
ന്യൂഡൽഹി: രാജ്യത്തെ ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിൽ 2013-ലെ നിരക്കായ 40-ൽനിന്ന് 25 ആയി കുറഞ്ഞു. പത്തുവർഷത്തിനിടയിൽ 37.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2023-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്‌ആർഎസ്) റിപ്പോർട്ട് പറയുന്നു.
മണിപ്പുർ ഒന്നിൽ, കേരളത്തിനും മുന്നേറ്റം
സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് മണിപ്പുരിലാണ്. ഒന്നാംസ്ഥാനത്തുള്ള ഇവിടെ നിരക്ക് മൂന്നാണ്. എന്നാൽ, വലിയ സംസ്ഥാനങ്ങളിൽ ഒറ്റ അക്ക ശിശുമരണനിരക്ക് രേഖപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ്. അഞ്ചാണ് നിരക്ക്. അതേസമയം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 37 ആണ് നിരക്ക്.
129-ൽ നിന്ന് 25-ലേക്ക്
രാജ്യത്ത് 1971-ൽ 129 ആയിരുന്നു ശിശുമരണനിരക്ക്. 2023-ൽ 25 ആയി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ 2013-ൽ നിരക്ക് 44 ആണ്. പത്തുവർഷത്തിനുശേഷം 28 ആയി. നഗരപ്രദേശങ്ങളിൽ 27-ൽനിന്ന് 18 ആയി.
ജനനനിരക്കും കുറഞ്ഞു
1971-ൽ ആയിരത്തിൽ 36.9 ആയിരുന്ന ജനനനിരക്ക് 2023-ൽ 18.4 ആയി. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ മാത്രം 21.4-ൽനിന്ന് 18.4 ആയി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ 22.9 നിരക്കിൽനിന്ന് 20.3 ആയും നഗരങ്ങളിൽ 17.3-ൽ നിന്ന് 14.9 ആയും കുറഞ്ഞു. 2023-ൽ ബിഹാറിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ജനനനിരക്ക് (25.8).
മരണനിരക്ക് താഴ്ന്നു
മുതിർന്നവരുടെ മരണനിരക്കും കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടെ ഗണ്യമായി താഴ്ന്നതായി എസ്ആർഎസ് റിപ്പോർട്ടിലുണ്ട്. 1971-ൽ 14.9 ആയിരുന്ന മരണനിരക്ക് 2023-ൽ 6.4 ആയി. രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ചണ്ഡീഗഢിലാണ് (4). ഏറ്റവും ഉയർന്നത് ഛത്തീസ്ഗഢിലും (8.3).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group