
ന്യൂഡൽഹി: വർഷങ്ങൾനീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ്റെ (എഐഎഫ്എഫ്) പുതിയ കരട് ഭരണഘടന സുപ്രീംകോടതി അംഗീകരിക്കുന്നത്. നാലാഴ്‌ചയ്ക്കകം എക്സിക്യുട്ടീവ് യോഗം വിളിച്ച് പുതിയ ഭരണഘടന സ്വീകരിക്കാൻ ജസ്റ്റിസ് പി.എസ്. നരസിംഹയും ജോയാല ബഗിയും ഉൾപ്പെട്ട ബഞ്ച് ഫെഡറേഷനോട് ആവശ്യപ്പെട്ടു. ഇതോടെ ഐ.എസ്.എൽ നടത്തിപ്പിന് പുതിയ കരാറിനും വഴിയൊരുങ്ങി.
നിലവിലുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കോടതി അംഗീകരിച്ചതോടെ പ്രസിഡന്റ് കല്യാൺ ചൗബെയുടെ നേതൃത്വത്തിലുള്ള ഫെഡറേഷൻ ഭരണസമിതിക്ക് 2026 വരെയുള്ള കാലാവധി പൂർത്തിയാക്കാം. അതിനുമുൻപായി തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. ഒക്ടോബർ 30-നകം പുതിയ ഭരണഘടന അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യക്ക് വിലക്കേർപ്പെടുത്തുമെന്ന് ഫിഫയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും മുന്നറിയിപ്പുനൽകിയിരുന്നു.
അന്തിമവിധിക്കുമുൻപായി കോടതി മുതിർന്ന അഭിഭാഷകരായ രഞ്ജിത്ത് കുമാർ, രാഹുൽ മെഹ, അമിക്കസ് ക്യൂറി ഗോപാൽ ശങ്കരനാരായണൻ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയിരുന്നു. എല്ലാ സംസ്ഥാന അസോസിയേഷനുകളുടെയും അഭിപ്രായവും തേടി. ചില സംസ്ഥാന അസോസിയേഷനുകൾ കരട് ഭരണഘടനയിലെ വ്യവസ്ഥകളിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എട്ടുവർഷത്തെ നിയമപ്പോരാട്ടം
എട്ടുവർഷത്തെ നിയമപ്പോരാട്ടത്തിനൊടുവിലാണ് കേസിൽ അന്തിമവിധിയുണ്ടായത്. ഡൽഹി ഹൈക്കോടതി 2017-ലാണ് ഫുട്‌ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പ് ദേശീയ കായികനയത്തിൻ്റെ ലംഘനമാണെന്ന് കണ്ടെത്തിയത്. വധിക്കെതിരേ അന്നത്തെ ഭാരവാഹികൾ സുപ്രിംകോടതിയെ സമീപിച്ചു. 2022-ൽ പ്രസിഡന്റായിരുന്ന പ്രഫുൽ പട്ടേലിനെയും എക്‌സിക്യുട്ടീവ് കമ്മറ്റിയെയും പുറത്താക്കാൻ സുപ്രീകോടതി ഉത്തരവിട്ടു.
2023 മേയിൽ റിട്ട. ജസ്റ്റിസ് നാഗേശ്വര റാവുവിനെ പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കാൻ കോടതി നിയോഗിച്ചു. 2025 മാർച്ചിൽ കരട് ഭരണഘടന സുപ്രീകോടതിയിൽ സമർപ്പിച്ചു.
ഭാരവാഹികളെ പുറത്താക്കാൻ വകുപ്പ്
വിപ്ലവകരമായ മാറ്റങ്ങളാണ് ജസ്റ്റിസ് റാവു തയ്യാറാക്കിയ ഭരണഘടനയിലുള്ളത്. പുതിയ ദേശീയ കായികനയത്തിന് അനുസൃതമായാണ് ഭരണഘട തയ്യാറാക്കിയത്. ഭാരവാഹികൾക്ക് പരമാവധി 12 വർഷംമാത്രമേ പദവിയിൽ തുടരാനാവൂ എന്നതാണ് ഒരു വ്യവസ്ഥ. തുടരെ എട്ടുവർഷം തുടർന്നാൽ പിന്നീട് നാലുവർഷത്തെ ഇടവേളയ്ക്കുശേഷമേ ഭാരവാഹിയാകാൻ കഴിയൂ. ഭാരവാഹിയാവാനുള്ള പ്രായപരിധി 70 വയസ്സായിരിക്കും.
എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ 14 അംഗങ്ങളുണ്ടാവും. ഒരു പ്രസിഡൻ്റ്, രണ്ടു വൈസ് പ്രസിഡൻറുമാർ, ട്രഷറർ കൂടാതെ പത്ത് അംഗങ്ങളും. പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികളെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാനും ഭരണഘടനയിൽ വകുപ്പുണ്ട്.
ഐ.എസ്.എലിന് പുതിയ കരാറാവാം, ഫിഫ വിലക്ക് ഒഴിവാകും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ പ്രതിസന്ധി കോടതിവിധിയോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്‌ബോൾ സ്പോർട്‌സ് ഡിവലപ്‌മെൻ്റ് ലിമിറ്റഡും (എഫ്എസ്‌ഡിഎൽ) ഫുട്‌ബോൾ ഫെഡറേഷനും തമ്മിലുള്ള കരാർ പുതുക്കാനാവാത്തതാണ് ഐഎസ്എലിനെ പ്രതിസന്ധിയിലാക്കിയത്. കേസ് വാദത്തിനിടെ ഭരണഘടന അംഗീകരിച്ച് തിരഞ്ഞെടുപ്പ് നടത്തിയതിനുശേഷമേ സുപ്രധാനകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാവൂ എന്ന് കോടതി നിർദേശിച്ചിരുന്നു. ഇനി പുതിയ കരാറുണ്ടാക്കി ഐഎസ്എൽ പുനരാരംഭിക്കാൻ ഫെഡറേഷന് കഴിയും.
ഫിഫയുടെ വിലക്കിനുള്ള ഭീഷണിയും ഇല്ലാതായതോടെ ഇന്ത്യൻ ദേശീയ ടീമുകൾക്കും ക്ലബ്ബുകൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാൻ തടസ്സങ്ങളുണ്ടാവില്ല. കൂടാതെ വിലക്കുവന്നിരുന്നെങ്കിൽ അർജന്റീനാ ടീമിൻറെ കേരളത്തിലുള്ള മത്സരവും മുടങ്ങുമായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group