
ന്യൂഡൽഹി: കണക്കുകൾ മാറിമറിഞ്ഞ വോട്ടെടുപ്പിൽ തമിഴ്‌നാട് തിരുപ്പൂർ സ്വദേശിയും മഹാരാഷ്ട്ര ഗവർണറുമായ സി.പി. രാധാകൃഷ്ണൻ (68) രാജ്യത്തിന്റെ പതിനേഴാമത് ഉപരാഷ്ട്രപതിയായി.
എൻഡിഎ കണക്കുകൂട്ടിയിലും 14 വോട്ട് അധികം നേടിയാണ് എൻഡിഎ സ്ഥാനാർഥിയായി രാധാകൃഷ്‌ണൻ്റെ വിജയം. 324 വോട്ടുകൾ പ്രതീക്ഷിച്ച പ്രതിപക്ഷത്തിൻ്റെ സംയുക്തസ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിക്ക് ലഭിച്ചത് 300 വോട്ട്, പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വോട്ടെടുപ്പ് ഫലം. സ്വന്തം വോട്ടുകൾ ഉറപ്പിച്ചുനിർത്തുന്നതിൽ പരാജയപ്പെട്ടത് പ്രതിപക്ഷത്തിന് ക്ഷീണമായി.
മൂന്ന് പാർട്ടികളും ഒരു സ്വതന്ത്രാംഗവും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഇലക്ടറൽ കോളേജിൻ്റെ അംഗബലം 781 ൽനിന്ന് 768 ആയി ചുരുങ്ങി. ഒരംഗത്തിന്റെ തപാൽവോട്ട് റദ്ദാക്കപ്പെട്ടു. ശേഷിച്ച 767 വോട്ടുകളിൽ 15 എണ്ണം അസാധുവായി. അവശേഷിച്ച 752 എണ്ണത്തിൽ സി.പി. രാധാകൃഷ്ണൻ 452 വോട്ടുനേടിയതോടെ 152 വോട്ടിൻ്റെ ഭൂരിപക്ഷം.
ഇക്കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിൻ്റെ ആദ്യദിനം, ഉപരാഷ്ട്രപതി പദത്തിൽനിന്ന് ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് ബിജെപി ഒരുക്കുന്ന രാഷ്ട്രീയപദ്ധതിയുടെ ഭാഗമായാണ് തമിഴ്‌നാട്ടുകാരനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. ജനസംഘം രൂപവത്കരിക്കപ്പെടുന്നതിനു മുൻപുതന്നെ ആർഎസ്എസ് പ്രവർത്തകനായ രാധാകൃഷ്ണൻ, ഈ പദവിയിലെത്തുന്ന ആദ്യത്തെ പൂർണ ആർഎസ്എസുകാരനാണ്. നിയുക്ത ഉപരാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിൽക്കണ്ട് അഭിനന്ദിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവും കേന്ദ്രമന്ത്രിമാരും അഭിനന്ദനമറിയിച്ചു.
പ്രതിപക്ഷത്തിന് ക്ഷീണം
427 എംപിമാരുള്ള എൻഡിഎയ്ക്ക് 11 അംഗങ്ങളുള്ള വൈഎസ്ആർ കോൺഗ്രസിന്റെ പിന്തുണയുണ്ടായിരുന്നു. ആകെ 438 വോട്ട് പ്രതീക്ഷിച്ചിടത്താണ് സി.പി. രാധാകൃഷ്‌ണന് 452 വോട്ടുകൾ ലഭിച്ചത്. 543 അംഗ ലോക്സഭയിൽ ഒന്നും 245 അംഗ രാജ്യസഭയിൽ ആറും ഒഴിവുകളുണ്ടായിരുന്നു. അതിനാൽ ലോക് സഭയിൽ 542, രാജ്യസഭയിൽ 239 എന്നിങ്ങനെയായിരുന്നു തരംഗബലം, രാജ്യസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾകുടി ഉൾപ്പെട്ടതാണ് ഇലക്‌ടറൽ കോളേജ്. ഒഡിഷയിലെ ബിജു ജനതാദളിൻ്റെ ഏഴും ആന്ധ്രപ്രദേശിലെ ഭാരത് രാഷ്ട്രസമിതിയുടെ നാലും പഞ്ചാബിലെ ശിരോമണി അകാലിദളിന്റെ സ്വതന്ത്രാംഗം സരബ്ജിത് സിങ് ബിൽസയുമാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്.
കേരളത്തിൽനിന്ന് റെഡ്ഡിക്ക് ലീഡ്
കേരളത്തിൽനിന്നുള്ള എംപിമാരിൽ സുരേഷ്‌ഗോപിയുടേതൊഴിച്ച് 26 പേരുടെയും പിന്തുണ (പ്രതിപക്ഷ സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് ലഭിച്ചു. 19 ലോക് സഭാംഗങ്ങളും ആറ് രാജ്യസഭാംഗങ്ങളും റെഡ്ഡിയെ പിന്തുണച്ചു. സുരേഷ് ഗോപിക്ക് പുറമേ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായ കേന്ദ്രമന്ത്രി ജോർജ് കുര്യനും നോമിനേറ്റഡ് അംഗങ്ങളായ പി.ടി. ഉഷയും പി. സദാനന്ദനും സി.പി. രാധാകൃഷ്‌ണന് വോട്ടുചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group