
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളിലും സീറ്റുവിഭജനം നീളുന്നു. സഖ്യകക്ഷികൾ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതാണ് പ്രശ്നം. സീറ്റുവിഭജനക്കാര്യത്തിൽ എൻഡിഎ തീരുമാനം ഞായറാഴ്ച്‌ചയുണ്ടാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതിനിടെ, ദളിത് വിഭാഗത്തിന് അർഹതപ്പെട്ട പ്രധാന്യം ലഭിക്കുന്നില്ലെന്നാരോപിച്ച് മിശ്രിലാൽ യാദവ് എംഎൽഎ പാർട്ടി വിട്ടത് ബിജെപിക്ക് തിരിച്ചടിയായി. അതേസമയം, മഹാസഖ്യത്തിൽ അഞ്ചുസീറ്റുകളുടെ കാര്യത്തിൽ ആർജെഡിയും കോൺഗ്രസും തമ്മിൽ തർക്കം തുടരുകയാണ്. ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പത്രികാസമർപ്പണത്തിന് ഇനി ആറുദിവസമാണ് ബാക്കി. അതിനിടെ, സീറ്റുവിഭജനം നീളുന്ന സാഹചര്യത്തിൽ സിപിഎം രണ്ടുസ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.
എൻഡിഎയ്ക്കകത്ത് സീറ്റുകളുടെ കാര്യത്തിൽ തർക്കങ്ങളൊന്നുമില്ലെന്ന് ശനിയാഴ്ച പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയസ്വാൾ അവകാശപ്പെട്ടു. എന്നാൽ, സീറ്റുവിഭജന ചർച്ച അവസാനിച്ചിട്ടില്ലെന്ന് രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്‌വാഹ പ്രതികരിച്ചു. തങ്ങൾക്ക് മാന്യമായ സീറ്റുവിഹിതം ലഭിച്ചില്ലെങ്കിൽ പാർട്ടി മത്സരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രികൂടിയായ ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷൻ ജിതൻ റാം മാഞ്ചി പ്രതികരിച്ചു.
എൻഡിഎയിലുണ്ടാക്കിയ ധാരണയനുസരിച്ച് ജെഡിയു 102-ഉം ബിജെപി 101-ഉം സീറ്റുകളിൽ മത്സരിക്കുമെന്നാണ് വിവരം. ലോക്‌ജനശക്തി (രാംവിലാസ്) പാർട്ടിക്ക് പരമാവധി 25-26 വരെ സീറ്റുകൾ ലഭിച്ചേക്കും. എച്ച്എഎമ്മിന് എട്ടും കുശ‌്വാഹയുടെ പാർട്ടിക്ക് ഏഴും സീറ്റുകളെന്നാണ് സൂചനകൾ.
മഹാസഖ്യത്തിൽ അഞ്ചിൽ തർക്കം
ബൈസി, ബഹാദുർഗഞ്ച്, റാണിഗഞ്ച്, കൽഗാവ്, സഹർസ സീറ്റുകളെച്ചൊല്ലിയാണ് ആർജെഡിയും കോൺഗ്രസും തമ്മിൽ ആശയക്കുഴപ്പം തുടരുന്നത്. കൽഗാവ്, ബഹാദുർപുർ സീറ്റുകളിൽ കോൺഗ്രസാണ് കഴിഞ്ഞതവണ മത്സരിച്ചത്. സഹർസ, ബൈസി, റാണിഗഞ്ച് സിറ്റുകളിൽ ആർജെഡിയും, ഇവിടങ്ങളിൽ ഇരുപാർട്ടികൾക്കും വിജയിക്കാനായില്ല. ഇതിൽ സഹർസ സീറ്റ് മറ്റൊരു സഖ്യകക്ഷിക്ക് കൈമാറാൻ ധാരണയായെങ്കിലും പിന്നീട് ആർജെഡി അവകാശവാദമുന്നയിച്ചു. രണ്ടുസീറ്റുകൾ ഇന്ത്യാ ഇൻക്ലൂസീവ് പാർട്ടിക്ക് കൈമാറാൻ സമ്മതിച്ച കോൺഗ്രസിലും ഇതോടെ മനംമാറ്റമായി. 135 സീറ്റുകളിൽ ആർജെഡിയും 55 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണ. ഇടതുപാർട്ടികളുടെ സീറ്റുകളുടെ കാര്യത്തിലും അന്തിമധാരണയാവാനുണ്ട്. പാർട്ടിക്ക് മാന്യമായ സീറ്റുവിഹിതം ലഭ്യമായില്ലെങ്കിൽ സ്വന്തം തീരുമാനത്തിലേക്ക് കടക്കുമെന്ന് ഝാർഖണ്ഡ് മുക്തിമോർച്ച വ്യക്തമാക്കി.
100 സീറ്റുകളിൽ മത്സരിക്കുമെന്ന് ഒവൈസി
മഹാസഖ്യവുമായി ധാരണയുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ നൂറുസീറ്റുകളിൽ തനിച്ചുമത്സരിക്കുമെന്ന് മജ്‌ലിസ് പാർട്ടി. മൂന്നാം ബദലിനായാണ് മജ്‌ലിസ് പാർട്ടി ശ്രമിക്കുന്നതെന്ന് അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി.
അതിനിടെ രാഘോപുർ മണ്ഡലത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ ഇക്കുറി പരാജയപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ജൻസുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ രംഗത്തെത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group