ബെംഗളൂരു: ധനമന്ത്രി നിർമലാ സീതാരാമൻ്റെ എഐ വീഡിയോ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലൂടെ ബെംഗളൂരുവിലെ വീട്ടമ്മയിൽനിന്ന് കവർന്നത് 43.4 ലക്ഷം രൂപ. മികച്ച ആദായത്തിന് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ നിർമലാ സീതാരാമൻ ആഹ്വാനം ചെയ്യുകയും ഇതിനായി ഒരു കമ്പനി നിർദേശിക്കുകയും ചെയ്യുന്ന എഐ വീഡിയോ വിശ്വസിച്ച 57-കാരിയാണ് തട്ടിപ്പിനിരയായത്. ഈ വീഡിയോ സന്ദേശത്തിനൊപ്പമുണ്ടായിരുന്ന ലിങ്ക് ഉപയോഗിച്ചായിരുന്നു അജ്ഞാതസംഘം തട്ടിപ്പ് നടത്തിയത്.
നിക്ഷേപത്തെക്കുറിച്ച് അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌ത വീട്ടമ്മയിൽനിന്ന് ഓൺലൈനിൽ തന്നെ വ്യക്തിവിവരങ്ങൾ ശേഖരിച്ചു. പിന്നീട് ആരവ് ഗുപ്‌ത എന്ന് പരിചപ്പെടുത്തിയ ആൾ വിളിച്ചു ഓഹരിവ്യാപാര സ്ഥാപനത്തിന്റെ പ്രതിനിധിയാണെന്ന് അറിയിച്ചു. ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ ഇവരെ ചേർക്കുകയും ചെയ്തു. നിക്ഷേപത്തിലൂടെ ലാഭം ലഭിച്ചവരുടെ വിവരങ്ങൾ ഈ ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.
പിന്നീട് ഓഹരിവിൽപ്പന സംബന്ധിച്ച് മീന എന്ന പേരിൽ ഒരാൾ ഓൺലൈനിലൂടെ വീട്ടമ്മയ്ക്ക് പരിശീലനം നൽകി. ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും നിർദേശിച്ചു. ഈ ആപ്പ് മുഖേന ആദ്യം 5000 രൂപ വാങ്ങി. പിന്നീട് ഒരു ലക്ഷംരൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇത് രണ്ട് ലക്ഷം രൂപയായി മാറിയെന്നാണ് ആപ്പിൽ കാണിച്ചിരുന്നത്. പിന്നീട് അഞ്ച് ലക്ഷം നൽകിയപ്പോൾ നിക്ഷേപം എട്ട് ലക്ഷമായി വർധിച്ചെന്നാണ് ആപ്പിലുള്ള കണക്കുകളിൽ കാണിച്ചത്.
ഇത്തരത്തിൽ പലതവണയായി പണം വാങ്ങി. ഇതിനിടെ വീട്ടമ്മയുടെ അക്കൗണ്ടിൽ സംശയകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അതിനാൽ അക്കൗണ്ട് മരവിപ്പിച്ചെന്നും ബാങ്കിൽനിന്ന് വിളിച്ച് അറിയിച്ചു. ഇതേത്തുടർന്നാണ് തട്ടിപ്പ് നടന്നതായി വ്യക്തമായത്, വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















