
ന്യൂഡൽഹി: ബിഹാറിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കം വേഗത്തിലാക്കി
തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആർ പൂർത്തിയാക്കിയതിനുപിന്നാലെ സംസ്ഥാനത്തെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്‌ച വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചനടത്തി.
ബിഹാറിൽ നിയമസഭാതിരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം തുടങ്ങി നവംബർ ആദ്യവാരത്തോടെ പൂർത്തിയാക്കാനാണ് സാധ്യത. ഒക്ടോബറിൽ ഛാട് പൂജ നടക്കുന്നതിനാൽ അതുകഴിഞ്ഞ് തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുഘട്ടങ്ങൾ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ ഘട്ടമായി നടത്തണമെന്ന് എൻഡിഎ കക്ഷികൾ ആവശ്യപ്പെട്ടു.
ജനങ്ങൾ ഛാറ് പൂജാ തിരക്കിലാവുന്നതിനാൽ ഈ സമയത്ത് തിരഞ്ഞെടുപ്പുനടന്നാൽ വോട്ടർമാരുടെ പങ്കാളിത്തം കുറയുമെന്നാണ് പാർട്ടി കൾ ചൂണ്ടിക്കാട്ടിയത്.
വോട്ടർപട്ടിക ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പ്രത്യേക തീവ്ര പരിഷ്കരണം വിജയകരമായി പൂർത്തിയാക്കിയതിന് രാഷ്ട്രീയപ്പാർട്ടികൾ നന്ദി അറിയിച്ചതായി കമ്മിഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പുപ്രക്രിയയുടെ ഓരോ ഘട്ടത്തിലും രാഷ്ട്രീയപ്പാർട്ടികളുടെ പൂർണ പങ്കാളിത്തമുറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അഭിപ്രായപ്പെട്ടു. പോളിങ് സ്റ്റേഷനിൽ വോട്ടർമാരുടെ പരമാവധി എണ്ണം 1200 ആക്കിയതടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെയും പാർട്ടികൾ സ്വാഗതംചെയ്തതായി കമ്മിഷൻ പറഞ്ഞു.
ആംആദ്‌മി, ബിജെപി, ആർജെഡി, കോൺഗ്രസ്, ജെഡിയു, സിപിഐ(എംഎൽ), സിപിഎം, ബിഎസ്‌പി, എൻപിപി, എൽജെപി(രാംവിലാസ്), ആർഎൽജെപി പാർട്ടി പ്രതിനിധികൾ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. ഇതിനുശേഷം ഉന്നത പോലീസുദ്യോഗസ്ഥരുമായും കമ്മിഷൻ ചർച്ചനടത്തി.
പട്‌ന: ബിഹാർ നിയമസഭാതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തുന്ന ബുർഖ ധരിച്ച സ്ത്രീ വോട്ടർമാരെ അവരുടെ വോട്ടർ തിരിച്ചറിയൽ കാർഡിലെ ചിത്രവുമായി കൃത്യമായി പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷൻ വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബിജെപി ഈ ആവശ്യമുന്നയിച്ചത്. യഥാർഥ വോട്ടർമാരെമാത്രമേ വോട്ടുചെയ്യാൻ അനുവദിക്കാവൂവെന്നും ഇത് ഉറപ്പുവരുത്താൻ കൃത്യമായ പരിശോധന ആവശ്യമാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ ദിലീപ് ജെയ്‌സ്വാൾ ആവശ്യപ്പെട്ടു. ബിജെപിയുടെ ആവശ്യത്തെ പ്രതിപക്ഷം എതിർത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group