
ചെന്നൈ: കൊച്ചിയുടെ മാതൃകപിന്തുടർന്ന് ചെന്നൈ നഗരത്തിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങുന്നതിന് സാധ്യതാപഠനം തുടങ്ങി. നേപ്പിയർ ബ്രിഡ്ജിനു സമീപത്തുനിന്ന് ബക്കിങാം കനാൽ വഴി കോവളം ബീച്ചുവരെ 53 കിലോമീറ്റർ ദൈർഘ്യത്തിലാണ് ആദ്യഘട്ടത്തിൽ സർവീസ് ആലോചിക്കുന്നത്.
തമിഴ്‌നാട് ജലവിഭവവകുപ്പും ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയും തമിഴ്‌നാട് മരിടൈം ബോർഡും ചേർന്നാണ് സാധ്യതാപഠനം നടത്തുന്നത്. കൊച്ചിയിലെ കായലുകളിൽനിന്ന് ഭിന്നമായി ചെന്നൈയിലെ ബക്കിങാം കനാൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞ് നീരൊഴുക്കു തടസ്സപ്പെട്ട് കിടക്കുകയാണെന്നതാണ് അധികൃതർക്കു മുന്നിലുള്ള പ്രധാനവെല്ലുവിളി. ചെളിനീക്കിയും ജലശുദ്ധീകരണ പദ്ധതികൾ നടപ്പാക്കിയും കനാൽ പുനരുജ്ജീവിപ്പിച്ച ശേഷമേ അതിലൂടെ ഗതാഗതം സാധ്യമാവൂ.
ബക്കിങാം കനാലിൻ്റെ പുനരുദ്ധാരണം ചെന്നൈ നഗരത്തിനെ പ്രളയക്കെടുതികളിൽനിന്ന് രക്ഷിക്കാൻ അനിവാര്യമാണെന്നാണ് വിദഗ്‌ധർ പറയുന്നത്. ചെളിനീക്കുന്നതിനു പുറമേ, കനാലിലേക്ക് ഒഴുകുന്ന അഴുക്കുവെള്ളം ശുദ്ധീകരിച്ച് ജലത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ഇതിനും വാട്ടർ മെട്രോ സർവീസ് തുടങ്ങുന്നതിനുംകൂടി 3,000 കോടി രൂപ മുതൽ 5,000 കോടി രൂപവരെ ചെലവു വരും. പണം എങ്ങനെ കണ്ടെത്തുമെന്ന് അടുത്തഘട്ടത്തിൽ ആലോചിക്കും.
പുതിയൊരു ഗതാഗതമാർഗംകൂടി തുറക്കും എന്നതിനു പുറമേ വാട്ടർ മെട്രോ നഗരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്തഘട്ടത്തിൽ സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്കുകൂടി ഉൾനാടൻ ജലഗതാഗത സംവിധാനം വ്യാപിപ്പിക്കും. ചെന്നൈ വാട്ടർ മെട്രോ വിജയിച്ചാൽ ആന്ധ്രപ്രദേശിനെയും തെലങ്കാനയെയും തമിഴ്‌നാടിനെയും പുതുച്ചേരിയെയും 1,078 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ ജലഗതാഗത പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സാധ്യതാപഠനത്തിനുശേഷം വിശദപദ്ധതിരേഖ തയ്യാറാക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group