണ്ടെത്തി. രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരർ 32 കാറുകൾ വാങ്ങിയെന്നാണ് നിഗമനം.
ഡയറി കണ്ടെത്തി
ചാവേർ ഉമറും ഡോ. മുസമ്മിൽ ഷക്കീലും താമസിച്ച ഹോസ്റ്റലിലെ മുറികളിലെ പരിശോധനയിൽ ഡയറികളും നോട്ട് ബുക്കുകളും ലഭിച്ചു. സ്ഫോടകവസ്തു വാങ്ങാൻ ഡോക്ട്‌ടർമാർ 26 ലക്ഷം രൂപ സ്വരൂപിച്ച് ഉമർ നബിക്ക് കൈമാറിയതായും വിവരമുണ്ട്. 25-ഓളം പേരുകളും ഡയറിയിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















