
ന്യൂഡൽഹി: മുണ്ടക്കൈ -ചുരൽമല ദുരന്തനിവാരണത്തിനായി കേരളത്തിനുള്ള സഹായം രണ്ടായി പരിഗണിക്കും. വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ അടങ്ങുന്ന മൾട്ടിസെക്ടറൽ ടീമും, ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമാണ് കേരളത്തിന്റെ ആവശ്യം പരിഗണിച്ചത്. രണ്ടിൻ്റെയും മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ ദുരന്തനിവാരണത്തിനുള്ള ഉന്നതതല സമിതിയാണ് സഹായധനം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത്. ആഭ്യന്തരസെക്രട്ടറി അധ്യക്ഷനായ ഉപസമിതിയുടെ മുന്നിൽ 2221.02 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. വ്യത്യസ്‌ത മാനദണ്ഡങ്ങളിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും മൾട്ടി സെക്‌ടറൽ ടീമും പരിഗണിച്ച പദ്ധതികൾ പ്രകാരം മൾട്ടി സെക്ടറൽ ടീം അംഗീകരിച്ച 260 കോടിയുടെ സഹായത്തിനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശചെയ്തത്. എന്നാൽ, ദേശീയ ദുരന്തനിവാരണ അതോറിറ്റി ശുപാർശചെയ്തത് 460 കോടിയാണ്. അതിനെക്കാൾ കുറവാണ് മൾട്ടി സെക്ടറൽ ടീം ശുപാർശചെയ്തത്.
അതേസമയം ദുരന്തലഘൂകരണം, ദുരന്തപ്രതിരോധം എന്നിവ പ്രകാരമുള്ള പദ്ധതികൾ ദുരന്തനിവാരണ അതോറിറ്റിയാണ് പരിഗണിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട പദ്ധതികൾ മൾട്ടി സെക്ടറൽ ടീം ശുപാർശചെയ്തതിൽ ഉൾപ്പെടുന്നില്ല. ഇതുപ്രകാരം ഒരുമാസത്തിനുള്ളിൽ കേരളം അപേക്ഷ നൽകണം. ഇത് പരിഗണിക്കുമ്പോൾ കേരളത്തിന് രണ്ടാം ഘട്ടമായിട്ടാണെങ്കിലും സഹായം ലഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
മൾട്ടി സെക്ടറൽ ടീം ശുപാർശപ്രകാരം 260 കോടി ഉടൻ ലഭിച്ചേക്കും. ഇതിനുപുറമേ ദുരന്തലഘൂകരണ പദ്ധതിയിൽ 200 കോടിയിലേറെ ലഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കേരളം ആവശ്യപ്പെട്ട 2221 കോടിയെ അപേക്ഷിച്ച് ഈ തുകയും തികച്ചും അപര്യാപ്‌തമാണ്. എൻഡിഎംഎ: രണ്ട് അംഗങ്ങൾകൂടി
: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നാഷണ ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി(എൻഡിഎംഎ)യിലേക്ക് രണ്ട് അംഗങ്ങളെകൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശം ചെയ്തു. നിലവിലുള്ള മൂന്ന് അംഗങ്ങളെ മൂന്നുവർഷത്തേക്ക് വീണ്ടും നാമനിർദേശം ചെയ്തു. ശാസ്ത്രകാരനായ ദിനേഷ് കുമാർ അസ്വാൾ, ഡിസാസ്റ്റർ റിക്കവറി സ്പെഷ്യലിസ്റ്റ് റിതാ മിസ്സാൽ എന്നിവരാണ് പുതിയ അംഗങ്ങൾ. നിലവിലെ അംഗങ്ങളായ രാജേന്ദ്ര സിങ്, കൃഷ്ണ സ്വരൂപ് വത്സ, റിട്ട. ലഫ്. ജനറൽ സയദ് ഹനൈയ്ൻ എന്നിവരെയാണ് വീണ്ടും നാമനിർദേശം ചെയ്തത്. പ്രധാനമന്ത്രിയാണ് അതോറിറ്റിയുടെ ചെയർമാൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group